കെ.സി.എക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശിതരൂര്‍
DSport
കെ.സി.എക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശിതരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2013, 2:39 pm

[]കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്ത്. കേരളാ ക്രിക്കറ്റിന് തന്നെ അപമാനമാണ് കെ.സി.എ എന്ന് തരൂര്‍ പറഞ്ഞു.

കൊച്ചിയില്‍ നടക്കുന്ന ദുലീപ് ട്രോഫി ഫൈനലിന്റെ നാലാം ദിവസവും കളി നിര്‍ത്തി വെയ്‌ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് തരൂര്‍ കെ.സി.എക്കെതിരെ തിരിഞ്ഞത്. മഴ മൂലം ഫീല്‍ഡില്‍ നനവ് നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായ നാലാം ദിവസവും കളി മുടങ്ങിയത്.

ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകള്‍ മൂലമാണ് കൊച്ചിയില്‍ കളി പുനരാംരഭിക്കാനാവാത്തത്. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനത്തിനായി മുടക്കിയ കോടികള്‍ എവിടെപോയി.

എട്ട കോടി രൂപ മുടക്കിയാണ് ഗ്രൗണ്ടിലെ ഡ്രെയിനേജ് സംവിധാനം നന്നാക്കിയെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. എന്നിട്ടും പ്രധാനപ്പെട്ട രണ്ട് മത്സരങ്ങളാണ് അപാകതകള്‍ മുലം നഷ്ടമായത്.

ഇതില്‍ നിന്ന് ആരാണ് മെച്ചമുണ്ടാക്കിയതെന്നും ശശി തരൂര്‍ ചോദിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തരൂര്‍ കെ.സി.എക്കെതിരെ ആഞ്ഞടിച്ചത്.

അതേസമയം ശശി തരൂരിന്റേത് അപക്വ പ്രസ്താവനയാണെന്ന് കെ.സി.എ കെ.സി.എ സെക്രട്ടറി ടി.സി.മാത്യു പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് തരൂര്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. കെ.സി.എയില്‍ അംഗത്വം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ നിരാശയാണ് തരൂരിന്.

ഡ്രെയിനേജ് സംവിധാനം നന്നാക്കുന്നതിനായി എട്ട കോടി ലഭിച്ചിട്ടില്ലെന്നും ടി.സി.മാത്യു പറഞ്ഞു. ഡ്രൈനേജ് സംവിധാനം പരിഷ്‌കരിക്കുന്നതായി ഒരു കോടി രൂപ മാത്രമാണ് ചിലവാക്കിയത്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ല. സ്വന്തം നിലയില്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാനാണ് കെ.സി.എ ശ്രമിക്കുന്നത്. ഇതിനും പാരവെക്കുന്ന ചിലരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും മാത്യു പ്രതികരിച്ചു.