| Friday, 6th October 2023, 9:27 am

വൈദികന് വിചാരണ; മത കോടതി രൂപീകരിച്ച് താമരശ്ശേരി രൂപത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സഭാ നേതൃത്വത്തെ വിമർശിച്ച വൈദികനെ വിചാരണ ചെയ്യാൻ മത കോടതി രൂപീകരിച്ച് താമരശ്ശേരി രൂപത. ഫാ. തോമസ് അജി പുതിയപറമ്പിലിനെ വിചാരണ ചെയ്യുവാനാണ് രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനീയിൽ മത കോടതി രൂപീകരിച്ചെന്ന വിചിത്ര ഉത്തരവിറക്കിയത്.

വിശ്വാസികളോട് കലാപത്തിന് ആഹ്വാനം ചെയ്തു, സീറോ മലബാർ സഭാ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളിലാണ് വിചാരണ.

ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷനാകുന്ന വിചാരണ കോടതിയിൽ ഫാ. ജെയിംസ് കല്ലിങ്കൽ, ഫാ. ആന്റണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ.

അതേസമയം, ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതിയെന്നും സഭയിലെ അഴിമതിയും ജീർണതയും തുറന്നുകാണിച്ചതിനാണ് തനിക്കെതിരെ നടപടി എടുത്തതെന്നും ഫാ. തോമസ് അജി പുതിയാപറമ്പിൽ ആരോപിച്ചു.

സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും നിയമനങ്ങളിലെ കോഴവാങ്ങലിനെയും എതിർത്ത തന്നെ പുറത്താക്കാനാണ് വിചാരണ കോടതി സ്ഥാപിച്ചതെന്നും ഫാ. അജി പുതിയപറമ്പിൽ പറഞ്ഞതായി ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട് ചെയ്തു.

ഫാ. അജി പുതിയപറമ്പിലിനെ അദ്ദേഹത്തിന് നിശ്ചയിച്ച പള്ളിയിൽ ചുമതല കേൾക്കാൻ വിസമ്മതിച്ചതിന് ജൂലൈയിൽ താമരശ്ശേരി രൂപത ബിഷപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

സഭാ സിനഡ് തീരുമാനത്തിനെതിരെ പൊതുപ്രസംഗങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലെ അപകീർത്തികരമായ സന്ദേശങ്ങളിലൂടെയും സഭയിലെ അച്ചടക്കം ലംഘിച്ചു എന്നും അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിരുന്നു. മണിപ്പൂരിലെ കലാപ വിഷയം സഭ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെയായിരുന്നു വൈദികന്റെ വിമർശനം.

Content Highlight: Thamarassery diocese to form Religious court to trial Father Aji Puthiyaparambil

We use cookies to give you the best possible experience. Learn more