| Wednesday, 10th May 2023, 8:00 am

താനൂര്‍ ബോട്ടപകടം; ഡ്രൈവര്‍ ദിനേശന്‍ അറസ്റ്റില്‍; സഞ്ചരിച്ചത് 37 പേരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ അറസ്റ്റില്‍. താനൂരില്‍ വെച്ചാണ് പൊലീസ് ദിനേശനെ പിടികൂടിയത്. അപകടം ഉണ്ടാകുന്ന സമയത്ത് ബോട്ടില്‍ 37 പേര്‍ യാത്ര ചെയ്തിരുന്നുവെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.

പ്രതിയായ ദിനേശന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബോട്ടിന്റെ ഡക്കില്‍ ആളുകളെ കയറ്റിയെന്നും ഒരു കാരണവശാലും ഡക്കില്‍ ആളുകളെ കയറ്റരുതായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ ഡക്കിലേക്ക് കയറാനുള്ള സ്റ്റെപ്പുകള്‍ വരെ വെച്ചാണ് യാത്ര നടത്തിയത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് യാത്ര നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ ബോട്ടില്‍ 40-50 പേര്‍ യാത്ര ചെയ്തുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ തിരച്ചിലും നടത്തിയിരുന്നു.

കുട്ടികളടക്കം 22 പേരാണ് താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരണപ്പെട്ടത്.

നിലവില്‍ ബോട്ടുടമ നാസര്‍ അടക്കം അഞ്ച് പേര്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന്‍ സലാം, മറ്റൊരു സഹോദരന്റെ മകന്‍ വാഹിദ്, സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഹൈക്കോടതി നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ടാണ് താനൂര്‍ തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു

content highlight: Thanoor boat accident; driver arrested

We use cookies to give you the best possible experience. Learn more