മുംബൈ: ഗാന്ധിയെ കുറിച്ചുള്ള വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ ഹിന്ദുത്വ സംഘടനാ നേതാവ് കാളീചരണ്‍ മഹാരാജിനെ മറ്റൊരു കേസില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് മഹാരാഷ്ട്ര താനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി.
ബുധനാഴ്ച രാത്രി ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ വെച്ചാണ് നൗപാദ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാനമായ കേസില്‍ ജയിലില്‍ കഴിയവെയാണ് കാളീചരണിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
ട്രാന്‍സിസ്റ്റ് റിമാന്‍ഡില്‍ വ്യാഴാഴ്ച വൈകീട്ടോടെ മഹാരാഷ്ട്രയിലെത്തിച്ച ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കനത്ത സുരക്ഷയായിരുന്നു കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ കാളീചരണ്‍ മഹാരാജിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര അവ്ഹാദിന്റെ പരാതിക്ക് പിന്നാലെയാണ് മഹാരാഷ്ട്രയിലെ നൗപാദ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലും സമാനമായ മറ്റു സംഭവങ്ങളുടെ പേരിലും മഹാരാഷ്ട്രയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
റായ്പൂരില്‍ വെച്ച് അറസിറ്റിലായപ്പോഴും ഇയാളെ പുറത്തു വിടണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വപ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.
ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന സന്യാസി സമ്മേളനത്തില്‍ വെച്ചായിരുന്നു മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തി ഹിന്ദുത്വ കാളീചരണ്‍ മഹാരാജ് സംസാരിച്ചത്.
ഗാന്ധിയെ കൊന്നതുകൊണ്ട് നാഥുറാം ഗോഡ്‌സെയെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നായിരുന്നു അയാള്‍ പറഞ്ഞത്. രാഷ്ട്രീയത്തിലൂടെ രാജ്യം പിടിച്ചെടുക്കുകയാണ് മുസ്‌ലിങ്ങളുടെ ലക്ഷ്യമെന്നും ഇയാള്‍ വിദ്വേഷ പരമാര്‍ശം നടത്തിയിരന്നു.
അതേസമയം ദല്‍ഹിയിലും ഹരിദ്വാറിലുമായി മുസ്‌ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൈന്യത്തിലെ അഞ്ച് മുന്‍ സ്റ്റാഫ് തലവന്മാര്‍ ചേര്‍ന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിട്ടുണ്ട്.
ഹരിദ്വാറില്‍ നടന്ന മതപരിപാടിയിലായിരുന്നു മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ മുസ്ലിങ്ങള്‍ക്കെതിരെ പോരാടുകയും അവരെ കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുള്‍പ്പെടെ ഹിന്ദു യുവവാഹിനി സംഘടനയുടെ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു.
ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Thane court sends Kalicharan Maharaj to 14-day judicial custody