| Wednesday, 11th November 2020, 8:24 pm

വോട്ടര്‍മാര്‍ക്ക് നന്ദി; ബീഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

വികസനത്തിനാണ് ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്തതെന്നും കുടുംബാധിപത്യം ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തെലങ്കാനയിലും ബി.ജെ.പി വലിയ വിജയം നേടി. രാജ്യത്തെ എല്ലായിടത്തും സാന്നിധ്യം ഉള്ള പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘നമ്മള്‍ ഏറെക്കുറെ മറന്ന ഒരു കാര്യമുണ്ട്. നേരത്തെ, പോളിംഗ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ്, റീപോളിംഗ്, ബൂത്ത് ക്യാപ്ചര്‍ എന്നിവയുടെ വാര്‍ത്തകള്‍ ലഭിക്കാറുണ്ടായിരുന്നു. സ്ത്രീ വോട്ടര്‍മാരായ വോട്ടുകളുടെ ശതമാനം വര്‍ദ്ധിച്ച വാര്‍ത്ത മാത്രമാണ് ഇന്ന് നാം വായിക്കുന്നത്’ എന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ജെ.ഡി.യു നേതാവായ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ക്ഷണിച്ചിരുന്നു. ഇന്ന് രാവിലെയാണ് നിതീഷ് കുമാറിനെ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് രംഗത്തെത്തിയത്.

ബി.ജെ.പി പ്രത്യയശാസ്ത്രം താങ്കള്‍ ഉപേക്ഷിക്കണമെന്നും തേജസ്വിയ്ക്കൊപ്പം നില്‍ക്കണമെന്നുമാണ് ദിഗ്വിജയ് സിങ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

‘ബി.ജെ.പി ‘അമര്‍ബെല്‍ മരം’ പോലെ മറ്റു പാര്‍ട്ടികളെ ഊറ്റിക്കുടിച്ച് വളരുന്ന പാര്‍ട്ടിയാണ്. ലാലു ജി നിങ്ങളുമായി യുദ്ധത്തിലായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം ജയിലിലും പോയി. നിങ്ങള്‍ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു വന്നു തേജസ്വിയ്ക്ക് ആശിര്‍വാദം നല്‍കണം. അമര്‍ബെല്‍ മരം പോലെ ബീഹാറില്‍ ബി.ജെ.പിയെ വളര്‍ത്താതിരിക്കൂ’, എന്നായിരുന്നു ദിഗ്വിജയ് സിങ് പറഞ്ഞത്.

ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാലും ബി.ജെ.പിയില്‍ കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റിലാണ് വിജയിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു.മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Thanks to the voters; In Bihar, Nitish Kumar himself is the Chief Minister again, says the Prime Minister Modi

We use cookies to give you the best possible experience. Learn more