Daily News
മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നതായി താമരശേരി ബിഷപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 05, 10:47 am
Friday, 5th December 2014, 4:17 pm

KCBC
കോഴിക്കോട്:  മന്ത്രി കെ.എം മാണി മദ്യലോബിയില്‍ നിന്ന് കോഴ വാങ്ങിയിരുന്നുവെന്ന് വിശ്വസിക്കുന്നതായി താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയസ്. നേരത്തെ തങ്ങള്‍ ഇത് വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ മദ്യ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമ്പോള്‍ കോഴ വാങ്ങിയെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി യുടെ മദ്യ വിരുദ്ധ സമിതി സമ്മേളനത്തിലാണ് അദ്ദേഹം മാണിക്കെതിരെ ആഞ്ഞടിച്ചത്. കെ.സി.ബി.സി യുടെ മദ്യ വിരുദ്ധ സമിതി ചെയര്‍മാനാണ് ബിഷപ്.

അടുത്ത തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും ആര്‍ത്തി പൂണ്ട ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. അതേ സമയം തെറ്റിദ്ധാരണയുടെ പേരിലാണ് പിതാവ് സംസാരിക്കുന്നതെന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ് ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്.

അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്ന ആളാണ് താമരശേരി ബിഷപ്പ് എന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു കസ്തൂരി രംഗന്‍ വിഷയത്തിലടക്കം അദ്ദേഹം ഈ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു