‘തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ’ കൗണ്ടര്‍ ഡയലോഗുകള്‍ കൊണ്ട് ചിരിപ്പൂരം തീര്‍ത്ത തലയില്‍ മൊത്തം ബുദ്ധിയുള്ള റിച്ച് അച്ഛനുള്ള പയ്യനെ ആരും അത്ര പെട്ടെന്ന് മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജയില്‍ ഒറ്റഫ്രാമില്‍ വന്നുപോയ നസ്‌ലന്‍ കെ ഗഫൂര്‍ പക്ഷേ തണ്ണീര്‍ മത്തനില്‍ പ്രേക്ഷകരുടെ കയ്യടി നേടി.
കൗണ്ടര്‍ ഡയലോഗുകളിലൂടെയും ആംഗ്യഭാഷയിലൂടെയും ചിരി നിറച്ച പയ്യന്‍ റിയല്‍ ലൈഫില്‍ ബി.ടെക്കുകാരനാണ്. എന്‍ജിനീയറിംഗ് തലയില്‍ കയറാത്തത് കൊണ്ട് രണ്ടു വര്‍ഷത്തിനു ശേഷം പഠനം നിര്‍ത്തി. ഇപ്പോള്‍ ഡിഗ്രിക്കു ചേരാനുള്ള തയ്യാറെടുപ്പിലാണ് നസ്‌ലന്‍.
‘സിനിമയില്‍ പറയുന്നതു പോലെ ബുദ്ധി ഒരു മെയിന്‍ സംഭവം അല്ല. ഞാനൊരു ആവറേജ് വിദ്യാര്‍ഥി ആണ്’- മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നസ്‌ലന് പറയുന്നു.
മമ്മൂട്ടിയുടെ കട്ട ഫാനാണ് നസ്‌ലിന്. ‘മമ്മൂട്ടിയെ ഒന്നു കാണണം എന്ന അതിയായ ആഗ്രഹത്തിന്റെ പുറത്താണ് മധുരരാജയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയത്. 600 പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. പക്ഷേ, മമ്മൂക്കയെ കണ്ടു, ആഗ്രഹം സാധിച്ചു’ നസ്‌ലന് പറയുന്നു.
‘തണ്ണീര്‍ മത്തന്റെ കഥ കേട്ടപ്പോള്‍ കൊള്ളാലോ ഇങ്ങനൊക്കെ ഞാനും ചെയ്തിട്ടുണ്ടല്ലോ, എന്റെ കഥയാണല്ലോ എന്നാണ് തോന്നിയത്. ഞാനും ക്ലാസ് കട്ട് ചെയ്തിട്ടുണ്ട്. ഇന്റര്‍വെല്ലിന് പുറത്ത് പെട്ടിക്കടയിലൊക്കെ പോയിട്ടുണ്ട്. ചെറിയ സസ്‌പെന്‍ഷനൊക്കെ കിട്ടിയിട്ടുണ്ട്’- നസ്‌ലന് കൂട്ടിച്ചേര്‍ത്തു.
പ്ലസ് ടു വിദ്യാര്‍ഥികളുടെ സ്‌ക്കൂള്‍ ജീവിതവും പ്രണയവും പറഞ്ഞ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ കുമ്പളങ്ങി ഫെയിം മാത്യൂ തോമസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യൂവിന്റെ ജൈസണ്‍ എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായാണ് നസ്ലന്‍ ചിത്രത്തില്‍ വരുന്നത്.
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.