തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. വിജയ് പി. നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
തനിക്ക് പരാതിയില്ലെന്നും താന്‍ ചെയ്ത തെറ്റ് മനസിലായെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു ഇയാള്‍ മാധ്യമങ്ങളോടും സംഭവ സമയം സ്ഥലത്തെത്തിയ പൊലീസിനോടും ആദ്യം പറഞ്ഞിരുന്നത്.
അതേസമയം സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തി വിജയ് പി. നായര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.
യുട്യൂബ് ചാനലിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും രംഗത്തെത്തിയിരുന്നു.
മാന്യമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിജയ് പി. നായരുടെ ഓഫീസിലെത്തിയപ്പോള്‍ കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും അദ്ദേഹം തന്നെയാണെന്നും ദിയ സന പറയുന്നു.
‘പല സ്ത്രീകളെക്കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ തന്റെ ചാനലിലൂടെ നിരന്തരം നടത്തുന്ന ആളാണ് ഇദ്ദേഹം. ഞങ്ങള്‍ മൂന്ന് പേരും കൂടി അതേക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയാണ് ഓഫീസിലേക്ക് ചെന്നത്. ഞാനൊരു ആക്ടിവിസ്റ്റ് കൂടിയാണ്. സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങളിലെല്ലാം സജീവമായിത്തന്നെ ഇടപെടുന്ന ആളാണ്. ആ നിലക്ക് കൂടിയാണ് ഞാനതിനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഞങ്ങളെ കേള്‍ക്കാനുള്ള ക്ഷമ കാണിക്കാതെ ഞങ്ങളെ തെറി വിളിക്കുകയും ബലമായി പിടിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തത് അദ്ദേഹമാണ്. കയ്യില്‍ കയറിപ്പിടിച്ചപ്പോഴാണ് തിരിച്ച് അടിച്ചത്. പിന്നെ അദ്ദേഹത്തിന്റെ മേലൊഴിച്ചത് കരി ഓയിലല്ല. മഷിയാണ്. അത് ശ്രീലക്ഷ്മിയുടെ കൈയ്യില്‍ ഉണ്ടായിരുന്നതാണ്. അവര്‍ ഒരധ്യാപികയാണ്,’ ദിയ പറയുന്നു.
ഇതിന്റെ പേരില്‍ ഉണ്ടാവുന്ന എല്ലാ നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
‘സഹിക്കാനാവാത്ത അവസ്ഥയില്‍ നിന്നാണ് പ്രതികരിച്ചത് എന്നല്ല പറയേണ്ടത്. സഹിക്കാനാവാത്ത അവസ്ഥയിലൊക്കെ എന്നോ ആയതാണ്. ഇനി ഇതിന്റെ പേരില്‍ എന്ത് പ്രശ്നം വന്നാലും ഞങ്ങളത് നേരിടും. കാരണം ഇത്രയും കാലം കൊണ്ടും സോഷ്യല്‍ മീഡിയയിലും മറ്റുമായി ഞങ്ങളൊക്കെ നേരിട്ട അനുഭവും ഉണ്ടല്ലോ, അതില്‍ നിന്ന് ഞങ്ങള്‍ക്കൊക്കെ സാമാന്യം തൊലിക്കട്ടി ആയിട്ടുണ്ട്. ഇതിന്റെ പേരില്‍ വരുന്ന നിയമ നടപടിയും ഞങ്ങള്‍ നേരിടും. അത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ്.
ഇതു തന്നെ ഒരു പുരുഷന്‍ ചെയ്താല്‍ കൈയ്യടിക്കാന്‍ ആളുണ്ടാവും. പെണ്ണാണെങ്കില്‍ അവള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നേരിട്ട് പ്രതികരിക്കാന്‍ പാടില്ല, അതിനും പുരുഷനെ ആശ്രയിക്കണം എന്നതാണ് അവസ്ഥ,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക