| Friday, 7th July 2023, 9:23 pm

ഇന്ന് മണിപ്പൂരാണെങ്കില്‍, നാളെ കേരളം; ചിലരുടെ മൗനം ഭയപ്പെടുത്തുന്നു: താമരശേരി രൂപതാ ബിഷപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മണിപ്പൂരില്‍ ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്ന് താമരശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ തിരക്കഥ തയ്യാറാക്കിയുള്ള ആക്രമണമാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയുണ്ടെന്നും വര്‍ഗീയതക്കെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ മണിപ്പൂരിലെ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എം.കെ. രാഘവന്‍ എം.പി നയിക്കുന്ന ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ മണിപ്പൂരില്‍ സംഭവിക്കുന്നത് പോലുള്ള ഒരു പ്രശ്‌നം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിഷപ് പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന സുരക്ഷയും സമാധാനവും മണിപ്പൂരില്‍ പുനസ്ഥാപിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂട്ടി കാര്യങ്ങള്‍ ക്രമീകരിക്കുകയാണ് മണിപ്പൂരില്‍. മാസങ്ങള്‍ക്ക് മുമ്പേ മെനഞ്ഞെടുത്ത ഒരു നാടകം സ്‌ക്രിപ്റ്റ് എല്ലാം തയ്യറാക്കി നടപ്പിലാക്കി.

48 മണിക്കൂറുകള്‍ക്കുള്ളില്‍ 200 ലധികം ദേവാലയങ്ങളും ആരാധനാലയങ്ങളും തകര്‍ക്കാന്‍ ഒരു വിഭാഗത്തിന് സാധിച്ചെങ്കില്‍ അത് എത്രയോ കിരാതമായ നടപടിയാണ്. സ്വതന്ത്ര്യാനന്തര ഭരതത്തില്‍ ഇത്തരമൊരു പ്രവൃത്തി നാം ആരെങ്കിലും പ്രതീക്ഷിച്ചോ.

ഭരണഘടന നമുക്ക് നല്‍കേണ്ട സമാധാനം നമുക്ക് എവിടെ നിന്നാണ് ലഭിക്കേണ്ടത്. ജനപ്രതിനിധികളും ഭരണാധികാരികളും നമുക്കിവിടെയുണ്ട്.
തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അവര്‍ പുലര്‍ത്തുന്ന മൗനം, അവരുടെ അസാന്നിധ്യം, അവരുടെ സഹകരണം നമ്മെ ഭയപ്പെടുത്തുന്നതാണ്.

മഹാത്മാ ഗാന്ധിയെ പോലുള്ള ആളുകളെയാണ് ഇന്ന് രാജ്യം തിരയുന്നത്. ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാകുമോ എന്ന ഭയം നമുക്കുണ്ട്,’ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ഉപവാസത്തിന് നേതൃത്വം നല്‍കി എം.കെ. രാഘവന്‍ എം.പിയുടെ മുന്നോട്ടുവരവ് മഹത്തായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Thamarashery diocese Bishop  said on  Manipur issue 

We use cookies to give you the best possible experience. Learn more