| Friday, 28th June 2019, 1:30 pm

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുംബൈയില്‍ മുസ്‌ലീം ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനം; മൂന്ന് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലീം ടാക്‌സി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

25 കാരനായ ഫൈഫസല്‍ ഉസ്മാന്‍ ഖാന്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. താനെയിലെ ദിവാ ഏരിയയില്‍ വെച്ചായിരുന്നു സംഭവം.

3 മണിയോടെ താനെയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവമെന്ന് ഫൈസല്‍ പറയുന്നു. ‘ മാനവ് കല്യാണ്‍ ആശുപത്രിയില്‍ നിന്നും മൂന്ന് പേരെ വണ്ടിയില്‍ കയറ്റി കൊണ്ടുപോകുയായിരുന്നു.

കാര്‍ പെട്ടെന്ന് ബ്രേക്ക് ഡൗണ്‍ ആയി. പാര്‍ക്കിങ് ലൈറ്റ് ഇട്ട ശേഷം എന്താണ് തകരാര്‍ എന്ന് നോക്കുകയായിരുന്നു. കാര്‍ വീണ്ടും സ്റ്റാര്‍ട് ചെയ്യാന്‍ ശ്രമിക്കുന്നതിനടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം എന്തിനാണ് വണ്ടി നടുറോട്ടില്‍ നിര്‍ത്തിയതെന്ന് ചോദിച്ച് തര്‍ക്കം തുടങ്ങി.

കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും വണ്ടിയില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഇടപെടാന്‍ തുടങ്ങിയെങ്കിലും അവരേയും ഭീഷണിപ്പെടുത്തി.

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന അവര്‍. ഞാന്‍ മുസ്‌ലീമാണെന്ന് തിരിച്ചറിഞ്ഞതോടെ ‘ജയ് ശ്രീറാം’ എന്ന് വിളിക്കാനും ആവശ്യപ്പെട്ട് മര്‍ദിച്ചു.

ഇതോടെ ടാക്‌സിലുണ്ടായിരുന്ന ഒരാള്‍ പൊലീസിനെ ഫോണ്‍ ചെയ്തു. അദ്ദേഹത്തിന്റെ ഫോണ്‍ അക്രമികള്‍ പിടിച്ചുവാങ്ങുകയും എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. എന്റെ ഫോണും അവര്‍ കൊണ്ടുപോയി- അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അക്രമികള്‍ പോയ ശേഷം സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു ഫൈസല്‍. അക്രമികള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിനും മോഷണത്തിനുമാണ് കേസെടുത്തത്. അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.

We use cookies to give you the best possible experience. Learn more