| Wednesday, 21st September 2022, 10:03 am

'സത്താര്‍ സെറിന് ഇതും വശമുണ്ടോ'; സ്വാതിയുടെ പാട്ടില്‍ ലയിച്ച് ഷൂട്ടിങ് ലൊക്കേഷനും സോഷ്യല്‍ മീഡിയയും; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലയിലെ സത്താറിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് സ്വാതി ദാസ് പ്രഭു.
ചിത്രത്തിലെ സത്താറിന്റെ ഡയലോഗുകളും ആറ്റിറ്റിയൂഡുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.

ഒരു പാട്ടിലൂടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ് താരം. നേരത്തെ തന്നെ സംഗീതമേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളയാളാണ് സ്വാതി ദാസ്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമായി താന്‍ പാടിയ പല കവറുകളും താരം നേരത്തെ തന്നെ പോസ്റ്റ് ചെയ്യാറുണ്ട്.

തല്ലുമാലയിലെ കഥാപാത്രത്തിലും പാട്ടിന്‍റെ എലമെന്‍റുകളുണ്ടായിരുന്നു. സത്താര്‍‌ റാപ്പ് ചെയ്യുന്ന ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്.

ഇപ്പോള്‍ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് സ്വാതി ദാസ് പാടുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ‘കാതില്‍ തേന്‍മഴയായി പാടു കാറ്റേ കരളേ…’ എന്ന ഗാനമാണ് സ്വാതി പാടുന്നത്.

തിരക്കഥാകൃത്ത് ഹര്‍ഷദടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പാട്ട് ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. സ്വാതി അതിമനോഹരമായാണ് പാടുന്നതെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.

അതേസമയം പുഴുവിനും ഉണ്ടക്കും ശേഷം ഹര്‍ഷദ് തിരക്കഥയൊരുക്കുന്ന കഠിന കഠോരമീ അണ്ഡകടാഹം സംവിധാനം ചെയ്യുന്നത് നവാഗതനായ മുഹാഷിനാണ്. ചിത്രം നിര്‍മ്മിക്കുന്നത് നൈസാം സലാമാണ്. ബേസില്‍ ജോസഫാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗോവിന്ദ് വസന്തയാണ് സംഗീതം. മുഹ്സിന്‍ പരാരിയും ഷറഫും ചേര്‍ന്നാണ് പാട്ടിന് വരികള്‍ എഴുതുന്നത്. തല്ലുമാലക്ക് വേണ്ടി മുഹ്സിന്‍ എഴുതിയ പ്രാദേശിക സ്ലാങ്ങിലുള്ള വരികള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. കോഴിക്കോട് പശ്ചാത്തലമായുള്ള സിനിമയായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. കടലും കോയിക്കോട് എന്ന് എഴുതി വെച്ചിരിക്കുന്നതും ലൈറ്റ് ഹൗസുമെല്ലാം പോസ്റ്ററിലുണ്ട്.

ഗള്‍ഫ് കറി പൗഡറിന്റെ പരസ്യത്തില്‍ നില്‍ക്കുന്ന ജാഫര്‍ ഇടുക്കിയെയും കടലിലേക്ക് നോക്കിനില്‍ക്കുന്ന ബേസിലിനെയും കൂടി പരസ്യത്തില്‍ കാണാം. കോഴിക്കോടുകാര്‍ക്ക് വായിച്ചെടുക്കാനാവുന്ന ഒരുപാട് കുഞ്ഞു കാര്യങ്ങള്‍ ചേര്‍ത്താണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

Content Highlight: Thallumala Sathar charcter actor Swathi Das Prabhu’s new video singing Kathil thenmazhayayi

We use cookies to give you the best possible experience. Learn more