ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ ആസിഫ് അലി – ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ഈ സിനിമ നേടിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഇത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളായിരുന്നു തലവന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ഇപ്പോള്‍ ഈ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആദ്യ ഭാഗത്തിന്റെ അറുപത്തിയഞ്ചാം ദിന സക്‌സസ് സെലിബ്രേഷനിടെ ആയിരുന്നു അണിയറപ്രവര്‍ത്തകര്‍ ഇത് അനൗണ്‍സ് ചെയ്തത്. തലവന്റെ ഭാഗമായിട്ടുള്ള നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് രണ്ടാം ഭാഗം പഖ്യാപിച്ചത്. മെയ് 24നായിരുന്നു ആദ്യ ഭാഗം തീയേറ്ററിലെത്തിയത്.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു ചിത്രം നിര്‍മിച്ചത്. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരുന്നു.
അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരുന്നത്.