ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയ്ക്കു നന്ദി അറിയിച്ച് ഛത്തീസ്ഗഢ് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് ഐ.എന്‍.സി. ഛത്തീസ്ഗഢ് പ്രതികരണവുമായി രംഗത്തെത്തിയത്.
‘കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനു ജിതിന്‍ പ്രസാദ ജിയ്ക്ക് ഒരുപാടു നന്ദി’ എന്നാണ് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍പ്രസാദ പറഞ്ഞത്.
ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് ജൂണ്‍ 9ന് ബി.ജെ.പിയില്‍ ചേരുമെന്നു നേരത്തെ പാര്‍ട്ടി വക്താവ് അനില്‍ ബലൂനി ട്വീറ്റ് ചെയ്തിരുന്നു.
20 വര്‍ഷത്തോളമായി ജിതിന്‍ പ്രസാദയ്ക്ക് പാര്‍ട്ടിയുമായുള്ള ഇടച്ചില്‍ രഹസ്യമല്ല. 2019ല്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
നേതൃത്വത്തിനെതിരെ സോണിയാ ഗാന്ധിക്കു കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളില്‍ ജിതിന്‍ പ്രസാദയുമുണ്ടായിരുന്നു.
ഇന്ത്യന്‍ സെകുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെതിരെയും ജിതിന്‍ പ്രസാദ പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജിതിന്‍ പ്രസാദ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കേന്ദ്രമന്ത്രിയായിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Thank you Jitin Prasada, Chhattisgarh Congress reacted to his joining BJP