| Wednesday, 10th August 2022, 9:20 pm

'ഇത്രയും വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ല'; കോഴിക്കോട് തല്ലുമാല പ്രൊമോഷന്‍ നടത്താനാവാതെ മടങ്ങി ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി ജനത്തിരക്ക് കാരണം മുടങ്ങി

അണിയറ പ്രവര്‍ത്തകര്‍ക്ക് ജനത്തിരക്ക് കാരണം പ്രൊമോഷന്‍ പരിപാടി അവതരിപ്പിക്കാനായില്ല. മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. ‘ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും, കോഴിക്കോടിന്റെ സ്നേഹത്തിന് നന്ദിയെന്നുമാണ്’ ടൊവിനോ ഇതിന് ശേഷം തന്റെ സോഷ്യല്‍ മീഡിയയില്‍ എത്തി ലൈവില്‍ പറഞ്ഞത്.

ഇത്രയും വലിയ ജനത്തിരക്ക് മുമ്പ് എങ്ങും താന്‍ കണ്ടിട്ടില്ലന്നും ടോവിനോ ലൈവില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പരിപാടിയുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

അതേസമയം സംഘടന പിഴവാണ് പരിപാടി നടക്കാതെ പോകാന്‍ കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്രയും ആളുകള്‍ എത്തുന്നത് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നാണ് മാളില്‍ പരിപാടി കാണാന്‍ എത്തിയവര്‍ പറയുന്നത്.

ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വമ്പന്‍ പ്രൊമോഷനാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലുള്‍പ്പടെ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ്. ചിത്രത്തിന് ലഭിച്ചത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.


കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ, ഡിസൈനിങ്- പപ്പെറ്റ് മീഡിയ.

Content Highlight: Thallumaala promotion event in kozhikode hilite mall cancelled due to heavy crowd

We use cookies to give you the best possible experience. Learn more