പെര്‍ഫോമന്‍സില്‍ പത്തരമാറ്റ്, തങ്കത്തിന് തിളക്കം നല്‍കിയവര്‍
Entertainment news
പെര്‍ഫോമന്‍സില്‍ പത്തരമാറ്റ്, തങ്കത്തിന് തിളക്കം നല്‍കിയവര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th January 2023, 10:29 am

വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി ശഹീദ് അരാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കം. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ചിത്രം ഭാവന സ്റ്റുഡിയോസാണ് നിര്‍മിച്ചത്.

തൃശൂരിലെ കണ്ണന്‍, മുത്ത് എന്നീ രണ്ട് സ്വര്‍ണ പണിക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌ക്കരന്റെ അതുവരെയുള്ള സിനിമകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കഥാപശ്ചാത്താലമാണ് തങ്കത്തിന്റേത്.

കഥാപാത്ര സൃഷ്ടിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആദ്യാവസാനം വരെയുള്ള ബിജു മേനോന്റെ മുത്ത് എന്ന കഥാപാത്രവും നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചതുപോലെയുള്ള നിഷ്‌കളങ്ക മുഖമായി വിനീതിന്റെ കണ്ണനുമാണ് കഥയില്‍ പ്രധാനമായുമുള്ളത്.

ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍-ബിജുമേനോന്‍ കോമ്പോയേക്കാള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നത് ബിജു മേനോന്‍ – വിനീത് തട്ടില്‍ ഡേവിഡ് കോമ്പോയാണ്. കൂടെ ഇടക്കിടെ വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങള്‍ക്കുവരെ വലിയ ഡീറ്റെയിലിങ് ആണ് ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.

ബിജു മേനോന്റെ മുത്ത് എന്ന കഥാപാത്രത്തെപോലെയൊരു സുഹൃത്തിനെ നമുക്ക് വളരെ പരിചയം തോന്നാം. അതുപോലെ തന്നെ കണ്ണനെപോലെയുള്ള പലരെയും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയിട്ടുള്ളതായും തോന്നാം. അത്രയേറെ ജീവിതത്തോട് കണക്ട് ചെയ്യുന്ന രീതിയിലാണ് ഈ രണ്ട് കഥാപാത്രങ്ങളേയും ഒരുക്കിയിരിക്കുന്നത്.

ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ഗിരീഷ് കുല്‍ക്കര്‍ണിയുടെ പൊലീസ് കഥാപാത്രത്തെയും എടുത്ത് പറയേണ്ടതാണ്. മറാത്തി നടന്‍ ഗിരീഷ് കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ പെര്‍ഫോമന്‍സ് കൊണ്ട് കയ്യടി നേടുന്ന നടന്‍. മലയാളികള്‍ ഉള്‍പ്പെട്ട ഒരു കേസ് തമിഴ്‌നാട്ടില്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന മഹാരാഷ്ട്ര പൊലീസിലെ ഒരു ഉദ്യേഗസ്ഥനായാണ് ഗിരീഷ് കുല്‍ക്കര്‍ണിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതി മുതല്‍ സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത് അദ്ദേഹമാണ്.

സാധാരണ ക്രെം ത്രില്ലര്‍ സിനിമകളില്‍ എത്തുന്ന അന്വേഷണ ഉദ്യേഗസ്ഥരില്‍ നിന്നും ഏറെ വേറിട്ട പെര്‍ഫോമന്‍സാണ് കുല്‍ക്കര്‍ണിയുടേത്. ഒരു സാധാരണ പൊലീസ് ഓഫീസറിനെ പോലെയാണെങ്കിലും കുശാഗ്രബുദ്ധിക്കാരനാണ് കഥാപാത്രം.

ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ച മറ്റൊരു കഥാപാത്രമാണ് വിക്കി. ജയിലില്‍ ഗിരീഷ് കുല്‍ക്കര്‍ണിയും സംഘവും ഇയാളെ കാണാന്‍ പോകുന്ന ഒരൊറ്റ സീനില്‍ തന്നെ വലിയ കയ്യടിയാണ് അഭിനേതാവിന് ലഭിക്കുന്നത്. അത്രയും സൂഷ്മതയോടെയാണ് കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാം.

കണ്ണന്റെ അമ്മ, അപര്‍ണ ബാലമുരളി, ഇന്ദിര പ്രസാദ് തുടങ്ങി ചുരുക്കം ചില സ്ത്രീകളാണ് ചിത്രത്തില്‍ എത്തുന്നുള്ളു. റീല്‍സ് ചെയ്യുന്ന പെണ്‍കുട്ടി, വില്ലനാണെന്ന് കരുതുന്ന അബ്ബാസിന്റെ ഭാര്യ തുടങ്ങിയവരും മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നുണ്ട്. തങ്കം പൂര്‍ണമായും പെര്‍ഫോമന്‍സില്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രമാണ്. കഥ നിയന്ദ്രിക്കുന്നത് ചുരുക്കം കഥാപാത്രങ്ങളാണെങ്കിലും വന്നു പോവുന്ന ഒരോ അഭിനേതാക്കളുടെ പ്രകടനവും ശ്രദ്ധേയമാണ്.

content highlight: thankam movie is a performance based film