| Monday, 19th September 2022, 12:54 pm

അഭിനയിച്ചു തകര്‍ക്കാമെന്ന് കരുതിയാണ് തല്ലുമാലയുടെ ഓഡീഷന് വന്നത്; പക്ഷേ എന്നെ കൊണ്ട് ചെയ്യിപ്പിച്ചത് ഇതായിരുന്നു: 'വികാസ്' പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലയിലെ വികാസ് എന്ന കഥാപാത്രം ചെയ്ത് കയ്യടി നേടുകയാണ് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ കണ്ടന്റ് ക്രിയേറ്ററും ഗായകനും കൂടിയായ അദ്രി ജോ.

തല്ലുമാലയ്ക്ക് ശേഷം ജീവിതം മാറിയെന്നും തല്ലുമാലയില്‍ അഭിനയിക്കുന്നു എന്ന് കാര്യമായി ആരോടും പറഞ്ഞില്ലെന്നുമാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അദ്രി പറയുന്നത്. തുടക്കകാരനെന്ന നിലയില്‍ സിനിമയില്‍ താന്‍ ആഗ്രഹിച്ച ഒരു കഥാപാത്രം ഇത് തന്നെയായിരുന്നു നേരത്തെ ചില അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതൊന്നും ചെയ്യാന്‍ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്നും അദ്രി പറഞ്ഞു.

തല്ലുമാലയുടെ ഒഡീഷനായി വന്നപ്പോഴുണ്ടായ രസകരമായ ചില കാര്യങ്ങളും അദ്രി അഭിമുഖത്തില്‍ പങ്കുവെച്ചു. അഭിനയിച്ച് തകര്‍ക്കണമെന്നാക്കെ കരുതിയാണ് ഓഡീഷന് എത്തിയത്. ഞാന്‍ എത്തിയപ്പോള്‍ ഖാലിദ് റഹ്‌മാന്‍ അവിടെ ഉണ്ടായിരുന്നില്ല.

അഞ്ച് മിനുട്ട് കഴിഞ്ഞ് റഹ്‌മാനിക്ക വന്നു. ഞാന്‍ ഒന്ന് ഭക്ഷണം കഴിക്കട്ടെ, ഒരു പാട്ടിട്ട് തരും ഡാന്‍സ് കളിച്ചോ എന്ന് പറഞ്ഞ് പുള്ളി പോയി (ചിരി). അത് ഡാന്‍സ് ചെയ്യാനുള്ള എന്റെ കഴിവ് അറിയാനായിരുന്നില്ല, മറിച്ച് എന്റെ സ്റ്റാമിന അറിയാനായിരുന്നു, അദ്രി പറഞ്ഞു.

ഡാന്‍സൊക്കെ കഴിഞ്ഞ ശേഷം റഹ്‌മാനിക്ക വന്ന്  ഇങ്ങനെ ഒരു ക്യാരക്ടര്‍ ഉണ്ട്. വികാസ് എന്നാണ് ക്യാരക്ടറിന്റെ പേര്. ഡീറ്റെയ്ല്‍സ് പിന്നെ പറയാം. വീട്ടില്‍ ചെന്ന് ബാഗും സാധനങ്ങളുമൊക്കെ എടുത്തിട്ട് വരാന്‍ പറഞ്ഞു. അത് കഴിഞ്ഞ് ബൈക്കില്‍ ഫ്രീസായിട്ടാണ് പോയത്. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. ഇന്‍സ്റ്റഗ്രാമിലെ വീഡിയോസ് കണ്ടിട്ടാണ് അവര്‍ വിളിച്ചത്.

വികാസിന് വേണ്ടി ഞാന്‍ തടികുറച്ചിരുന്നു. തടി കുറയ്ക്കുക എന്നതിനേക്കാള്‍ സ്റ്റാമിന കൂട്ടുന്നതിലായിരുന്നു ശ്രദ്ധ. പിന്നെ തല്ലുമാലയുടെ ലൊക്കേഷന്‍ അടിപൊളിയായിരുന്നു. സെറ്റില്‍ മൊത്തം ഫണ്‍ ഉണ്ടായിരുന്നു. പ്രീ പ്രൊഡക്ഷന്റെ സമയത്ത് എല്ലാവരും ഒരുമിച്ചായിരുന്നു. വികാസ് എന്ന് പറയുന്ന കഥാപാത്രം എന്നില്‍ നിന്നും ഭയങ്കര വ്യത്യസ്തനല്ല. ചില സമയത്ത് ഞാന്‍ ലൊക്കേഷനിലേക്ക് ഇടുന്ന വേഷം തന്നെ വികാസിനും ചേരുന്നതായിരുന്നു.

ഞാന്‍ ആദ്യമായി കാണുന്ന ഷൂട്ട് തല്ലുമാലയുടേതാണ്. ഒരുപാട് കാര്യങ്ങള്‍ എക്‌സ്പിരിമെന്റ് ചെയ്തിട്ടുണ്ട്. ഫിസിക്കല്‍ സ്ട്രഗിളും മെന്റല്‍ സ്ട്രഗിളും ഉണ്ടായിരുന്നു. അത് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഷോട്ടിലും കാര്യങ്ങളിലുമൊക്കെ നമ്മള്‍ ഹാപ്പിയായിരുന്നു. കേട്ട സംഭവമേ ആയിരുന്നില്ല ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്ത കാര്യങ്ങളുമായിരുന്നില്ല സിനിമ. പോസ്റ്റ് പ്രൊഡക്ഷനില്‍ നടന്നത് ഒരു മാജിക്കാണ്. പലതും മനസിലായത് തിയേറ്ററില്‍ കാണുമ്പോഴാണ്, അദ്രി പറഞ്ഞു.

Content Highlight: Thallumala Fame Adhri Joe about Vikas Character

We use cookies to give you the best possible experience. Learn more