ലോക്കപ്പ് ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്ന് മുഖ്യമന്ത്രി; താനൂര്‍ കസ്റ്റഡി മരണം നിയമസഭയില്‍
Kerala News
ലോക്കപ്പ് ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്ന് മുഖ്യമന്ത്രി; താനൂര്‍ കസ്റ്റഡി മരണം നിയമസഭയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th August 2023, 11:36 am

തിരുവനന്തപുരം: താനൂരില്‍ ലഹരി കേസില്‍ പിടികൂടിയ യുവാവ് താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം നിയമസഭയില്‍. ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

താനൂരില്‍ നടന്നത് കസ്റ്റഡി കൊലപാതകമാണെന്നും മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ തയാറാക്കിയ തിരക്കഥയാണ് അവിടെ നടന്നതെന്നും എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. 4.25ന് മരിച്ചയാളെ 7.03ന് പ്രതിയാക്കി എഫ്.ഐ.ആറിട്ടു. താമിര്‍ നേരിട്ടത് ക്രൂരമായ മര്‍ദനമെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണ വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രമേയത്തിന് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

‘അന്വേഷണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കും. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. ജില്ലാ പൊലീസ് മേധാവിയെക്കുറിച്ചുള്ള പരാതി പരിശോധിക്കും. ലോക്കപ്പ് ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ല. പൊലീസിന് അതിന് അധികാരവുമില്ല,’ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനമായിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് സി.ബി.ഐ.ക്ക് കൈമാറാവുന്നതാണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വഴ്ച പുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചത്. സംഭവത്തില്‍ എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. താമിറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.


Content Highlight: Thanur custodial death in assembly