| Monday, 30th January 2023, 1:47 pm

തങ്കത്തിലെ മുത്തല്ല! ഡയമണ്ട്; അമ്പരപ്പിച്ച് ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ ശഹീദ് അരാഫത്ത് സംവിധാനം ചെയ്ത തങ്കം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബിജു മേനോനും വിനീത് ശ്രീനിവാസനും ഗിരീഷ് കുല്‍ക്കര്‍ണിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുത്ത് എന്ന കഥാപാത്രത്തെ ബിജു മേനോനും കണ്ണന്‍ എന്ന കഥാപാത്രത്തെ വിനീത് ശ്രീനിവാസനുമാണ് അവതരിപ്പിച്ചത്. തൃശൂരിലെ സ്വര്‍ണ പണിക്കാരായ കണ്ണനും മുത്തുവും ഉറ്റ ചങ്ങാതിമാരാണ്. ആദ്യ ഭാഗത്തില്‍ കണ്ണന്റെയും മുത്തുവിന്റെയും സൗഹൃദത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.

എന്ത് ആവശ്യത്തിനും കണ്ണന്‍ ഓടിയെത്തുക മുത്തുവിന്റെ അടുത്തേക്കാണ്. മുത്തുവാണെങ്കില്‍ കണ്ണന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന സുഹൃത്തും. ഇരുവരും തമ്മിലുള്ള സ്‌നേഹ ബന്ധം സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ബിജു മേനോനും വിനീതിനും പൂര്‍ണമായും സാധിച്ചു.

ബിജു മേനോന്‍ ഇതിനുമുമ്പ് അവതരിപ്പിച്ച സിനിമകളില്‍ നിന്നും ഒരുപാട് വ്യത്യാസങ്ങള്‍ മുത്തിനുണ്ട്. പല ഇമോഷന്‍സിലൂടെയും കടന്നു പോകേണ്ടതായി വരുന്നുണ്ട്. വിനീത് തട്ടില്‍ ഡേവിഡിനൊപ്പമുള്ള സീനുകളെല്ലാം വളരെ രസകരമായാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. കോമഡികള്‍ പറഞ്ഞ് ചിരിപ്പിക്കാനും അതേസമയം സുഹൃത്തിന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ വേദനിക്കുന്ന മുത്തിനെയും പ്രേക്ഷകര്‍ക്ക് ബിജുവിലൂടെ കാണാം.

ഒരു ഘട്ടത്തില്‍ പ്രിയ സുഹൃത്ത് കണ്ണന്‍ അയാളോട് താനൊരു ഭൂലോക തോല്‍വിയാണെന്ന് പറയുന്നുണ്ട്, ഗിരീഷ് കുല്‍ക്കണിയുടെ കഥാപാത്രം അയാളോട് താനൊരു പാവമാണെന്നും പറയുന്നുണ്ട്. അപ്പോഴൊക്കെ ശരീര ഭാഷകൊണ്ടും കണ്ണിന്റെ ചലനം കൊണ്ടുമൊക്കെ ബിജു മേനോന്‍ അമ്പരപ്പിക്കുകയാണ്.

ഉറ്റ ചങ്ങാതിയാണെന്ന് വിചാരിച്ച് കൂടെ കൂട്ടിയ സുഹൃത്ത് തന്നോട് പോലും ഒന്നും പറയാതെ പോയപ്പോള്‍ അത് മുത്തിന് അംഗീകരിക്കാന്‍ പോലും കഴിയുന്നില്ല. പെട്ടെന്ന് പറ്റിക്കപ്പെടുന്ന കഥാപാത്രമാണ് മുത്ത്. കണ്ണന്‍ പറഞ്ഞത് കള്ളങ്ങളായിരുന്നുവെന്ന് പങ്കാളു പോലും തിരിച്ചറിയുമ്പോഴും മുത്തിന് മാത്രം അപ്പോഴും കണ്ണനെതിരെ ചിന്തിക്കാന്‍ കഴിയുന്നില്ല.

ചെറിയ ചെറിയ നര്‍മ്മ രംഗങ്ങളിലും ഏറെ വൈകാരികമായ രംഗങ്ങളിലുമൊക്കെ കൈയ്യടക്കത്തോടെ ബിജു മേനോന്‍ മുത്തിനെ അവതരിപ്പിച്ചിട്ടുണ്ട്. രസകരമായ കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും മുത്തിനുണ്ട്. ചില മൗനങ്ങളിലൂടെ പോലും ആ കഥാപാത്രം പ്രേക്ഷകരോട് എന്തൊക്കെയോ സംവദിക്കുന്നുണ്ട്. ബിജു മേനോനും വിനീത് തട്ടില്‍ ഡേവിഡും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളിലെല്ലാം നര്‍മം കൊണ്ട് രണ്ടു പേരും ഒന്നിനൊന്ന് മെച്ചമായാണ് മുന്നേറിയത്.

വളരെ റിയലിസ്റ്റിക്കായ പെര്‍ഫോമന്‍സാണ് ബിജു മേനോന്റേത് എന്ന് നിസംശയം പറയാന്‍ സാധിക്കും. അനായാസമായാണ് അദ്ദേഹം ആ കഥാപാത്രത്തിനെ കയ്യിലൊതുക്കിയിരിക്കുന്നത്. തൃശൂര്‍ ഭാഷയോക്കെ നല്ല വൃത്തിക്കാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പ്രേക്ഷകരുടെ മുത്തായി വളരെ പെട്ടെന്ന് ബിജു മേനോന്‍ മാറുന്നുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, കൊച്ചുപ്രേമന്‍, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളുണ്ട്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം കാഴചവെക്കുന്നുണ്ട്. ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും ബിജിബാലൊരുക്കിയ സംഗീതവും കിരണ്‍ ദാസിന്റെ എഡിറ്റിങ്ങുമെല്ലാം സിനിമയുടെ മാറ്റ് കൂട്ടുന്നതാണ്.

content highlight: thankam movie and biju menon’s performance

We use cookies to give you the best possible experience. Learn more