താങ്ക്യൂ രാഹുല്‍ഗാന്ധി, ഞങ്ങളെ മുന്നോട്ട് നയിച്ചതിന്; രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ നന്ദി പ്രവാഹം
national news
താങ്ക്യൂ രാഹുല്‍ഗാന്ധി, ഞങ്ങളെ മുന്നോട്ട് നയിച്ചതിന്; രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ നന്ദി പ്രവാഹം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th August 2019, 4:21 pm

സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി രാഹുല്‍ ഗാന്ധിക്ക് നന്ദി പ്രവാഹം. താങ്ക്യൂ രാഹുല്‍ഗാന്ധി എന്ന ഹാഷ് ടാഗോടെയാണ് പ്രവര്‍ത്തകര്‍ രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുന്നത്. അധ്യക്ഷ പദവിയിലിരുന്നപ്പോള്‍ രാഹുല്‍ ചെയ്ത കാര്യങ്ങള്‍ എടുത്തുപറഞ്ഞാണ് ട്വീറ്റുകളേറെയും.

ഒരാള്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ, ‘സംഘ്പരിവാറിന് നിങ്ങളെ ഭയമാണ് രാഹുല്‍ജി, കാരണം അവര്‍ക്ക് സാധിക്കാത്തതെല്ലാം നിങ്ങള്‍ നേടിയെടുത്തു. അവരുടെ നേതാക്കളും അവരുടെ മാധ്യമങ്ങളും നിങ്ങളെ പരിഹസിച്ച് തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങള്‍ അവരുടെ നേരെ പുഞ്ചിരിച്ച് ആ പരിഹാസത്തിന്റെ മുനയൊടിച്ചു. ഒരിക്കല്‍കൂടി പറയട്ടെ, ഞങ്ങളുടെ നേതാവാണ് നിങ്ങള്‍’.

മറ്റൊരാള്‍ പറയുന്നതിങ്ങനെ, ‘താങ്ക്യു രാഹുല്‍ ഗാന്ധി, എല്ലാവര്‍ക്കും വേണ്ടിയുള്ള ഇന്ത്യയ്ക്കായുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്. ഭൂരിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കപ്പുറം നിങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു. നിങ്ങള്‍ തുടങ്ങിവച്ച ഇന്ത്യ എന്ന ആശയത്തിനുവേണ്ടിയുള്ള പോരാട്ടം ഞങ്ങള്‍ തുടരും. ഈ ആശയം ഇന്ത്യയുടെ ഓരോ കോണിലേക്കും ഇന്ത്യയുടെ ഓരോ വേരിലേക്കും ഞങ്ങള്‍ പടര്‍ത്തും’.

‘ ഇന്ത്യന്‍ നാഷനണല്‍ കോണ്‍ഗ്രസിനെ നയിച്ചതിന് നന്ദി രാഹുല്‍ഗാന്ധി. അതിരുകളില്ലാതെയാണ് നിങ്ങള്‍ ഞങ്ങളെ നയിച്ചത്. ഉറച്ച തീരുമാനത്തോടെ. ആത്മസമര്‍പ്പണത്തോടെ…. എന്താണോ വേണ്ടിയിരുന്നത് അതിനുവേണ്ടി നിലകൊണ്ടതിന് നന്ദി. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ കൈവിടാതെ നയിച്ചതിനും’, എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

അതേസമയം, രാഹുലിനെ പരിഹസിച്ചും ട്വീറ്റുകള്‍ വരുന്നുണ്ട്.

ശനിയാഴ്ച രാത്രിയാണ് സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുത്തത്. രാത്രി ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് സോണിയയെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനം രാജിവെക്കുകയായിരുന്നു. മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന്‍ പൈലറ്റ് എന്നിവരിലാരെങ്കിലും അദ്ധ്യക്ഷനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

2017-ല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍, മേയ് 25-നു നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണു രാജി സമര്‍പ്പിച്ചത്. പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. അതിനുശേഷമാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഒരു പുതുമുഖത്തെ പരിഗണിക്കാന്‍ തുടങ്ങിയത്.