| Friday, 12th August 2022, 5:57 pm

Thallumala Review | കളറോ കളറായി തല്ലുമാല

അന്ന കീർത്തി ജോർജ്

കളറോ കളറാണ് തല്ലുമാല. നോണ്‍ലീനിയറായി മുന്നോട്ടും പിന്നോട്ടും പോയി കഥ പറയുന്ന തല്ലുമാല എഡിറ്റിങ്ങിലും ക്യാമറയിലും പുതുമയുടെ ആറാട്ട് നടത്തിയിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങള്‍ ഒരു ചട്ടക്കൂടിലും നില്‍ക്കാതെ പൊട്ടിത്തെറിച്ചു നടക്കും പോലെ തന്നെയാണ് ചിത്രത്തിന്റെ കഥയും മൊത്തം മേക്കിങ്ങും നടന്നിരിക്കുന്നത്. പാട്ടും ഡാന്‍സും തല്ലും തമാശയുമായെത്തുന്ന തല്ലുമാലയുടെ രണ്ടാം പകുതി ഗംഭീരമാകുന്നുണ്ട്.

മുഹ്‌സിന്‍ പരാരിയും ഖാലിദ് റഹ്മാനും കൂടി ട്രെയ്‌ലറിലും മറ്റു വീഡിയോകളിലും കൂടി നല്‍കിയ പ്രതീക്ഷ തല്ലുമാലയില്‍ കാക്കുന്നുണ്ട്. തല്ലില്‍ നിന്നും തല്ലിലേക്ക് പോകുന്ന, പലതരം അടിഇടി സംഭവങ്ങളിലൂടെ ഒരാളുടെയും അയാളുടെ കൂട്ടുകാരുടെയും ജീവിതം പറയുന്ന പടം വ്യത്യസ്തമായ ഒരു ട്രാക്കിലാണ് നീങ്ങുന്നത്. ‘ഒന്ന് പറഞ്ഞാ രണ്ടാമത്തേതിന് ഇടി’ എന്ന് പറയും പോലെയാണ് സിനിമ


തിരക്കഥയും മേക്കിങ്ങും തന്നെയാണ് തല്ലുമാലയെ തല്ലുമാലയാക്കുന്നത്. നോണ്‍ ലീനിയറായുള്ള കഥ പറച്ചിലില്‍ കണക്ഷനുകള്‍ കൃത്യമായി എന്‍ഗേജിങ്ങായ രീതിയിലാണ് നടത്തിയിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും സീനുകളോരോന്നും ഏറെ ശ്രദ്ധിച്ചാണ് എഴുതിയിരിക്കുന്നത്. ഫ്ളാഷ് ബാക്കും പാരലല്‍ സ്റ്റോറികളുമൊക്കെയായി നീങ്ങുന്ന കഥയെ ഒട്ടും കണ്‍ഫ്യൂഷന് ഇട നല്‍കാതെ എന്നാല്‍ വലിയ സ്പൂണ്‍ ഫീഡിങ്ങിനും പോകാതെ നല്ല രീതിയില്‍ ഇവര്‍ കണ്‍വേ ചെയ്യുന്നുണ്ട്. അവരുടെ എഴുത്തിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ ഖാലിദ് റഹ്മാന്റെ സംവിധാനത്തിനും കഴിയുന്നുണ്ട്.

തല്ലുമാലയുടെ മൊത്തം ടീം വളരെ ധൈര്യത്തോടെയാണ് സിനിമയെ സമീപിച്ചിരിക്കുന്നത്. പാട്ടുകളും തല്ലുമായി ഒരു കഥ പറഞ്ഞുപോകുമ്പോള്‍ പലവിധ സ്റ്റീരിയോടൈപ്പുകള്‍ ബ്രേക്ക് ചെയ്യുന്നുണ്ട്. തല്ലുമാലയിലെ കഥ ഈയൊരു രീതിയില്‍ തന്നെ മേക്ക് ചെയ്യാന്‍ തീരുമാനിച്ച ഖാലിദ് റഹ്മാനും ടീമും വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

തല്ലുമാലയില്‍ ക്യാമറയും എഡിറ്റിങ്ങും വേറെ ലെവലാണ്. തല്ലിന്റെയും പാട്ടുകളുടെയുമൊക്കെ ഭംഗി നമ്മുടെ മുന്‍പിലെത്തിക്കുന്നത് ഈ രണ്ട് ഡിപ്പാര്‍ട്‌മെന്റാണ്. ജിംഷി ഖാലിദാണ് ക്യാമറ, നിഷാന്ത് യൂസഫ് എഡിറ്റിങ്ങും. സാധാരണ ചില സിനിമകളില്‍ ചില സീനുകളില്‍ അല്ലെങ്കില്‍ ഒരു പാട്ടിലൊക്കെ കുറെ കളേഴ്‌സും ഫംഗി മോഡ് എഡിറ്റും ക്യാമറ വര്‍ക്കുമൊക്കെ ഉപയോഗിക്കാറുണ്ട്. ഈ സിനിമയില്‍ മൊത്തം കഥ പറയുന്നത് ആ ഒരു മോഡിലാണ്. പിന്നെ ഈ വിഷ്വല്‍ ട്രീറ്റിനെ കംപ്ലീറ്റാക്കുന്നത് കോസ്റ്റ്യൂംസും ഓരോ സീനിലെയും ആര്‍ട്ട് വര്‍ക്കുമാണ്.

ഇനി മ്യൂസിക്. തല്ലുമാലയില്‍ തല്ലിനൊപ്പത്തിനൊപ്പം പിടിക്കുന്നത് പാട്ടാണ്. മുസ്‌ലിം കമ്യൂണിറ്റിയിലും മലബാര്‍ മേഖലയിലുമൊക്കെ പോപ്പുലറായ പല പാട്ടുകളും മാലകളും പിന്നെ ഹിപ്പ്‌ഹോപ്പും റാപ്പും പുതിയ പാട്ടുകളുമെല്ലാം ചേര്‍ന്ന് തല്ലുമാല നൈസായി അങ്ങ് തലയ്ക്കു പിടിക്കും. വിഷ്ണു വിജയന്‍ ബ്രില്യന്റ് വര്‍ക്കാണ് തല്ലുമാലയില്‍ ചെയ്തിരിക്കുന്നത്.

ഇനി പ്ലോട്ടിലേക്ക് വന്നാല്‍, വസീം എന്ന പൊന്നാനിക്കാരനും അയാളുടെ ലൈഫിലേക്ക് പല തല്ലുകള്‍ വഴി കേറി വരുന്ന ഫ്രണ്ട്‌സും പിന്നീട് ഇവര്‍ എല്ലാവര്‍ക്കും ഒരുമിച്ച് നേരിടേണ്ടി വരുന്ന തല്ലുകളുമാണ് സിനിമയുടെ പ്രധാന വിഷയം. ഇവരുടെ ജീവിതത്തില്‍ ചെറുതും വലുതുമായി നടക്കുന്ന പല സംഭവങ്ങളും തല്ലുകളുമായുള്ള അവയുടെ കണക്ഷന്റെ പശ്ചാത്തലത്തിലാണ് കാണിച്ചിരിക്കുന്നത്. തല്ലിനുള്ള കാരണങ്ങള്‍, അല്ലെങ്കില്‍ ഒരു തല്ലില്‍ നിന്നും മറ്റൊരു തല്ലിലേക്ക് പരസ്പരം കൊടുത്തും വാങ്ങിയും ഇവര്‍ നീങ്ങുന്നത് ഇതൊക്കെയാണ് സിനിമ.

ഈ സിനിമയിലെ ഒരുവിധം എല്ലാ ക്യാരക്ടേഴ്‌സും നേരത്തെ പറഞ്ഞതുപോലെ തല്ലുണ്ടാക്കാന്‍ നോക്കി നടക്കുന്നവരാണ്. പറഞ്ഞു തീര്‍ക്കാനുള്ള സാധ്യതയെ തിരിഞ്ഞു പോലും നോക്കാതെ തല്ലാനിറങ്ങുന്നവര്‍. ഇവര്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ സംശയം തോന്നിയിരുന്നു. പക്ഷെ കാണുന്ന സമയത്ത് മറ്റൊരു മോഡിലിരുന്ന് എന്‍ജോയ് ചെയ്താണ് കണ്ടത്.

മുഹ്‌സിന്‍ പരാരി തന്റെ ആദ്യ സിനിമ മുതല്‍ തന്നെ മലയാള സിനിമയില്‍ കണ്ടുപഴകിയ എക്‌സാജറേറ്റഡ് മുസ്‌ലിം കഥാപാത്രങ്ങളല്ലാത്ത, ജീവിതത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയിലും പൊന്നാനിയിലെ ജീവിതങ്ങളെ അങ്ങനെയാണ് കാണിച്ചിരിക്കുന്നത്. സ്ലാങ്ങിലോ അവരുടെ കോസ്റ്റ്യൂംസിലോ ഒന്നും ഒരു ഏച്ചുകൂട്ടലും ഫീല്‍ ചെയ്യില്ല. മരണശേഷമുള്ള ജീവിതത്തെപറ്റിയും സ്വര്‍ഗത്തിലെ സുഖജീവിതത്തെപ്പറ്റിയും സ്ഥിരമായി പറയുന്ന ചില കാര്യങ്ങളെ സിനിമ ചില ഡയലോഗുകളിലൂടെ ട്രോളുന്നുണ്ട്.

ഓരോ കഥാപാത്രത്തെയും ഏറെ രസകരമായാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മണവാളന്‍ വസീമായി അയാളുടെ കലിപ്പ് മുഴുവന്‍ നോട്ടത്തിലും ഭാവത്തിലും ഓരോ ഇടിയിലും വരുത്തിക്കൊണ്ട് ടൊവിനോ കിടിലന്‍ ട്രീറ്റ് നല്‍കുന്നുണ്ട്. സ്ലാങ്ങും ടൊവിനോ വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്.

ലുക്മാന്റെ ജംഷിയും നല്ല പെര്‍ഫോമന്‍സായിരുന്നു. മണവാളന്‍ വസീമിന്റെ ടീമിലുള്ള സ്വാതി ദാസ് പ്രഭു, അഡ്രി ജോ, ഓസ്റ്റിന്‍ ഡാന്‍ എന്നിവരും തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്.

പെട്ടെന്ന് പിടിതരാത്ത കഥാപാത്രം ഷൈന്‍ ടോം ചാക്കോയുടെ റെജിയാണ്. രണ്ടാം പകുതിയിലെ ഇയാളുടെ പല ആക്ഷനുകളും ശരിക്കും ഈ കഥാപാത്രം എന്താണ് ഉദ്ദേശിക്കുന്നതെന്ന സംശയമുണ്ടാക്കിയിരുന്നു. ഷൈനില്‍ നിന്നും പ്രതീക്ഷിക്കുന്ന പെര്‍ഫോമന്‍സ് തന്നെ അദ്ദേഹം നല്‍കിയിട്ടുണ്ട്. റെജിയുടെ ടീമിലുള്ള ബിനു പപ്പുവും ഗോകുലനുമാണ് പെര്‍ഫോമന്‍സ് കൊണ്ട് മനസില്‍ കയറിയ മറ്റു ക്യാരക്ടേഴ്‌സ്. ബിനു പപ്പു ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ വേഷമാണ് ഇതിലെ ഡേവി.

കല്യാണി പ്രിയദര്‍ശന്റെ ബീപാത്തുവാണ് അല്‍പം നിരാശപ്പെടുത്തിയ കഥാപാത്രസൃഷ്ടിയും പെര്‍ഫോമന്‍സും. സിനിമയില്‍ പ്രധാന കഥാപാത്രമാണെങ്കിലും ഇവര്‍ക്ക് സിനിമയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു പോലെ തോന്നിയിരുന്നു. ഡയലോഗിലും ക്യാമറ വര്‍ക്കിലും പാട്ടിലുമൊക്കെയായി ബീപാത്തുവിന്റെ സ്വാഗ് മൂഡ് വരുത്താന്‍ നോക്കുന്നുണ്ടെങ്കിലും കല്യാണിയുടെ പെര്‍ഫോമന്‍സിലൂടെ ആ ഫീല്‍ മുഴുവനായും കിട്ടുന്നുണ്ടായിരുന്നില്ല.

പിന്നെ മനസിലാകാതിരുന്ന ഒരു കാര്യം ഈ കഥാപാത്രത്തിന് വസീമിനോട് പ്രണയം തോന്നുന്നത് എന്തുകൊണ്ടാണ് എന്നതായിരുന്നു. ചില സീനുകളുണ്ടെങ്കിലും ഇവരുടെ റിലേഷന്‍ഷിപ്പ് കാണിച്ചിരിക്കുന്നത് അത്ര കണ്‍വിന്‍സിങ്ങായിരുന്നില്ല. രണ്ട് പേരും കലിപ്പ് മോഡിലുള്ള ടീംസാണെന്നാണോ അതുകൊണ്ട് ഉണ്ടാകുന്ന അട്രാക്ഷനാണോ എന്ന് പിടി കിട്ടിയില്ല.

തല്ലുമാലയിലെ ഡ്രോബാക്ക്‌സിലേക്ക് വന്നുകഴിഞ്ഞാല്‍ ആദ്യ പകുതി ചെറുതല്ലാത്ത നിരാശ തന്നിരുന്നു. പലയിടത്തും ലാഗടിക്കുകയും തിരക്കഥയുടെ ഒഴുക്ക് പൂര്‍ണമായും വിട്ടുപോകുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം പകുതി ഇതെല്ലാം കവച്ചുവെക്കുന്ന രീതിയില്‍ മേക്ക് ചെയ്‌തെടുത്തിട്ടുള്ളതുകൊണ്ട് തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ സംതൃപ്തിയുണ്ടായിരുന്നു.

പിന്നെ ഈ തല്ലാനും തല്ലിതോല്‍പ്പിക്കാനുമുള്ള ത്വരയെ ഇത്രയും സെലിബ്രേറ്റ് ചെയ്ത് അവതരിപ്പിക്കണോയെന്നൊരു സംശയവും തോന്നിയിരുന്നു. ഈഗോയാണ് പല തല്ലുകള്‍ക്കും കാരണമെന്ന് സിനിമ വ്യക്തമായി പറയുന്നുണ്ടെങ്കിലും അടിയിടി സ്വഭാവത്തെ ആഘോഷിക്കുകയല്ലേ ഈ സിനിമ ചെയ്യുന്നത് എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്.

Content Highlight: Thallumala movie review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more