Entertainment
ഹബീബികളേ... നെറ്റ്ഫ്‌ളിക്‌സ് തല്ലിത്തകര്‍ക്കാന്‍ മണവാളന്‍ വസീം വരികയാണ്; തല്ലുമാല ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 06, 07:05 am
Tuesday, 6th September 2022, 12:35 pm

തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാല നെറ്റ്ഫ്‌ളിക്‌സിലേക്കെത്തുകയാണ്. സെപ്റ്റംബര്‍ 11നാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്.

മണവാളന്‍ വസീമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്. ‘മണവാളന്‍ തഗ് ഓണ്‍ ദ വേ ആണ്… അതിന് പിന്നെ ഒരേയൊരു അര്‍ത്ഥമേ ഉള്ളൂവെന്ന് അറിയാമല്ലോ, നമുക്കൊരു തല്ലുമാല വരാനുണ്ടേ…’ എന്ന ക്യാപ്ഷനോടെയാണ് നെറ്റ്ഫ്‌ളിക്‌സ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ റിലീസ് വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന.

മണവാളന്‍ വസീമായി ടൊവിനോ എത്തിയ ചിത്രത്തില്‍ ബീപാത്തു എന്ന വ്ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഥ പറച്ചിലില്‍ പുതുമയോടെ എത്തിയ തല്ലുമാലയുടെ പുതിയ ആഖ്യാനശൈലി പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയിരുന്നു. ജിംഷി ഖാലിദിന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും ചിത്രത്തെ കളറാക്കിയപ്പോള്‍ മുഹ്‌സിന്റെ പാട്ടുകളും വിഷ്ണു വിജയ്‌യുടെ സംഗീതവും തല്ലുമാലയുടെ തിയേറ്റര്‍ ഗംഭീരമാക്കി.

ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തല്ലുമാലയുടെ തിയേറ്ററ്റര്‍ കളക്ഷന്‍ 45 കോടി കടന്നിട്ടുണ്ട്. ഒ.ടി.ടിയും സാറ്റലൈറ്റ് കണക്കുകള്‍ കൂടി കൂട്ടിയാല്‍ ടോട്ടല്‍ ബിസിനസ് ഇനിയും കൂടും.

തല്ലുമാല മാത്രമല്ല സുരേഷ് ഗോപിയുടെ പാപ്പനും ഈ മാസം ഒ.ടി.ടിയിലെത്തുന്നുണ്ട്. തിയേറ്ററുകളില്‍ വിജയമായ സുരേഷ് ഗോപിയുടെ പാപ്പന്‍ സീ5ലാണ് എത്തുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രമെത്തുക.

Content Highlight: Thallumala Netflix  release date announced