നടി നയൻതാരയുടെ ജീവിതത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നു നടി തമന്ന. നയൻതാര വളരെ സ്‌ട്രോങ് ആയിട്ടുള്ള ഒരു സ്ത്രീയാണെന്നും എല്ലാവർക്കും പ്രചോദനം ആണെന്നും തമന്ന പറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാനും നയൻതാരയും ‘സായെ റാ നരസിംഹ റെഡ്ഢി’ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചു. ഞങ്ങൾക്ക് രണ്ട് പേർക്കും വളരെ ബോൾഡും പവർഫുള്ളുമായ റോളുകളാണ് അ ആചിത്രത്തിൽ ലഭിച്ചത്.
ഇത്രയും നാൾ വളരെ ശ്രദ്ധേയമായ റോളുകൾ ചെയ്ത് ഇൻഡസ്ട്രിയിൽ നിന്ന നടിമാരിൽ ഒരാളാണ് നയൻ. വളർച്ചക്കനുസരിച്ച് ഒരുപാട് ഫാൻസിനെ ഉണ്ടാക്കാൻ പറ്റി പുള്ളിക്കാരിക്ക്. ഞങ്ങൾ ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ സെറ്റിൽവെച്ചാണ്. അപ്പോൾ തന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു. ഇപ്പോഴും ഞങ്ങൾ തമ്മിൽ സംസാരിക്കും.
രണ്ട് പെൺകുട്ടികൾ സംസാരിക്കുന്നതുപോലെയാണ് ഞങ്ങളുടെ ചാറ്റ്. രണ്ട് ഹീറോയിൻസ് സംസാരിക്കുന്നതുപോലെയുള്ള കാര്യങ്ങളല്ല ഞങ്ങൾ പറയുന്നത്. ഞങ്ങൾ ജീവിതത്തെപ്പറ്റിയും റിലേഷൻഷിപ്പിനെപ്പറ്റിയും ഒക്കെ സംസാരിക്കാറുണ്ട്.
പക്ഷെ അങ്ങോട്ടുമിങ്ങോട്ടും ഉപദേശങ്ങളൊന്നും കൊടുക്കില്ലാട്ടോ. സംസാരിക്കുന്നത് മുഴുവൻ ജീവിതങ്ങളും, അനുഭവങ്ങളും ഒക്കെയാണ്. ‘നിങ്ങൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? എനിക്ക് സംഭവിച്ചിട്ടുണ്ട്’ എന്നൊക്കെയുള്ള ചെറിയ കാര്യങ്ങളാണ്. അതോക്കെ വളരെ രസകരമായ അനുഭവങ്ങളാണ്. സിനിമക്ക് ശേഷം കണ്ടിട്ടില്ല. ചാറ്റ് ,മാത്രമേയുള്ളു.
നയൻ ശരിക്കും ഒരു സ്‌ട്രോങ് ആയിട്ടുള്ള സ്ത്രീയാണ്, അതുകൊണ്ട് വളരെ പ്രചോദനം തന്നിയിട്ടുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെ ഉയർന്നുവന്ന സ്ത്രീയാണ്. ഇവിടെ വരെയുള്ള നയൻതാരയുടെ യാത്രകളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്,’ തമന്ന പറഞ്ഞു.
നെല്‍സണ്‍ ദിലിപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായ ജയിലറാണ് തമന്ന അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. വസന്ത് രവി, മോഹൻലാൽ, മിർണ, രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.