| Friday, 24th March 2017, 10:18 am

'തങ്കപ്പന്‍ ഉടന്‍ ആക്രമണം നടത്തും'; ആലുവ പൊലീസിനെ മുള്‍മുനയിലാക്കി അഞ്ചാം ക്ലാസുകാരന്‍ 'രാജപ്പന്റെ' വ്യാജ ബോംബ് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: പൊലീസ് സ്റ്റേഷനുകളിലേക്ക് വ്യാജ ബോംബ് ഭീഷണികള്‍ എത്തുന്നത് സാധാരണമാണ്. അത്തരത്തിലൊരു വ്യാജ ഭീഷണി സന്ദേശമാണ് കഴിഞ്ഞ ദിവസം ആലുവ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഈ സന്ദേശം മണിക്കൂറുകളോളമാണ് ആലുവ പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയത്.

ആലുവ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. തന്റെ പേര് രാജപ്പന്‍ എന്നാണെന്നും തന്റെ സുഹൃത്ത് തങ്കപ്പന്‍ ബോംബുമായി റെയില്‍വേസ്‌റ്റേഷനില്‍ എത്തിയിട്ടുണ്ടെന്നുമായിരുന്നു ബുധനാഴ്ച രാത്രി ഏഴരയോടെ വന്ന ഭീഷണി സന്ദശത്തില്‍ പറഞ്ഞത്. ഉടന്‍ തന്നെ ആക്രമണം നടത്തുമെന്ന് കൂടി കേട്ടതോടെ ഒരു നിമിഷം പാഴാക്കാതെ സര്‍വ്വ സന്നാഹങ്ങളുമായി പൊലീസ് റെയില്‍വേ സ്റ്റേഷനിലേക്ക് കുതിച്ചു.


Also Read: എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം.പി ചെരിപ്പൂരി അടിച്ച ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ച് പറഞ്ഞു; അടിച്ചത് നിസാര കാരണം പറഞ്ഞ്


ഡി.വൈ.എസ്.പി, സി.ഐ, ഡോഗ് സ്‌ക്വാഡ്, കളമശ്ശേരിയില്‍ നിന്ന് വന്ന ബോംബ് സ്‌ക്വാഡ് എന്നിവരെല്ലാമുള്‍പ്പെട്ട സംഘം റെയില്‍വേ സ്റ്റേഷനില്‍ അരിച്ചു പെറുക്കി. യാത്രക്കാരും സ്റ്റേഷന്‍ ജീവനക്കാരും ഇതോടെ പരിഭ്രാന്തിയിലായി.

റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തുമ്പോള്‍ തന്നെ ഫോണ്‍ സന്ദേശം വന്ന നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടായിരുന്നു. കോതമംഗലത്തുള്ള ഒരാളുടെ നമ്പറില്‍ നിന്നാണ് ഫോണ്‍ വന്നത് എന്ന് കണ്ടതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും താന്‍ അങ്ങനെയൊരു കോള്‍ ചെയ്തിട്ടില്ല എന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്.

തുടര്‍ന്ന് വീണ്ടും വിശദമായ പരിശോധന നടത്തിയെങ്കിലും ഇതേ നമ്പറില്‍ നിന്ന് തന്നെയാണ് ഫോണ്‍ വന്നത് എന്ന് പൊലീസ് ഉറപ്പിച്ചു. സിം കാര്‍ഡ് ഉടമ ഇക്കാര്യം വീണ്ടും നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളുടെ മകനെ ചോദ്യം ചെയ്തു. അപ്പോഴാണ് ഫോണ്‍ വിളിച്ച അഞ്ചാം ക്ലാസുകാരന്‍ “തങ്കപ്പനെ” പൊലീസിന് മനസിലായത്. തമാശയ്ക്ക് വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നായിരുന്നു കുട്ടി പറഞ്ഞത്.

കുട്ടിയായതിനാല്‍ കേസോ മറ്റ് നടപടികളോ പൊലീസ് സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയാണ് ഇവരെ പൊലീസ് വിട്ടയച്ചത്. എന്തായാലും അഞ്ചാം ക്ലാസുകാരന്‍ രാജപ്പന്റെ തമാശ പൊലീസിനെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്.

We use cookies to give you the best possible experience. Learn more