ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച കേസില്‍ ഓഡിറ്റര്‍മാരെ കുറ്റപ്പെടുത്തിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ച് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. ട്വിറ്ററിലൂടെയായിരുന്നു സിന്‍ഹയുടെ പരിഹാസം.
പി.എന്‍.ബി തട്ടിപ്പിന് കുറ്റപ്പെടുത്തേണ്ടത് ഓഡിറ്റര്‍മാരെയാണ് എന്ന് വിദ്വാന്മാര്‍ പറയുന്നു. അവര്‍ പ്യൂണ്‍മാരെ കുറ്റപ്പെടുത്താതെ വെറുതെ വിട്ടതിന് ദൈവത്തിന് നന്ദി – സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
“നെഹ്‌റുവിന്റെ ഭരണത്തില്‍ തുടങ്ങി കോണ്‍ഗ്രസിന്റെ ദുര്‍ഭരണം വരെയുള്ള എല്ലാവരെയും കുറ്റപ്പെടുത്തിയതിനു ശേഷം നമ്മുടെ വിദ്വാന്മാര്‍ പറയുന്നു, പി.എന്‍.ബി തട്ടിപ്പിന് ഓഡിറ്റര്‍മാരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന്. ദൈവത്തിന് നന്ദി…അവര്‍ പ്യൂണ്‍മാരെ വെറുതെ വിട്ടതിന്. പി.എന്‍.ബിയുടെ യഥാര്‍ഥ ഉടമസ്ഥര്‍ എന്ന നിലയില്‍ കഴിഞ്ഞ ആറുവര്‍ഷത്തില്‍ നാലുവര്‍ഷവും സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നു എന്നാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം” എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്.
ബാങ്ക് മാനേജ്‌മെന്റിനെയും ഓഡിറ്റര്‍മാരെയുമാണ് പി.എന്‍.ബി തട്ടിപ്പിനു ശേഷം നടത്തിയ ആദ്യപ്രതികരണത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തിയിരുന്നത്. “ബാങ്കിലെ ഓഡിറ്റര്‍മാരുടെ പിഴവാണ് ഇത്രയും തുക നഷ്ടപ്പെടുത്താന്‍ ഇടയാക്കിയത്. തട്ടിപ്പുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ സ്വയം പരിശോധിക്കണം, ബാങ്ക് മാനേജ്‌മെന്റും ഓഡിറ്റര്‍മാരുമാണ് കുറ്റക്കാര്‍ എന്നും” ജയ്റ്റ്‌ലി പറയുകയുണ്ടായി.