കണ്ണൂര്‍: അരിയില്‍ ഷൂക്കൂര്‍ വധക്കേസിലെ സി.ബി.ഐ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയ കുറ്റപത്രം കഴിഞ്ഞ 11 നാണ് സി.ബി.ഐ സമര്‍പ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇന്നത്തെ കോടതി വിധി സി.പി.ഐ.എംന് നിര്‍ണ്ണായകമായിരിക്കും.
കേസ് വിചാരണ എറണാകുളം സി.ജെ.എം കോടതിയിലേയ്ക്ക് മാറ്റാന്‍ ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.
പി ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാറിനു നേരെ ആക്രമണം നടന്നതിനു പിന്നാലെ ഉണ്ടായ അക്രമപ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു ഷുക്കൂറിന്റെ കൊലപാതകം.
കേസ് അന്വേഷണത്തില്‍ പോലിസിന് വീഴ്ച്ച പറ്റിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു.
സി.ബി.ഐ ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തിരുന്നു. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിനു ശേഷമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2016ലായിരുന്നു കേസ് സിബിഐയ്ക്ക് വിട്ടത്.
കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ ഉന്നതതല ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കേസിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചില്ല എന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും ആരോപിച്ചിരുന്നു.