തല്ലുമാലയെക്കുറിച്ച് പല വാളുകളിലും പ്രത്യക്ഷപ്പെടുന്ന ഹെപ്പര്‍ ബെലിക് റെട്ടറിക്കുകള്‍ വായിച്ച് മനസ്താപം തോന്നിയതു കൊണ്ടാണ് ഈ കുറിപ്പ്:
പൊന്നാനിയില്‍ നിന്നും ഷൂട്ടു ചെയ്ത ദേവാസുരമാണ് ഏറിയും കുറഞ്ഞും തല്ലുമാല. മംഗലശ്ശേരി നീലകണ്ഠന്റെ മലപ്പുറം വേര്‍ഷനാണ് വസീം. മുണ്ടക്കല്‍ ശേഖരനായി വസീമിന് വെല്ലുവിളി ഉയര്‍ത്തുന്നു എസ്. ഐ റെജി.
നീലകണ്ഠനെപ്പോലെ വസീമിനു ചുറ്റുമുണ്ട് ചില ഭൂതഗണങ്ങള്‍. ഭാനുമതിക്കു പറ്റിയ പാത്തുവും താരതമ്യത്തെ പ്രബലമാക്കുന്നു. കാലവും ദേശവും മാറിയതു കൊണ്ടാവണം ക്ലാസിക്കല്‍ സംഗീതത്തിനു പകരം റാപും ഇളനീരില്‍ ഒഴിച്ച ചാരായത്തിനു പകരം വിദേശ മദ്യവും നാടന്‍ തല്ലിനുപകരം വിദഗ്ദ്ധ മെയ് അഭ്യാസവുമാണ് വസീമിന് പഥ്യം.
30 വര്‍ഷങ്ങള്‍ക്കിടയില്‍ സാങ്കേതിക മേഖലയില്‍ സംഭവിച്ച മാറ്റം ദേവാസുരത്തെ ഒളിപ്പിക്കാന്‍ തല്ലുമാലയെ സഹായിക്കുന്നുണ്ട്. ദേവാസുരം അതിന്റെ വരേണ്യ പക്ഷപാതം ഉദ്‌ഘോഷിക്കുമ്പോഴും കായിക സംഘട്ടനത്തിന്റെ നിരര്‍ഥകതയെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. തല്ലുമാലയില്‍ അതിന്റെ സെലിബ്രേഷന്‍ മാത്രമേയുള്ളു താനും.
തല്ലുമാല കണ്ടു പുറത്തിറങ്ങുമ്പോള്‍ ചലനാത്മകമായ പുരുഷ ശരീരങ്ങളുടെ ഇമേജുകള്‍ കൊണ്ട് നിബിഢമാവും നിങ്ങളുടെ തലച്ചോര്‍: അവിശ്രാന്തം ചലിച്ചു കൊണ്ടിരിക്കുന്ന മാംസ പിണ്ഡങ്ങള്‍. അഡ്രിനാലിനെ പമ്പു ചെയ്യാന്‍ ഒട്ടനവധി രംഗങ്ങള്‍ സിനിമയിലുണ്ട്. അതിനപ്പുറത്തേക്ക് എന്താണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്!
ലൈറ്റിങ് ഗംഭീരമായതു കൊണ്ടോ സാങ്കേതിക വിദ്യ മനോഹരമായി ഉപയോഗിച്ചതു കൊണ്ടോ അര്‍ട്ടിസ്റ്റുകള്‍ മികച്ച രീതിയില്‍ അഭിനയിച്ചതു കൊണ്ടോ മാത്രം ഒരു ചലച്ചിത്രം മികച്ചതാവുന്നില്ല: സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സര്‍ഗ്ഗാത്മകമായ എന്തു സംഭാവന നല്‍കാന്‍ അതിനു കഴിഞ്ഞു എന്നതും പ്രധാനമാണ്.
സിനിമയുടെ ഒരു സന്ദര്‍ഭത്തില്‍ തന്നെ സൂചിപ്പിക്കുന്നതു പോലെ ഒരു സമൂഹത്തിനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രത്യയ ശാസ്ത്ര ഇടപെടലുകളെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ പ്രതിലോമപരമാണ് തല്ലുമാലയുടെ/ദേവാസുരത്തിന്റെ ജനപ്രിയ സാന്നിധ്യം.
Content Highlight: Thallumala is new Devasuram, A critical piece against about the movie, written by Shibu Balakrishnan