| Friday, 8th December 2017, 8:53 pm

ഓഖി ദുരന്തം; കേരള സര്‍ക്കാരിന്റെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

എഡിറ്റര്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി നന്ദി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പണറായി വിജയന് അയച്ച കത്തിലൂടെയാണ് പളനിസ്വാമി കേരളത്തിനുള്ള നന്ദി അറിയിച്ചത്.

“അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോയ തമിഴ്‌നാട് മത്സ്യത്തൊഴിലാളില്‍ ഒരുപാട് പേര്‍ രക്ഷപ്പെട്ട് കേരള തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന്” പളനിസ്വാമി അയച്ച കത്തില്‍ പറയുന്നു.


Also Read: എം.എല്‍.എ സ്ഥാനം മടുത്തു, ഇനി മത്സരിക്കില്ല; ശേഷ കാലം ആശ്രമ ജീവിതവുമായി മുന്നോട്ട് പോകുമെന്നും രാജഗോപാല്‍


തമിഴ്‌നാട് മുഖ്യമന്ത്രി അയച്ച കത്തിന്റെ പകര്‍പ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് മുഖ്യമന്ത്രി തന്നെയാണ് തമിഴ്‌നാട് നന്ദി പ്രകടിപ്പിച്ച വാര്‍ത്ത പുറത്തുവിട്ടത്. കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിനു നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നല്‍കുക.

തൊഴിലില്ലാത്ത മത്സ്യതൊഴിലാളി കുടുംബത്തിന് ആഴ്ചയില്‍ രണ്ടായിരം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഓരോ ദിവസവും മുതിര്‍ന്നവര്‍ക്ക് 60 രൂപവീതവും കുട്ടികള്‍ക്ക് 45 രൂപവീതവും നല്‍കുന്നതിന് പകരമായാണിത്.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും കുറവാണെന്ന നിലയില്‍ ഇതരകോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more