| Monday, 19th December 2022, 7:22 pm

ജീവനുള്ളിടത്തോളം കാലം ബഫര്‍സോണ്‍ അനുവദിക്കില്ല; ചോര ഒഴുക്കിയും തടയും: താമരശ്ശേരി ബിഷപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബഫര്‍സോണിനെതിരെ നിലപാട് കടുപ്പിച്ച് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ലെന്ന് ബിഷപ്പ് റെമിജിയോസ് പറഞ്ഞു. കൂരാച്ചുണ്ടില്‍ വെച്ച് നടത്തിയ ജനജാഗ്രതയാത്രയില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. ഈ സര്‍ക്കാരിന് മുന്നില്ല തോല്‍ക്കില്ല. ചോര ഒഴുക്കിയും ബഫര്‍സോണ്‍ തടയും,’ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട ബിഷപ്പ്, മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളം എന്തുകൊണ്ട് സ്‌റ്റേ വാങ്ങിയില്ലെന്നും ചോദിച്ചു.

ബഫര്‍സോണിന്റെ ഭാഗമായി നടക്കുന്ന ഉപഗ്രഹ സര്‍വേക്ക് പിന്നില്‍ നിഗൂഢതയുണ്ട്. സര്‍ക്കാര്‍ നടപടിയില്‍ അടിമുടി സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഗ്രഹ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ തയ്യാറാക്കിയ മാപ്പ് പിന്‍വലിക്കണമെന്നും പകരം പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍വേ നടത്തി അതിര്‍ത്തികള്‍ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനജാഗ്രത യാത്ര നടത്തിയിരുന്നത്.

സര്‍ക്കാരിന് മുമ്പില്‍ പല തവണ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അല്‍പം പോലും ആത്മാര്‍ത്ഥതയില്ലാത്ത നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കഴിഞ്ഞ ദിവസം ബിഷപ്പ് റെമിജിയോസ് പറഞ്ഞിരുന്നു.

Content Highlight: Thamarassery Bishop against Buffer Zone

We use cookies to give you the best possible experience. Learn more