| Friday, 2nd December 2022, 10:53 pm

മികച്ച ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദി; ഖത്തറിനെ പ്രശംസിച്ച് ഓസിൽ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൻറെ സംഘാടനത്തെ പ്രശംസിച്ച് മുൻ ജർമൻ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ. മികച്ച ആതിഥേയത്വത്തിനും സംഘാടനത്തിനും ഖത്തറിനോട് നന്ദി പറയുകയാണ് മുൻ ലോകകപ്പ് ജേതാവ് കൂടിയായ ഓസിൽ.

സോഷ്യൽ മീഡിയയിലൂടെ മുൻ താരം ആതിഥേയർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെക്കുകയായിരുന്നു. ഖത്തർ സ്റ്റേഡിയത്തിൽ നിന്നുള്ള തന്റെ ചിത്രവും ഓസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

‘ലോകകപ്പ് 2022ന് ഖത്തറിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ മികച്ച ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദി. തുടർന്ന് നടത്താനിരിക്കുന്ന ടൂർണമെന്റുകൾക്ക് ആശംസകൾ നേരുന്നു, ഇൻഷാ അല്ലാ​ഹ്,’ ഓസിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ജർമനി-സ്‌പെയിൻ പോരാട്ടത്തിനിടെ ഓസിലിൻറെ ചിത്രം ഉയർത്തിപ്പിടിച്ച് ചിലർ ​ഗ്യാലറിയിലിരുന്ന് ‌പ്രതിഷേധിച്ചിരുന്നു. ഫിഫ ‘വൺ ലവ്’ ആംബാൻഡ് വിലക്കിയതിനെതിരെ ജർമനി തങ്ങളുടെ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണിത്. ജപ്പാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പ്രീമാച്ച് ഫോട്ടോ ഷൂട്ടിൽ വാ പൊത്തിപ്പിടിച്ചാണ് ജർമൻ താരങ്ങൾ പോസ് ചെയ്തിരുന്നത്.

ജർമനിയുടെ ഈ പ്രതിഷേധം ഇരട്ടത്താപ്പാണെന്ന് ആരോപിച്ചുക്കൊണ്ടായിരുന്നു ഓസിലിൻറെ ചിത്രവുമായി ചിലർ ഗ്യാലറിയിലെത്തി പ്രതിഷേധിച്ചത്. ജർമൻ ഫുട്ബോൾ അസോസിയേഷനും ആരാധകർക്കുമിടയിൽ നിലനിന്നിരുന്ന വംശീയതയെ വിമർശിച്ചുക്കൊണ്ടാണ് 2018ൽ ഓസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്.

റഷ്യൻ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തോറ്റ് ജർമനി പുറത്തായതിന് പിന്നാലെ ഉയർന്ന വംശീയാധിക്ഷേപങ്ങളെ തുടർന്നായിരുന്നു തുർക്കി വംശജനായ മെസ്യൂട്ട് ഓസിലിൻറെ അപ്രതീക്ഷിത വിരമിക്കൽ.

തുർക്കി പ്രസിഡൻറ് തയിബ് എർദോഗനൊപ്പം ചിത്രമെടുത്തതിൻറെ പേരിൽ തുടങ്ങിയ വംശീയാധിക്ഷേപമാണ് ഓസിലിനെ വിരമിക്കലിൽ കൊണ്ടെത്തിച്ചത്.

എർദോഗനൊപ്പം ഓസിൽ ചിത്രമെടുത്തതിനെതിരെ ജർമനിയിൽ പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമായിരുന്നു. അതോടെ ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യവും വ്യാപകമായി.

താരത്തെ ജർമൻ ഫുട്ബോൾ‌ ആരാധകർ കളിയാക്കുകയും കൂകിവിളിക്കുകയും ചെയ്യുമായിരുന്നു. ടീം ജയിക്കുമ്പോൾ ജർമൻകാരനായും തോൽക്കുമ്പോൾ കുടിയേറ്റക്കാരനുമായാണ് ആളുകൾ തന്നെ കാണുന്നതെന്ന് ഓസിൽ തുറന്നടിച്ചിരുന്നു.

താൻ ജർമൻ ടീമിന് ആശംസകൾ നേരുന്നുവെന്നും എന്നാൽ ഇനിയൊരിക്കലും ജർമനിക്ക് വേണ്ടി കളിക്കില്ലെന്നുമാണ് അദ്ദേഹം വിരമിക്കുമ്പോൾ പറഞ്ഞിരുന്നത്.

2014ൽ ജർമനി ലോകകപ്പ് ഉയർത്തുമ്പോൾ ഓസിൽ ടീമിന്റെ ഭാ​ഗമായിരുന്നു. 92 കളിയിൽ 23 ​ഗോളുകൾ ഓസിൽ ജർമനിക്കായി നേടിയിട്ടുണ്ട്.

അതേസമയം ​തുടർച്ചയായ രണ്ടാം തവണയാണ് ജർമനി പ്രീക്വാർട്ടർ കാണാതെ ലോകകപ്പിൽ നിന്ന് പുറത്താകുന്നത്.

Content Highlights: Thanks for the great hospitality & the perfect organization, says, Mesut Ozil

We use cookies to give you the best possible experience. Learn more