| Friday, 3rd February 2017, 9:48 am

താമരശ്ശേരി വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികള്‍ക്ക് നേരെ ദുരാചാരഗുണ്ടാ ആക്രമണം : 20 പേര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താമരശ്ശി കട്ടിപ്പാറയില്‍ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികള്‍ക്ക് നേരെ ദുരാചാര ഗുണ്ടാ ആക്രമണം. ചെമ്പ്രകുടയില്‍ കോഴിക്കോട് സ്വദേശി  ഹാരിസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെത്തിയ സുഹൃത്തിനേയും ഭാര്യയേയുമാണ് 20 ഓളം വരുന്ന സംഘം അക്രമിച്ചത്. പുഴയോരത്തുള്ള താത്കാലിക വീടും ഇവര്‍ അടിച്ചുതകര്‍ത്തു.

കോഴിക്കോട് കുതിരവട്ടം സ്വദേശികളായ റനിലും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. റനിലിന്റെ സുഹൃത്തും മാങ്കാവ് സ്വദേശിയുമായ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള കട്ടിപ്പാറ ചെമ്പ്രകുടയില്‍ പൂനൂര്‍ പുഴയോരത്തുള്ള താത്ക്കാലിക വീട്ടിലായിരുന്നു സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കട്ടിപ്പാറയിലെത്തിയ ദമ്പതികളെ ഞായറാഴ്ച രാവിലെ മുതല്‍ ഒരു സംഘം ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് വീട്ടുടമ സ്ഥലത്തെത്തിയതോടെ പിന്മാറിയ സംഘം രാത്രി എട്ട് മണിയോടെ കൂടുതല്‍ ആളുകളുമായി എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. വീട്ടില്‍ ദമ്പതികളെ ഇവര്‍ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളുടെ കുടുംബഫോട്ടോ വരെ കാണിച്ചുകൊടുത്തതോടെയാണ് അവര്‍ അക്രമം അവസാനിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു.


സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരുന്ന പുഴയോടുചേര്‍ന്നുള്ള സ്ഥലം ചുറ്റുമതില്‍കെട്ടി വേര്‍തിരിച്ചതിലുള്ള വിരോധനമാണ് അക്രമത്തിന് കാരണമെന്നാണ് സംശയം.

സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ താമരശ്ശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ദമ്പതികളുടെ പരാതിയിന്‍മേലാണ് കേസ് എടുത്തത്. എന്നാല്‍ പ്രതികളെല്ലാവരും ഒളിവില്‍ പോയിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more