മലയാളികളുടെ ഫുട്‌ബോള്‍ ആവേശത്തിന് കരുത്ത് പകര്‍ന്ന് മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള അഞ്ചാം റൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ അത് കേരളത്തിലെ ഫുട്‌ബോള്‍ മേഖലക്കുണ്ടാക്കിയ ഉണര്‍വിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണലും പ്രമുഖ പരിശീലകനായ എന്‍.എം. നജീബ്. 1960 മുതല്‍ 1990 കള്‍ വരെ നീണ്ട കേരള ഫുട്‌ബോളിലെ സുവര്‍ണ്ണ കാലഘട്ടത്തെ കുറിച്ചും ഒപ്പം പുതുതായി തുടങ്ങിയ മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
‘കണ്ണൂര്‍ ശ്രീനാരായണ, കോഴിക്കോട് നാഗ്ജി, തൃശൂര്‍ ചാക്കോള, എറണാകുളം കെ.എഫ്.എ ഷീല്‍ഡ്, കൊല്ലം മുന്‍സിപ്പല്‍ ഫുട്‌ബോള്‍, തിരുവനന്തപുരം ജി.വി. രാജ തുടങ്ങി ഒട്ടനവധി ടൂര്‍ണമെന്റുകള്‍ ഇവിടെ നടന്നിരുന്നു. ഗ്യാലറി നിറയെ കാണികള്‍, മലയാളി താരങ്ങള്‍ക്കായി കൊല്‍ക്കത്ത, മുംബൈ, ഗോവ ക്ലബുകള്‍ പണമെറിയുന്നു, ഇന്ത്യയിലെ പ്രമുഖ ടീമുകള്‍ എല്ലാം ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ കേരളത്തില്‍ തമ്പടിച്ച കാലം,’ നജീബ് പറഞ്ഞുതുടങ്ങി.
മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ കാണുമ്പോള്‍ ആ കാലത്തേക്ക് തിരിച്ചെത്തിയ പോലെ തോന്നുന്നുവെന്ന് നജീബ് പറയുന്നു. 1971 ല്‍ കോഴിക്കോട്ടുകാരന്‍ ഒളിമ്പ്യന്‍ റഹ്മാന്‍ തുടക്കമിട്ട കളമശ്ശേരി പ്രീമിയര്‍ ടയേഴ്സ് ടീമിലൂടെയാണ് നജീബ് കളി തുടങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രം സൃഷ്ടിച്ച ആ ടീമില്‍ വിക്ടര്‍ മഞ്ഞിലയും സേതുമാധവനുമായിരുന്നു ഗോള്‍കീപ്പര്‍മാര്‍.
ഡിഫന്‍സില്‍ തമ്പി, പി.പി പ്രസന്നന്‍, മിത്രന്‍, പി. പൗലോസ്, ഹംസ, സി.സി ജേക്കബ്, പ്രേംനാഥ് ഫിലിപ്പ് തുടങ്ങിയവര്‍.ഫാഫ് ബാക്കുകളായി ടി.എ ജാഫര്‍, ഗുണശേഖരന്‍, മൊയ്തീന്‍, കെ.പി വില്യംസ്, രാമകൃഷ്ണന്‍, മജീദ്, മൈക്കിള്‍ എന്നിവരും. മുന്നേറ്റത്തില്‍ സി.ഡി ഫ്രാന്‍സിസ്, ബ്ലാസി ജോര്‍ജ്, സേവ്യര്‍ പയസ്, എന്‍.എം നജീബ്, ദിനകര്‍, ജഗദീഷ്, ഡോ. ബഷീര്‍ എന്നിവരും പല കാലങ്ങളില്‍ കളിച്ചു. അവര്‍ ഒട്ടനവധി വിജയങ്ങള്‍ കൊണ്ടുവന്നു.
പ്രീമിയര്‍ വിട്ട ശേഷം, കൊല്‍ക്കത്ത ഫുട്‌ബോളില്‍ നജീബ് നിറഞ്ഞാടി. ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ ടീമുകള്‍ക്ക്. പിന്നീട് ടൈറ്റാനിയം നിരയിലും കളിച്ചു. ഇന്ത്യന്‍ ടീമിലും ബൂട്ടണിഞ്ഞു. പിന്നീട് എസ്.ബി.ടി ടീമിന്റെ പരിശീലകനായ നജീബ് അവരെ ഇന്ത്യയിലെ മുന്‍നിര ടീമാക്കി വളര്‍ത്തി. നിരവധി ഇന്റര്‍നാഷണല്‍ താരങ്ങളെ ആ ക്ലബിലൂടെ ഉയര്‍ത്തി. ഇപ്പോഴും ഗ്രാസ്‌റൂട്ട് തലത്തില്‍ കളിക്കാരെ വളര്‍ത്തിയെടുക്കുന്നു ഈ കോഴിക്കോട് സ്വദേശി.
സൂപ്പര്‍ ലീഗ് കേരളയെ കുറിച്ച് ചോദിക്കുമ്പോള്‍ നജീബ് പറയുന്നത് ഇങ്ങനെയാണ് ‘കേരള ഫുട്‌ബോള്‍ അനക്കമില്ലാതെ നില്‍ക്കുന്ന സമയത്താണ് മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള തുടങ്ങുന്നത്. വലിയ നിലയില്‍ ഫണ്ടിറക്കി ഇതിനായി മുന്‍കൈ എടുത്തവരെ അഭിനന്ദിക്കുന്നു. ഇത്രയും മികച്ച സംഘാടക മികവ് പ്രതീക്ഷിച്ചതല്ല. കളിക്കാന്‍ അവസരം ഇല്ലാതിരുന്ന യുവതാരങ്ങള്‍ക്ക് പുതിയ വാതിലുകള്‍ തുറന്നുകിട്ടുന്നു.
ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ഉണര്‍വ് കാണുന്നു. കാണികള്‍ ഗ്യാലറിയില്‍ എത്തുന്നു. മികച്ച ശമ്പളത്തോടെ കളിക്കാര്‍ക്ക് അവസരം ലഭിക്കുന്നു. ആദ്യ സീസണിലെ കുറവുകള്‍ തീര്‍ത്ത് അടുത്ത സീസണ്‍ കൂടുതല്‍ മനോഹരമാകട്ടെ.
കൂടാതെ ആറ് ടീമുകള്‍ എന്നത് അടുത്ത സീസണില്‍ ഒന്‍പത് എങ്കിലും ആക്കാന്‍ നിലവിലെ ആരാധകരുടെ ആവേശം സംഘാടകര്‍ക്ക് പ്രചോദനമാകണം. കാസര്‍ഗോഡ്, പാലക്കാട്, കൊല്ലം ഫ്രഞ്ചസികളും അടുത്ത വര്‍ഷം ഉണ്ടാവും എന്നാണ് പ്രതീക്ഷ ‘. നജീബ് സ്വപ്‌നങ്ങള്‍ പങ്കുവെച്ചു.
content highlights: Thanks to Super League Kerala for bringing back the golden era of Kerala football