ന്യൂദല്‍ഹി: ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ രാജ്യസഭയില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി. പ്രസംഗത്തില്‍ കോണ്‍ഗ്രസിനിട്ടൊന്ന് “കുത്താനും” പരീക്കര്‍ മറന്നില്ല. ഗോവ തങ്ങള്‍ക്ക് വിട്ടു തന്നതിന് ദിഗ്‌വിജയ് സിംഗിന് നന്ദി എന്നാണ് പരീക്കര്‍ പരിഹസിച്ചുകൊണ്ട് പറഞ്ഞത്. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ട് കൂടി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.
“പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് എല്ലാത്തരം പിന്തുണയും നല്‍കിയ ചെയര്‍മാനും, ഡെപ്യൂട്ടി ചെയര്‍മാനും മറ്റെല്ലാ രാദജ്യസഭാംഗങ്ങള്‍ക്കും ഞാനെന്റെ നന്ദി രേഖപ്പെടുത്തുന്നു. എല്ലാവരേയും ഗോവയിലേക്ക് ഏത് സമയത്തും സ്വാഗതം ചെയ്യുന്നു. എന്റെ പ്രത്യേക നന്ദി ബഹുമാന്യനായ സാമാജികന്‍ ദിഗ് വിജയ് സിങിനാണ്, കാരണം അദ്ദേഹം ഗോവയിലുണ്ടായിരുന്നിട്ടും ഒന്നും ചെയ്യാതിരുന്നത് കൊണ്ടാണ് എനിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്.” -മനോഹര്‍ പരീക്കര്‍ രാജ്യസഭയില്‍ പറഞ്ഞു.
രാജ്യസഭയുടെ ശൂന്യവേളയിലാണ് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മനോഹര്‍ പരീക്കര്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. എന്നാല്‍, വീണു കിടക്കുന്ന കോണ്‍ഗ്രസിനെ വീണ്ടും മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പരീക്കര്‍ പ്രസംഗിച്ചത് അവരെ പ്രകോപിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭാ ചെയര്‍മാന്റെ ഡയസിലേക്ക് ചെന്ന് പ്രതിഷേധിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഗോവ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായി. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എം.എല്‍.എ സ്ഥാനം രാജി വെച്ചിരുന്നു. ദിഗ്‌വിജയ് സിംഗിനാണ് ഏറ്റവും കൂടുതസല്‍ പഴി കേട്ടത്.
40 അംഗ നിയമസഭയില്‍ 17 സീറ്റുള്ള കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. ചെറുകക്ഷികളെ വരുതിയില്‍ നിര്‍ത്തി 13 സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.