മലപ്പുറം: താനൂര്‍ തീരദേശമേഖലയില്‍ കഴിഞ്ഞമാസമുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് പൊലീസും അക്രമികളെ പോലെ അഴിഞ്ഞാടുകയായിരുന്നെന്നും നാശനഷ്ടം വരുത്തിയെന്നുമാണ് ന്യുനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഘര്‍ഷവുമായി ബന്ധമില്ലാത്തവരുടെ വീടുകള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരകളായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും റിട്ട. ജഡ്ജിയുമായ പി.കെ ഹനീഫയും അഡ്വ. ബിന്ദു എം തോമസും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്ന്് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം 12ന് രാത്രിയായിരുന്നു താനൂരിലെ തീരദേശമേഖലയായ കോര്‍മന്‍ കടപ്പുറം, ചാപ്പപ്പടി, ആല്‍ബസാര്‍ എന്നിവിടങ്ങളില്‍ മുസ്‌ലിംലീഗ്-സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് നിരവധി വീടുകളും, വാഹനങ്ങളും, മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.
പൊലീസിന്റെ ഭാഗത്ത് നിന്ന് ന്യൂനപക്ഷത്തിനെതിരെ അക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊലീസ് എത്തിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ വ്യാപിക്കുന്നത് തടയാനായെങ്കിലും ചിലയിടങ്ങളില്‍ ഇവര്‍ തന്നെ അക്രമികളെ പോലെ പെരുമാറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
താനൂര്‍, ഊട്ടുപുറം, അഴിമുഖം റോഡിന് ഇരുവശത്തും താമസിക്കുന്ന ഇരുപതോളം വീടുകളിലേക്ക് എ.ആര്‍ ക്യാംപില്‍ നിന്നുളള പൊലീസുകാര്‍ അതിക്രമിച്ചുകയറി നാശനഷ്ടമുണ്ടാക്കിയെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇവിടെയുളള നിരപരാധികളായ കുടുംബങ്ങള്‍ക്ക് പൊലീസുകാരുടെ നടപടി മൂലമുണ്ടായ മുഴുവന്‍ നാശനഷ്ടത്തിനും നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും നഷ്ടം കണക്കാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
നിര്‍ധനരുടെയും നിരപരാധികളുടെയും വീടുകളാണ് കൂടുതല്‍ ആക്രമിക്കപ്പെട്ടതെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉന്നത പൊലീസുദ്യോഗസ്ഥന്റെ കീഴില്‍ സമര്‍ഥരായ പൊലീസുകാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും റിമാന്‍ഡില്‍ കഴിയുന്നവര്‍ നിരപരാധികളാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.