| Friday, 9th April 2021, 4:10 pm

ഹിന്ദുത്വ വിഷം ചീറ്റുകയല്ല വേണ്ടത്, ഈ കുട്ടികളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം; ജാനകിയ്ക്കും നവീനും തരൂരിന്റെ അഭിനന്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:വൈറലായ ഡാന്‍സ് വീഡിയോ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി രാംകുമാറിനും നവീന്‍ കെ. റസാഖിനും അഭിനന്ദനമറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍.

ജാനകിയും നവീനും വ്യത്യസ്ത മതത്തില്‍പ്പെട്ടതായതുകൊണ്ട് അവര്‍ക്ക് നേരെ ഹിന്ദുത്വ വിഷം ചീറ്റുകയല്ല വേണ്ടത് പകരം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും തരൂര്‍ പറഞ്ഞു. ഇരുവരും മികച്ച പ്രതിഭകളാണെന്നും ഒരുദിവസം അവര്‍ അനുഭാവമുള്ള ഡോക്ടര്‍മാരാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

റാസ്പുട്ടിന്‍ എന്ന ഗാനത്തിന് നവീനും ജാനകിയും ചേര്‍ന്ന് ചെയ്ത 30 സെക്കന്റുള്ള ഡാന്‍സ് വീഡിയോ കഴിഞ്ഞ ആഴ്ചയായിരുന്നു വൈറലായത്. നിരവധി പേരാണ് ഇരുവരുടെയും ചുവടുകളെ അനുമോദിച്ച് രംഗത്തെത്തിയത്. പക്ഷെ ഇതിന് പിന്നാലെ നവീനിന്റെയും ജാനകിയുടെയും മതം പറഞ്ഞുകൊണ്ട് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍ വിദ്വേഷ ക്യാംപെയ്ന്‍ ആരംഭിക്കുകയായിരുന്നു.

ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.

ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിടുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്.

എന്നാല്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങളെ വകവെയ്ക്കുന്നില്ലെന്ന് തെളിയിച്ചുകൊണ്ട് പുതിയ ഡാന്‍സ് പെര്‍ഫോര്‍മന്‍സുമായി ഇരുവരും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് ഇരുവരുടെയും പുതിയ പെര്‍ഫോമന്‍സ്. മോഹന്‍ലാല്‍ ചിത്രം ആറാം തമ്പുരാനിലെ പാട്ടിന്റെ റീമിക്‌സ് വേര്‍ഷന് ചുവടുവെച്ച് രണ്ടുപേരും വീണ്ടും കൈയ്യടി നേടുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Tharoor congratulates Janaki and Naveen

We use cookies to give you the best possible experience. Learn more