| Wednesday, 5th June 2019, 6:37 pm

തമാശ ചിരിയാണ് ചിന്തയാണ്.... ഫീല്‍ ഗുഡിന്റെ മറ്റൊരു വ്യാഖ്യാനവും...

ശംഭു ദേവ്

ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് സുഡാനി ഫ്രം നൈജീരിയയിലൂടെ സക്കറിയയെ പോലെയൊരു സംവിധായകനെ മലയാള സിനിമക്ക് സമ്മാനിച്ചതാണ്. മലയാള സിനിമയുടെ നവമുദ്ര പതിക്കുന്നതില്‍ ചിത്രം വാണിജ്യപരമായി വിജയിക്കുകയും ചെയ്തു.

സൗബിന്‍ എന്ന നടന്റെ മികച്ച പ്രകടനം കൂടി ആവിഷ്‌കരിച്ച ചിത്രമായിരുന്നു സുഡാനി. ഒപ്പം പ്രായഭേദമന്യേ ഒരുപറ്റം പുതുമുഖങ്ങളുടെ വരവറിയിച്ച ചിത്രം കൂടിയായിരുന്നു അത്. ഇത്തവണ ഒരു പുതുമുഖ സംവിധായകന്റെ ഒപ്പമാണ് ഹാപ്പി ഹവേഴ്‌സിന്റെ വരവ്. ഒപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെയും പ്രൊഡക്ഷന്‍ സൈഡിലെ സാന്നിധ്യവുമുണ്ട്. സുഡാനിയില്‍ നിന്ന് തമാശയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഉപയോഗപ്രദമാക്കാതെ പോയ മറ്റൊരു നടനിലെ സാധ്യതയിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്.

ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് തമാശയാകുന്ന വിഷയങ്ങള്‍ മറ്റൊരു തലത്തില്‍ സങ്കടം സൃഷ്ടിക്കുന്നതാണ്. ശ്രീനിവാസന്‍ എന്ന മലയാളം പഠിപ്പിക്കുന്ന കോളേജ് അധ്യാപകന്റെ ബാച്ചിലര്‍ ജീവിതവും അതിലുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ചിത്രം. വീട്ടില്‍ സ്ഥിരമായി കല്യാണ ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും പച്ച പിടിക്കാത്തതിന്റെ കാരണവുമെല്ലാം വളരെ റിയലിസ്റ്റിക് ആയി തന്നെ ചിത്രത്തില്‍ പറഞ്ഞുപോകുന്നുണ്ട്.

പൊന്നാനിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്ന ഒരു മാഷിന്റെ ജീവിത കഥയാണ് തമാശ. നര്‍മ്മത്തില്‍ ചാലിച്ച അസ്സല്‍ ഫീല്‍ ഗുഡ് ചിത്രം. ഒട്ടും കെട്ടിച്ചമച്ചതെന്ന് തോന്നിക്കാത്ത വിധം സത്യസന്ധതയുള്ള നര്‍മ്മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ചിത്രം.

ഫീല്‍ ഗുഡ് ചിത്രത്തിന് വേണ്ടി അണിയിച്ചൊരുക്കുന്ന അമിതമായ പോസിറ്റിവിറ്റിയോ കഥാപാത്രങ്ങളില്‍ കുത്തിവെക്കുന്ന നന്മയോ ഒന്നും ഇല്ലാതെ മനുഷ്യമനസ്സിനോട് ചേര്‍ന്ന് നിന്ന് കഥ പറയാന്‍ അഷ്‌റഫ് ഹംസ എന്ന സംവിധായകന് സാധിച്ചു, തമാശ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ നിന്ന് വരുന്ന ചിരി കുറച്ച് നിമിഷങ്ങള്‍ക്ക് അപ്പുറവും കരകവിഞ്ഞൊഴുകുന്നത് അതിന്റെ ഉദാഹരണമാണ്.

പ്രകടനത്തില്‍ വിനയ് ഫോര്‍ട്ട് ഇതുവരെ അവതരിപ്പിച്ചതില്‍ വേറിട്ട് നില്‍ക്കുന്ന കഥാപാത്രമാണ് ശ്രീനിവാസന്‍. സഹനടന്‍ വേഷങ്ങളില്‍ നിന്ന് വിനയ് ഫോര്‍ട്ടിന്റെ കരിയറിലെ മറ്റൊരു തലത്തിലേക്കുള്ള മാറ്റമാണ് തമാശ എന്ന ചിത്രം. ഇതുവരെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതുമാണ് ശ്രീനിവാസന്‍ എന്ന കഥാപാത്രം.

പ്രേമത്തിലെ വിമല്‍ സാറും തമാശയിലെ ശ്രീനിവാസന്‍ മാഷും രണ്ടും രണ്ട് തലത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളായാണ് അനുഭവപ്പെട്ടത്. ചെയ്യുന്ന തൊഴില്‍ മാത്രമാണ് സാമ്യത. കഥാപാത്ര നിര്‍മ്മിതിയും ശരീര ഭാഷയുമെല്ലാം വിനയ് ഫോര്‍ട്ട് എന്ന നടനെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഹാസ്യവും സംഭാഷണ ശൈലിയുമെല്ലാം പക്വതയോടെ കൈകാര്യം ചെയ്യുന്നുണ്ട് വിനയ് ഫോര്‍ട്ട് എന്ന നടന്‍.

നായികയായി വേഷമിട്ട മൂന്ന് പേരും അവരുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാക്കി. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചാന്ദ്‌നി എന്നിവരെല്ലാം അതിന് അഭിനന്ദനം അര്‍ഹിക്കുന്നു. കുമ്പളങ്ങി നൈറ്റസിന് ശേഷം ചെറുതെങ്കില്‍ പോലും ഗ്രേസ് ആന്റണി നല്ലൊരു കഥാപാത്രമാണ് കാഴ്ചവെച്ചത്.

മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ചാന്ദ്‌നിയുടെ പ്രകടനം തന്നെയാണ്. കൈയ്യില്‍ നിന്ന് പോയേക്കാവുന്ന സാഹചര്യങ്ങളില്‍ പക്വതയോടെ ചിന്നു എന്ന കഥാപാത്രം അവര്‍ നന്നായി അവതരിപ്പിച്ചു. ആ കഥാപാത്രം പൊതു സ്വഭാവത്തിനെയും സൗന്ദര്യ സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്നുണ്ട്. തമാശ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന് ഒരു ചെറു പുഞ്ചിരി സമ്മാനിക്കുന്നതില്‍ ചാന്ദ്‌നിയുടെ കഥാപാത്രത്തിന് വല്ലാതെ പങ്കുണ്ട്.

അമിത വണ്ണമുള്ളവരെ പൊട്ടിച്ചിരിക്കുവാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചുവെക്കുന്ന ഒരു പാരമ്പര്യം മലയാള സിനിമകള്‍ക്ക് ഉണ്ട്. അതൊന്ന് മാറ്റി പൊളിച്ചെഴുതിയത് ആഷിഖ് അബുവിന്റെ ‘ടാ തടിയാ’ എന്ന ചിത്രമാണ് . തമാശയില്‍ അതൊരു പെണ്ണിന്റെ കാഴ്ചപ്പാടില്‍ അതിമനോഹരമായി മടുപ്പിക്കാതെ പറഞ്ഞു എന്നുള്ളതാണ് തമാശയുടെ നേട്ടം.

നവാസ് വള്ളിക്കുന്നിന്റെ സുഡാനിക്ക് ശേഷം ഒരു അത്യുഗ്രന്‍ പ്രകടനമാണ് തമാശയില്‍ കാണാന്‍ സാധിച്ചത്. സ്വാഭാവിക നര്‍മ്മത്തെയും, പെരുമാറ്റങ്ങളെയും അതേ സ്വാഭാവികത നിലനിര്‍ത്തി കൊണ്ട് തന്റേതായ ശൈലിയില്‍ അദ്ദേഹം അവിസ്മരണീയമാക്കി.

വിനയ് ഫോര്‍ട്ടിന്റെ അമ്മയായി വേഷമിട്ട ഉമ ടീച്ചര്‍ ചെറിയ ചലനങ്ങള്‍ കൊണ്ട് ചിരിപ്പിക്കുകയും, സ്ഥിരം കാണുന്ന അമ്മമാരില്‍ നിന്നും വ്യത്യസ്തവും എന്നാല്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രവുമായി അനുഭവപെട്ടു. മകനെ കുറിച്ചു ബ്രോക്കറോട് വിവരിക്കുന്ന രംഗമെല്ലാം സ്വഭാവികത നിലനിര്‍ത്തിക്കൊണ്ട് ചിരി പടര്‍ത്തുവാന്‍ സാധിച്ചു.

അരുണ്‍ കുര്യന്റെ അനിയന്‍ വേഷവും കണ്ടിരിക്കുവാന്‍ നല്ല രസമുള്ള അനുഭവമായിരുന്നു. സമീര്‍ താഹിറിന്റെ ഛായാഗ്രഹണം പൊന്നാനിയെയും അവിടുത്തെ ഗ്രാമീണതയും കഥയോട് യോജിച്ച ശൈലിയില്‍ പകര്‍ത്തിയിട്ടുണ്ട്. ശ്രീനിവാസന്‍ മാഷിന്റെ ജീവിതത്തിലേക്ക് പ്രേക്ഷകനെ ലളിതമായി കൊണ്ടെത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ ക്യാമറാ വര്‍ക്ക് എടുത്ത് പറയേണ്ടതാണ്. നാച്ചുറല്‍ ലൈറ്റിങ് തോന്നിക്കും വിധത്തില്‍ ജീവിതത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഛായാഗ്രഹണ ശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നിരിക്കുന്നത്.

ബസ്സിലെ കമ്പിയിലും വെക്കുന്ന തൊപ്പിയിലും, പശ്ചാത്തലത്തില്‍ വെക്കുന്ന ആര്‍ട്ട് പ്രോപ്പര്‍ട്ടീസില്‍ പോലും ഓറഞ്ച് ബ്ലൂ കളര്‍ ഉപയോഗിച്ചിട്ടുണ്ട്.വസ്ത്രാലങ്കാരത്തിലും കലാ സംവിധാനത്തിലും പുലര്‍ത്തിയ സൂക്ഷ്മത ചിത്രത്തിന്റെ ദൃശ്യ നിലവാരം ഉയര്‍ത്തുന്നുണ്ട്. കഥ പറച്ചിലിന് ചേരുന്ന വിധത്തില്‍ വാം ലൈറ്റിങ് ശൈലി അതിമനോഹരമായി ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും തമാശ എന്ന ചിത്രത്തിന് ഒരു ഒഴുക്ക് നല്‍കി.

മാഷര്‍ ഹംസയുടെ വസ്ത്രാലങ്കാരവും അനീസ് നാടോടിയുടെ കലാ സംവിധാനവും ചിത്രത്തിന്റെ സ്വാഭാവിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതിലും മുന്നിട്ടുനിന്നു. സ്റ്റാഫ് റൂമിലെ അന്തരീക്ഷവും, ചായക്കടയുമെല്ലാം കണ്ടിറങ്ങുന്ന കാണിയുടെ മനസ്സില്‍ അതേ സ്വഭാവികതയോടെ തന്നെ നിലനില്‍ക്കും.

റെക്‌സ് വിജയന്റെയും ഷഹബാസ് അമന്റെയും സംഗീതം ചിത്രത്തിന്റെ ഒഴുക്കിനൊപ്പം ഒരിളം കാറ്റ് പോലെ സുഖമുള്ള അനുഭവമാണ്. ചില രംഗങ്ങളില്‍ അതിലെ വികാരത്തെ സംഗീതത്തിന്റെ സഹായം ഇല്ലാതെ തന്നെ പറയാന്‍ അനുവദിച്ചു.

മുഹ്സിന്‍ പരാരിയുടെ ഗാനരചനയും ലളിതമാണ്, ഹൃദ്യവും. വിഘ്നേശ് ആര്‍.കെയുടെ സിങ്ക് സൗണ്ട് പരിചരണം ദൃശ്യ ഭാഷക്കൊപ്പം എടുത്തു പറയേണ്ട ഘടകമാണ്. തപസ് നായക് അത് വേണ്ട രീതിയില്‍ മിക്‌സ് ചെയ്തിട്ടുമുണ്ട്. മേല്‍ പറഞ്ഞ സ്വഭാവികതയെ, ശബ്ദസാങ്കേതികതയെ ഉപയോഗപ്പെടുത്തിയപ്പോഴാണ് പൊന്നാനിയിലേക്ക് പോയി അവിടെ ശ്രീനിവാസന്‍ മാഷിന്റെ ഒപ്പം അയാളുടെ പ്രശ്‌നങ്ങളില്‍ ചിരിച്ചും, ജീവിച്ചതുമായി അനുഭവപ്പെട്ടത്.

തമാശ ചിരിയാണ് ചിന്തയാണ്…. ഫീല്‍ ഗുഡിന്റെ മറ്റൊരു വ്യാഖ്യാനവും…

ശംഭു ദേവ്

We use cookies to give you the best possible experience. Learn more