| Thursday, 26th October 2023, 5:46 pm

ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം ഡോ. ശശി തരൂര്‍ എം.പി. ഇസ്രഈലില്‍ ആക്രമണം നടത്തിയത് ഭീകരവാദികളാണെന്നാണ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ഡോ. ശശി തരൂര്‍ പറഞ്ഞത്. രണ്ട് ഭാഗത്ത് നിന്നും ഭീകരവാദി ആക്രമണം ഉണ്ടായെന്നും ഇസ്രഈലിന്റെ പ്രതികരണം അതിരു കടന്നെന്നും അദ്ദേഹം പറഞ്ഞു.

ഗസയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സിവിലിയന്‍മാര്‍ മരിച്ചു വീഴുന്നത് എല്ലാ യുദ്ധ നിയമങ്ങളുടെയും ലംഘനമാണെന്നും പറഞ്ഞ തരൂര്‍ മുസ്‌ലിം ലീഗ് ഈ റാലി സംഘടിപ്പിച്ചത് കൊണ്ട് ഇതൊരു മുസ്‌ലിം പ്രശ്‌നമായി കാണരുതെന്നും പറഞ്ഞു.

ഗസയിലെ ഏക്യരാഷ്ടസഭയിലെ ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് അവര്‍ക്ക് ആവശ്യമുള്ളതിലും എത്രയോ താഴെ മാത്രം സഹായ ട്രക്കുകളാണ് എത്തിയത് എന്നാണ്. 15 വര്‍ഷത്തിലുണ്ടാകാത്ത മരണങ്ങളാണ് ഈ യുദ്ധം തുടങ്ങിയതിന് ശേഷം മാത്രം ഗസയില്‍ ഉണ്ടായിരിക്കുന്നത്. ഫലസ്തീന്‍ ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ഒരു അധിനിവേശ പ്രദേശമാണ്. ഇസ്രഈലില്‍ 1400 പേര്‍ മരിച്ചപ്പോള്‍ ഫലസ്തീനില്‍ ആറായിരത്തിലധികം ആളുകള്‍ മരിച്ചു,’ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ശശരി തരൂര്‍ പറഞ്ഞു.

നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പരിപാടി ലോകത്തിലെ ഏറ്റവും വലിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്നാണ് മുസ്‌ലിം ലീഗ് വിശേഷിപ്പിക്കുന്നത്. നേരത്തെ ഇസ്രഈല്‍ അനുകൂല നിലപാടുകളെടുത്ത ശശി തരൂരിനെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിനെതിരെയും വലിയ വിമര്‍ശനങ്ങളുയരുന്നുണ്ട്.

content highlights: Tharoor called Hamas terrorists at League’s Palestine solidarity rally

We use cookies to give you the best possible experience. Learn more