കേരളത്തോടും പാണക്കാട് കുടുംബത്തിനോടും നന്ദി; കൊടപ്പനക്കല്‍ തറവാട്ടില്‍ നേരിട്ടെത്തി നന്ദിയറിയിച്ച് തമിഴ് സിനിമ ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത്
മലപ്പുറം: കൊടപ്പനക്കല്‍ തറവാട്ടില്‍ നേരിട്ടെത്തി നന്ദിയറിയിച്ച് തമിഴ് സിനിമയായ ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത് നബീല്‍ അഹമ്മദ്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളേയും പിതാവും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളേയും പ്രതിപാദിക്കുന്ന സിനിമയായ ബ്ലഡ് മണിയുടെ റിലീസിന് പിന്നാലെയാണ് നബീല്‍ കേരളത്തില്‍ എത്തിയത്.
മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനോടൊപ്പം തന്നെ കേരളത്തോടുള്ള ആദര സൂചകമാണ് തന്റെ ചിത്രമെന്ന് നബീല്‍ അഹമ്മദ് പറഞ്ഞു. കേരളത്തോടും പാണക്കാട് കുടുംബത്തോടുമുള്ള നന്ദി പറയലാണ് സിനിമയിലൂടെ ചെയ്തതെന്നും തങ്ങള്‍ കുടുംബത്തെ കാണാനായതില്‍ സന്തോഷമുണ്ടെന്നും നബീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സീ5 പ്ലാറ്റ്‌ഫോമിലൂടെ ബ്ലഡ് മണി എന്ന ചിത്രം റിലീസ് ചെയ്തത്. കുവൈത്ത് ജയിലില്‍ വധശിക്ഷ കാത്ത് കിടന്നിരുന്ന തമിഴ്നാട് സ്വദേശിയെ നഷ്ടപരിഹാരം നല്‍കി രക്ഷിക്കുന്നതും അതിനായി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ ഒരു രംഗത്തില്‍ മുനവ്വറലി തങ്ങളേയും ശിഹാബ് തങ്ങളേയും പരാമര്‍ശിക്കുന്ന ഒരു രംഗവുമുണ്ട്.
കുവെെത്ത് ജയിലില്‍ പെരിന്തല്‍മണ്ണക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ അര്‍ജുനന്‍ അത്തിമുത്തു എന്ന തമിഴ്നാട് സ്വദേശിയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. അത്തിമുത്തുവിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് കൊടുത്തതിനാലാണ്.
ഇതിനോടൊപ്പം 30 ലക്ഷം രൂപയും അത്തിമുത്തുവിന്റെ കുടുംബം നല്‍കണമായിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം രൂപ മാത്രമായിരുന്നു അത്തിമുത്തുവിന്റെ ഭാര്യ മാലതിയ്ക്ക് സംഘടിപ്പിക്കാനായിരുന്നത്. ഇതോടെയാണ് മാലതി സഹായമഭ്യര്‍ത്ഥിച്ച് പാണക്കാട്ടേക്കെത്തുന്നത്.
സഹായിക്കാമെന്നേറ്റ മുനവ്വറലി ശിഹാബ് തങ്ങള്‍ ഇടപെട്ടാണ് 25 ലക്ഷം രൂപ സമാഹരിച്ചത്. മുനവ്വറലിയുടെ വീട്ടിലെത്തിയാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തുക കൈമാറിയത്.
അന്ന് മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്തയാക്കിയിരുന്നു. സിനിമയിലും ഈ രംഗങ്ങളെല്ലാം ചേര്‍ത്തിട്ടുണ്ട്. അത്തിമുത്തുവിന്റെ കുടുംബത്തിന്റെ നിസഹായാവസ്ഥ പുറത്തെത്തിച്ച മാധ്യമപ്രവര്‍ത്തകയുടെ വേഷം ചെയ്യുന്ന പ്രിയ ഭവാനി ശങ്കര്‍ ഒരു ഓഫീസിലേക്കെത്തുകയും ഇക്കാര്യം അന്വേഷിക്കുകയും ചെയ്യുന്നതാണ് രംഗം.
2017 ലായിരുന്നു മാലതിയ്ക്കും കുടുംബത്തിനും മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ പണം സമാഹരിച്ച് കൊടുത്തത്. ഇതിന് പിന്നാലെ അത്തിമുത്തു ജയില്‍ മോചിതനാകുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Thanks to Kerala and the Panakkad family; Tamil film Blood Money Script writer Visit Kodappanakkal Family and Muslim league Leaders