Entertainment news
അണ്ണാത്തെയ്ക്ക് നന്ദി; സംവിധായകന്‍ ശിവയ്ക്ക് സ്വര്‍ണമാല സമ്മാനിച്ച് രജനികാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 09, 06:06 pm
Thursday, 9th December 2021, 11:36 pm

ചെന്നൈ: രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് അണ്ണാത്തെ. ഫാമിലി ആക്ഷന്‍ ഡ്രാമയായി ഇറങ്ങിയ ചിത്രത്തിന് സമിശ്ര അഭിപ്രായമായിരുന്നെങ്കിലും ചിത്രത്തിന്‍ വലിയ കളക്ഷന്‍ നേടിയിരുന്നു.

നവംബര്‍ നാലിന് ദീപാവലി റിലീസായി പുറത്തിറങ്ങിയ ചിത്രം സിരുത്തെ ശിവയായിരുന്നു സംവിധാനം ചെയ്തത്. ചിത്രം വിജയമാണോ പരാജയമാണോ എന്നതില്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം നടക്കുകയാണ്.

ഇപ്പോഴിതാ ചിത്രം സംവിധാനം ചെയ്ത സിരുത്തെ ശിവയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്. ശിവയുടെ വീട്ടിലെത്തി സ്വര്‍ണ്ണ ചെയിന്‍ ആണ് താരം സമ്മാനിച്ചത്.

താരം സംവിധായകന്റെ വീട്ടില്‍ മൂന്ന് മണിക്കൂറിലധികം ചെലവഴിച്ചുവെന്നും ‘അണ്ണാത്തെ’ എന്ന സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

രജനികാന്തിനൊപ്പം നയന്‍താര, സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.

ഡി. ഇമ്മന്‍ ആയിരുന്നു സംഗീതം. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.