| Friday, 30th April 2021, 4:54 pm

കേന്ദ്രത്തെ വെള്ളംകുടിപ്പിച്ച ജസ്റ്റിസ് ചന്ദ്ര ചൂഢിന് നന്ദി പറഞ്ഞ് മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാക്‌സിന് വില ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഢിനോട് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് നന്ദി എന്നാണ് മഹുവ പ്രതികരിച്ചത്. കുറഞ്ഞത് ഈ സര്‍ക്കാരിനോട് ശരിയായ ചോദ്യം ചോദിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തല്ലോ എന്നും മഹുവ പറഞ്ഞു.

കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തിനെ സുപ്രീംകോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. വാക്സിന്‍ പൊതുമുതലാണെന്നും കൊവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.

മുഴുവന്‍ വാക്സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു.

‘വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കിയ പണം പൊതുഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ വാക്സിന്‍ പൊതു ഉല്‍പ്പന്നമാണ്,’ കോടതി നിരീക്ഷിച്ചു.

വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലുമുള്ള പേറ്റന്റ് അധികാരത്തെയും സുപ്രീംകോടതി ചോദ്യം ചെയ്തു. പേറ്റന്റ് അനുമതിയില്ലാതെ വാക്സിന്‍ വിതരണം പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.

കൊവിഡ് മുന്നണിപോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കും നിങ്ങള്‍ 50 ശതമാനം വാക്സിന്‍ സൗജന്യമായി നല്‍കുന്നു. ബാക്കിയുള്ള 50 ശതമാനത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. 59.46 ശതമാനം ഇന്ത്യക്കാര്‍ 45 വയസിന് താഴെയുള്ളവരാണ്. അവരില്‍ തന്നെ പലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ദരിദ്രരുമാണ്. എവിടെ നിന്നാണ് അവര്‍ വാക്സിന്‍ വാങ്ങിക്കാന്‍ പണം കണ്ടെത്തുക?- കോടതി ചോദിച്ചു.

18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ തുടങ്ങണമെന്നും കോടതി അഭിപ്രായപ്പെട്ടു.

‘എത്ര വാക്സിനുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് നമുക്കറിയാം. നിങ്ങള്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്,’ കോടതി പറഞ്ഞു.

അതേസമയം വാക്സിനായി നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thank you Justice Chandra Chud for being a loud sane voice in the SC, says  Mahua

We use cookies to give you the best possible experience. Learn more