തങ്കം; എന്തൊരു ആഴമേറിയ അനുഭവമാണത്
Opinion
തങ്കം; എന്തൊരു ആഴമേറിയ അനുഭവമാണത്
ശ്രീജിത്ത് ദിവാകരന്‍
Saturday, 28th January 2023, 2:04 pm

കൊച്ചുപ്രേമന്‍ ചേട്ടന്‍ ഒരു തോറ്റ മനുഷ്യനായാണ് അവസാന സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തോളം ജയിച്ച മനുഷ്യരില്ല എന്ന് തോന്നും. ആ ചെറിയ ശരീരം ഒരു പൊലീസ് സ്റ്റേഷന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഭാരങ്ങള്‍ കൊണ്ട് ഞെരുങ്ങുന്നത് കാണാം.

മരണവും ജീവിതവും തമ്മിലുള്ള ബല പരീക്ഷണങ്ങളില്‍ തളര്‍ന്ന് പോയ ഒരാളായി ഒരു ഗോവണിക്ക് കീഴില്‍ അയാള്‍ നില്‍ക്കുന്നത് കാണുമ്പോള്‍, പടച്ചവനേ, അയാളിനി ഇല്ലല്ലോ എന്നോര്‍ത്തുപോയി.

ഒരു ഇന്ററോഗേഷനില്‍ രണ്ട് വരിയില്‍ അയാളൊരു ജീവിതം വിവരിക്കുന്നുണ്ട്. അയാളുടെ, മകന്റെ, കുടുംബത്തിന്റെ. കൊച്ചുപ്രേമന്‍ എന്ന നടന്റെ കുറച്ച് നേരങ്ങള്‍ക്ക് വേണ്ടി മാത്രം വേണമെങ്കില്‍ ‘തങ്കം’ കാണാം. ഈ സിനിമ, ആ മനുഷ്യനുള്ള ട്രിബൂട്ട് കൂടിയാണ്.

മാത്യുവെന്ന തൃശൂരിലെ സ്വര്‍ണകച്ചവടക്കാരന്, മുത്തെന്ന പേര് ലേശം ഓവറല്ലേ എന്ന് തോന്നും. അല്ല, ബിജുമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനല്ല. ‘ക്രാഫ്റ്റേല്ലേ നമുക്കറിയൂ, മാര്‍ക്കറ്റിങ് അവനാ’ എന്നോ മറ്റോ മുത്ത് പറയുന്നുണ്ട്. ഇതുപോലെ ഒരു മനുഷ്യനായി മാറാന്‍ പ്രയാസമാണ്.

പക്ഷേ ഡയലോഗ് ഡെലിവറി മുതല്‍ ഒരോ ഇഞ്ചിലും ബിജുമേനോന്‍ തനൊരു ഒരു അസാധ്യനടന്‍ കൂടിയാണ് എന്ന് അടിവരയിടുന്നുണ്ട്. ഒരു പൊലീസ് സ്റ്റേഷന്‍ രംഗത്ത്, കൂട്ടുകാരന്‍ താനൊരു തോല്‍വിയാണ് എന്നാക്ഷേപിക്കുമ്പോള്‍, ഒരു കാറിലിരുന്ന് മരിച്ച് പോയ ചങ്ങാതിയുടെ കൂടെ നില്‍ക്കാന്‍ പറ്റാതായിപ്പോയതില്‍ സങ്കടപ്പെടുമ്പോള്‍ ബിജുമേനോന്‍ സൂക്ഷ്മമായി മുത്തായി മാറുന്നു. എന്തൊരു തരം ആഴമേറിയ അനുഭവമാണത്!

രണ്ട് വിനീതുമാരുണ്ട്. വിനീത് ശ്രീനിവാസനെന്ന പ്രശസ്ത ചലച്ചിത്രകാരനും വിനീത് തട്ടില്‍ എന്ന നടനും. ആ രണ്ട് പേരും തങ്ങളുടെ വിനീത സാന്നിധ്യങ്ങളെ ഉപേക്ഷിച്ച് ആധികാരികതയോടെ, തെല്ലഹങ്കാരത്തോടെ അഭിനേതാക്കളുടെ വലിയ കസേരകളില്‍ ഇരിക്കുകയാണ് ഇവിടെ.

മുകുന്ദനുണ്ണിയിലെ വിനീത് ശ്രീനിവാസന്റെ റോള്‍ പോലെ സങ്കീര്‍ണമെങ്കിലും നിശ്ചിത ഗ്രാഫിന്റെ പരിധിയില്‍ സഞ്ചരിക്കുന്ന റോളല്ല ഇത്. കണ്ണന്‍ എന്ന കണ്ണാപ്പി കുടുംബസ്ഥനില്‍ നിന്നും സുഹൃത്തില്‍ നിന്നും ക്ഷുഭിതനും നിരാശനുമായ മനുഷ്യനില്‍ നിന്നും ഭക്തനില്‍ നിന്നുമെല്ലാം അകലെയാണ്. മിടുക്കനാണ്, പലഭാഷകള്‍ അറിയാവുന്നവനാണ്. നന്നായി പെരുമാറാനും സന്ദര്‍ഭങ്ങളില്‍ ഇടപെടാനും അറിയാം. ചങ്കുപോലുള്ള ചങ്ങാതിമാരുണ്ട്. എന്നിട്ടുമെന്ത്? തോറ്റുപോയി.

വിനീത് തട്ടിലിന്റെ ബിജോയി ഒരു ദേശമാണ്. ആ ദേശത്തിന്റെ വെളിച്ചവും തെളിച്ചവുമുണ്ട് അതില്‍. ഒരു പക്ഷേ, ഏറ്റവും വെല്‍ റിട്ടണ്‍ ക്യാരക്ടര്‍ ബിജോയ് ആകും തങ്കത്തില്‍. അംബിക ചേച്ചിയും അങ്ങനെ തന്നെ. ഇന്ദിരബായ് പ്രസാദ് എത്രയോ കാലമായി ഇരിങ്ങാലക്കുട പരിസരങ്ങളിലും സിനിമയും ഒരുപോലെ ഉണ്ടെന്ന് തോന്നും. കൂടുതലോ കുറവുകളോ ഇല്ല. പുതുമയോ പഴക്കമോ ഇല്ല. സ്വര്‍ണമല്ലേ, കച്ചവടം.

അപര്‍ണ ബാലമുരളി, വിക്കിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവാവ്, വിക്കിയുടെ കാമുകി കൂടിയായ ഇൻസ്റ്ററീല്‍ താരം യുവതി, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങി വലിയ സന്തോഷങ്ങള്‍ വേറെയും നമുക്ക് തങ്കത്തില്‍ കാണാം.

ലോകത്തേറ്റവും അധികം പരീക്ഷിക്കണപ്പെടുന്ന ത്രില്ലര്‍ ഴോണറാണ് പ്രോസീഡ്യുറല്‍ ഡ്രാമ. വലിയ അഭിനേതാക്കളും സൂക്ഷ്മ രചയിതാക്കളും സമ്മേളിക്കുന്ന ഇടം. അതിലേയ്ക്ക് തങ്കം പ്രവേശിക്കുന്നത് സന്തോഷത്തോടെ കാണുന്നു. ശ്യാമിന്റെ എഴുത്ത് പുതിയ വഴിയിലെത്തുന്നതാണ് ഏറ്റവും സന്തോഷം. ശഹീദ് അറാഫത്തിന് അഭിവാദ്യങ്ങള്‍.

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.