പേരില്‍ മാത്രം തങ്കമുള്ള 'ചെമ്പ് മണി'
Entertainment
പേരില്‍ മാത്രം തങ്കമുള്ള 'ചെമ്പ് മണി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th March 2024, 2:09 pm

മലയാളസിനിമ തിരിച്ചുവരവിന്റെ പാതയില്‍ നില്‍ക്കുകയാണ്. തുടര്‍ച്ചയായി മികച്ച കണ്ടന്റുള്ള സിനിമകള്‍ക്കാണ് മലയാളസിനിമ കഴിഞ്ഞ മാസം സാക്ഷ്യം വഹിച്ചത്. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കുന്ന തരത്തിലുള്ള സിനിമയാണ് കഴിഞ്ഞ ദിവസം റിലീസായ തങ്കമണി.

1986ല്‍ നടന്ന തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത സിനിമയാണ് തങ്കമണി. യഥാര്‍ത്ഥ സംഭവത്തില്‍ ഫിക്ഷനും കൂടി ചേര്‍ത്താണ് രതീഷ് ഈ ചിത്രം ഒരുക്കിയത്. 1986, 2010 കാലഘട്ടങ്ങളിലായാണ് സിനിമയുടെ കഥ നടക്കുന്നത്. എന്നാല്‍ കാലങ്ങള്‍ക്കു മുമ്പ് മലയാളികള്‍ ഉപേക്ഷിച്ച അതേ ടെംപ്ലേറ്റില്‍ ഒരുക്കിയ ചിത്രം ഈ വര്‍ഷത്തെ മോശം സിനിമകളിലൊന്നായി മാറിയിരിക്കുകയാണ്.

അഭിനേതാക്കളുടെ മോശം പ്രകടനവും പറഞ്ഞുമടുത്ത കഥാഗതിയുമാണ് സിനിമയിലുടനീളം. പഴയകാലത്ത് നടക്കുന്ന കഥയായത് കൊണ്ട് സ്‌ക്രിപ്റ്റും പഴയരീതിയില്‍ മതിയെന്ന് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചതുകൊണ്ടാകാമെന്ന് തോന്നുന്നു ഇങ്ങനെ സംഭവിച്ചത്. സിനിമയുടെ ഒരു ഘട്ടത്തില്‍ പോലും കാണുന്ന പ്രേക്ഷകനെ കഥയുമായി അടുപ്പിക്കാന്‍ സിനിമക്ക് കഴിഞ്ഞിട്ടില്ല.

സ്‌ക്രിപ്റ്റില്‍ മാത്രമല്ല, മെയ്ക്കിങിലും നല്ല രീതിയില്‍ കല്ലുകടി അനുഭവപ്പെടുന്നുണ്ട്. കഥാപാത്രത്തിന് ഒട്ടും ചേരാത്ത മേക്കപ്പും വിഗ്ഗും സിനിമയുടെ നെഗറ്റീവുകളില്‍ ഒന്നാണ്. പുതിയ കാലത്തെ മെയ്ക്കിങ്ങുമായി പൊരുത്തപ്പെട്ടുവെന്ന് കാണിക്കാന്‍ ഛായാഗ്രഹണത്തില്‍ ഇടയ്ക്കിടെ കാണിക്കുന്ന ഡ്രോണ്‍ ഷോട്ടുകള്‍ ആകാംഷക്ക് പകരം മടുപ്പാണ് ഉണ്ടാക്കിയത്. ആര്‍ട്ട് ഡയറക്ഷനിലും പലയിടത്തായി ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു.

നായകനായ ദിലീപും നായിക നീതാ പിള്ളയും തമ്മില്‍ ഒരു ചേര്‍ച്ചയും തോന്നിയില്ല എന്നതും സിനിമയുടെ മറ്റൊരു നെഗറ്റീവാണ്. പ്രായക്കുറവുള്ള നായികയും പ്രായം കുറക്കാന്‍ വേണ്ടി ഡൈയടിച്ച് മേക്കപ്പിട്ടു വരുന്ന നായകനും എന്ന ഫോര്‍മുല ഇപ്പോള്‍ തെലുങ്ക്  സിനിമയില്‍ മാത്രമേ ഉള്ളൂവെന്നും, മലയാളികള്‍ എന്നേ ആ ഫോര്‍മുല പടിക്ക് പുറത്താക്കിയെന്നും ഈ സിനിമാക്കാര്‍ മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.

തങ്കമണിക്ക് സമാനമായ മറ്റൊരു സംഭവമായിരുന്നു തമിഴ്‌നാട്ടില്‍ നടന്ന കൊടിയംകുളം ബസ് തകര്‍ക്കല്‍. ആ സംഭവത്തെ ആസ്പദമാക്കി മാരി സെല്‍വരാജ് ഒരുക്കിയ കര്‍ണന്‍. ആ സിനിമ ഒരു റഫറന്‍സിന് വേണ്ടിയെങ്കിലും ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കാണ്ടു നോക്കാമായിരുന്നു. ഇത്തരത്തില്‍ അമച്വര്‍ മെയ്ക്കിങും സ്‌ക്രിപ്റ്റുമുള്ള സിനിമ സമീപകാലത്ത് മലയാളത്തില്‍ വന്നിട്ടില്ല. തങ്കമണി ദുരന്തം പോലെ മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണ് ഈ സിനിമയും.

ചുരുക്കത്തില്‍, പേരില്‍ മാത്രം തങ്കമുള്ള വെറും ചെമ്പ് മണിയായി മാറിയിരിക്കുകയാണ് തങ്കമണി.

Content Highlight: Thankamani movie review