| Monday, 24th July 2023, 11:59 pm

ജവാനിൽ വിജയ്‌യും; വെളിപ്പെടുത്തി സ്റ്റണ്ട് ഡയറക്ടർ യാനിക്ക് ബെൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ജവാൻ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ജവാൻ കാത്തിരിക്കുന്ന ആരാധകർക്ക് വലിയ സന്തോഷം നൽകുന്നൊരു വിവരമാണ് പുറത്തുവരുന്നത്. ജവാനിൽ തമിഴ് സൂപ്പർതാരം വിജയ് ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജവാനിൽ സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിച്ച യാനിക്ക് ബെൻ.

എസ്.എസ്. മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിന് യാനിക്ക് നൽകിയ അഭിമുഖത്തിലാണ് ജവാനിൽ വിജയ് ഉണ്ടാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

ഷാരൂഖ് ഖാനും വിജയും ഒരുമിച്ചുള്ള സീനുകൾ ജവാനിൽ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ വിജയ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, ഇത് ആദ്യമായാണ് സിനിമയിലെ അണിയറ പ്രവർത്തകരിൽ ഒരാൾ ഈ റിപ്പോർട്ടുകളെ ശരിവെക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

ജവാൻ ഉൾപ്പടെയുള്ള നിരവധി സിനിമകൾക്കും വെബ് സീരിസുകൾക്കും സ്റ്റണ്ട് കോറിയോഗ്രഹി ചെയ്തിട്ടുള്ള വ്യക്തിയാണ് യാനിക്ക് ബെൻ. മഡോണി അശ്വിന്റെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനായി അടുത്തിടെ റിലീസ് ചെയ്ത മാവീരന്റെ സ്റ്റണ്ട് കോറിയോഗ്രഹി ചെയ്തത് യാനിക്ക് ആയിരുന്നു.

എന്തായാലും ആരാധകർ ആവേശത്തോടെയാണ് യാനിക്കിന്റെ വാക്കുകളെ ഏറ്റെടുത്തിരിക്കുന്നത്. നയൻതാരയാണ് ജവാനിൽ നായികയായെത്തുന്നത്. ചിത്രത്തിൽ വിജയ് സേതുപതി, പ്രിയാമണി, സാന്യ മൽഹോത്ര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ അതിഥി വേഷത്തിൽ ദീപിക പദുകോൺ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്.

റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജി.കെ വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന സിനിമ സെപ്റ്റംബർ ഏഴിനാണ് റിലീസ്‌ ചെയ്യുക.

വൻ വിജയമായ പത്താൻ ആയിരുന്നു ഷാരൂഖ് ഖാന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. രാജ് കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Content Highlight: Thalpathy Vijay is in Srk’s Jawaan Confirmed by Stunt Director Yannick Ben

We use cookies to give you the best possible experience. Learn more