| Thursday, 15th August 2024, 3:11 pm

തനിത്തങ്കം തന്നെ

അമര്‍നാഥ് എം.

മണ്ണിനോടും പൊന്നിനോടുമുള്ള മനുഷ്യന്റെ ആഗ്രഹം ഒരുകാലത്തും തീരാത്തതാണ്. സാമ്രാജ്യങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ടി അധികാരികള്‍ നടത്തുന്ന യുദ്ധങ്ങളും ജനിച്ച മണ്ണ് സംരക്ഷിക്കാന്‍ സാധാരണക്കാര്‍ നടത്തുന്ന ചെറുത്തുനില്പും എല്ലാകാലത്തും നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. പ്രകൃതിയാല്‍ സൃഷ്ടിച്ച അളവില്ലാത്ത സ്വര്‍ണസമ്പത്ത് സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഒരു ജനതയും കാലങ്ങളായി അതിലേക്ക് അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന പല അധികാരികളുടെയും കഥയാണ് തങ്കലാന്‍ പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണഖനിയായ കോലാര്‍ ഖനിയുടെ കഥയാണ് തങ്കലാനിലൂടെ പാ. രഞ്ജിത് പറഞ്ഞിരിക്കുന്നത്. ബി.സി അഞ്ചാം നൂറ്റാണ്ട് മുതല്‍ എ.ഡി 1850 വരെയുള്ള കഥ തങ്കലാനില്‍ പ്രതിപാദിക്കുന്നുണ്ട്. രാപ്പകല്‍ പാടത്ത് പണിയെടുത്തിട്ടും അടിമകളെപ്പോലെ കഴിയേണ്ടി വരുന്ന ജനത പിന്നീട് ബ്രിട്ടീഷുകാരുടെ വാഗ്ദാനം കേട്ട് സ്വര്‍ണഖനിയിലേക്ക് പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ചോളസാമ്രാജ്യത്തിന് പോലും ലഭിക്കാത്ത അമൂല്യഖനിയെ സംരക്ഷിക്കുന്ന ആരതി എന്ന ഗ്രാമദേവതയെ പേടിച്ച് പലരും സ്വര്‍ണമുള്ളിടത്തേക്ക് പോകാറില്ല. പോയവര്‍ തിരിച്ച് വന്നിട്ടുമില്ല. അവിടേക്കാണ് ബ്രിട്ടീഷുകാരുടെ കൂടെ തങ്കലാന്‍ എന്ന കര്‍ഷകന്‍ പോകുന്നത്. തങ്കാലനും ഖനിയും തമ്മില്‍ തലമുറകളായി ബന്ധമുണ്ട്. ആരതിയോട് അയാള്‍ക്ക് പകയുമുണ്ട്. ചരിത്രത്തോടൊപ്പം സ്വല്പം ഫാന്റസിയും ചേര്‍ത്താണ് പാ.രഞ്ജിത്ത് കഥ പറഞ്ഞിരിക്കുന്നത്. മുന്‍ സിനിമകളിലെപ്പോലെ തന്റെ രാഷ്ട്രീയം ഈ സിനിമയിലും രഞ്ജിത് ശക്തമായി പറയുന്നുണ്ട്.

കഥ നടക്കുന്ന ലോകം പരിചയപ്പെടുത്താന്‍ ആദ്യത്തെ അരമണിക്കൂറില്‍ തന്നെ രഞ്ജിത്തിന് സാധിച്ചിട്ടുണ്ട്. അവിടെ നിന്ന് തങ്കലാന്‍ സ്വര്‍ണമുള്ളിടത്തേക്കെത്തുന്ന സീന്‍ മികച്ചതായിരുന്നു. ഇന്റര്‍വെല്ലിനോടടുക്കുമ്പോളുള്ള 20 മിനിറ്റ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ജി.വി. പ്രകാശ്കുമാറിന്റെ ഗംഭീര ബി.ജി.എമ്മും, ചിയാന്‍ വിക്രമിന്റെ പെര്‍ഫോമന്‍സും അതിഗംഭീരമെന്നേ പറയാനുള്ളൂ.

രണ്ടാം പകുതിയിലെ ആദ്യ അരമണിക്കൂറിന് ശേഷം സിനിമ ഡൗണ്‍ ആകുന്നുണ്ട്. വിക്രമിന്റെ കഥാപാത്രത്തിനുണ്ടാകുന്ന ഡെല്യൂഷന്‍ പ്രേക്ഷകരെയും കണ്‍ഫ്യൂഷനിലാക്കുന്നുണ്ട്. അതിന് ശേഷം വരുന്ന ക്ലൈമാക്‌സ് സീക്വന്‍സിലൂടെ ചിത്രം വീണ്ടും ട്രാക്കില്‍ കയറി. കാലാകാലങ്ങളായി അടിമകളായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ജനതയുടെ അമര്‍ഷവും നിസ്സഹായതയും പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ രഞ്ജിത് വിജയിച്ചു.

സേതു, പിതാമകന്‍, അന്ന്യന്‍, മഹാന്‍, ദൈവത്തിരുമകള്‍ എന്നീ സിനിമകളിലൂടെ വിക്രമിന്റെ റേഞ്ച് നമ്മള്‍ അറിഞ്ഞതാണ്. തങ്കാലനിലെത്തുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ കഥാപാത്രങ്ങള്‍ ചിയാനില്‍ ഭദ്രമായിരുന്നു. രണ്ടാം പകുതിയില്‍ കുതിരപ്പുറത്ത് വരുന്ന സീന്‍ തിയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റി. പെര്‍ഫോമന്‍സ് കൊണ്ട് പാര്‍വതി ഞെട്ടിക്കുമെന്ന് ഉറപ്പായിരുന്നു. ഗംഗമ്മാളിനെ പാര്‍വതിയും ഗംഭീരമാക്കി.

പക്ഷേ ഞെട്ടിച്ചുകളഞ്ഞത് മാളവികയാണ്. ആരതി സ്‌ക്രീനില്‍ വരുന്ന ഓരോ സീനിലും വിക്രമിനെപ്പോലും സൈഡാക്കുന്ന പെര്‍ഫോമന്‍സായിരുന്നു. ഡയലോഗുകളില്ലാത്ത സീനില്‍ പോലും മാളവിക തന്റെ കണ്ണുകള്‍ കൊണ്ട് പ്രേക്ഷകനെ ഞെട്ടിച്ചു. മാളവികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ആരതി.

ജി.വി. പ്രകാശ്കുമാര്‍… അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഒരിക്കലും ജി.വി.പിയെത്തേടി എത്തിയിട്ടില്ല. ആദ്യസിനിമയായ വെയിലില്‍ നിന്ന് തങ്കലാനിലേക്കെത്തുമ്പോള്‍ തന്റെ പ്രതിഭക്ക് യാതൊരു മങ്ങലും വന്നിട്ടില്ല എന്ന് ജി.വി. പ്രകാശ് തെളിയിച്ചു. സൂരറൈ പോട്രിന് ശേഷം അടുത്ത ദേശീയ അവാര്‍ഡ് തന്റെ പേരിലാക്കുമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള സംഗീതമാണ് തങ്കലാന് വേണ്ടി ജി.വി.പി ഒരുക്കിയിട്ടുള്ളത്.

കിഷോര്‍കമാറിന്റെ ഛായാഗ്രഹണവും, എസ്.എസ് മൂര്‍ത്തിയുടെ ആര്‍ട്ട് ഡയറക്ഷനും സിനിമയോട് ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു. രണ്ടാം പകുതിയില്‍ ചില സീനുകള്‍ കണക്ടാകാത്തത് മാറ്റി നിര്‍ത്തിയാല്‍ തമിഴില്‍ നിന്ന് ഈ വര്‍ഷം വന്ന മികച്ച സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന സിനിമ തന്നെയാണ് തങ്കലാന്‍.

Content Highlight: Thangalaan movie Review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more