ജിദ്ദ: ഇറാനുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ വേണ്ടി മുന്‍കൈയെടുത്ത ചൈനക്ക് നന്ദി അറിയിച്ച് സൗദി. ചൈനീസ് പ്രസിഡന്റിന്റെ ഇടപെടല്‍ നന്ദിപൂര്‍വം സ്വാഗതം ചെയ്യുന്നതായി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും മാര്‍ഗത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുകയും സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുകയുമാണ് സൗദിയുടെ താല്‍പര്യമെന്ന് സുരക്ഷ ഉപദേഷ്ടാവും കാബിനറ്റ് പദവിയുള്ള സഹമന്ത്രിയുമായ ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചൈനയുടെ മധ്യസ്ഥതയില്‍ ബീജിങ്ങില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഇറാനും സൗദിയും തമ്മില്‍ നിലനിന്നിരുന്ന നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരമായത്. നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തീരുമാനിച്ചതായി ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2015 മുതല്‍ സൗദിക്കും ഇറാനുമിടയില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളാണ് ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെട്ടത്.
ബെയ്ജിങ്ങില്‍ ചേര്‍ന്ന ചര്‍ച്ചയുടെ ഭാഗമായി സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനും എംബസികള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായതായി ഇരുരാജ്യങ്ങളിലെയും വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.