| Thursday, 22nd November 2018, 11:46 pm

തലശ്ശേരി കലാപം; സംഘപരിവാറിന്റെ കേരളത്തിലെ ആദ്യശ്രമം

അലി ഹൈദര്‍

1971 ഡിസംബര്‍ 28 രാത്രി. തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും മേലൂട്ട് മടപ്പുരയിലേക്ക് വര്‍ഷാ വര്‍ഷവും സംഘടിപ്പിക്കപ്പെടാറുള്ള കലശഘോഷയാത്ര നടക്കാറുണ്ട്. സ്ഥിരമായി ചിറക്കല്‍ എരിഞ്ഞോളി പാലം വഴി പോയിക്കൊണ്ടിരുന്ന കലശഘോഷയാത്ര ഇത്തവണ പതിവ് തെറ്റിച്ച് പഴയബസ്റ്റാന്റിനടുത്തുള്ള മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഓ.പി റോഡ് വഴിയാണ് നീങ്ങിയത്. ഘോഷയാത്ര നൂര്‍ജഹാന്‍ ഹോട്ടലിന് സമീപമെത്തിയപ്പോള്‍ ഘോഷയാത്രയിലേക്ക് ഒരു ചെരിപ്പ് പാഞ്ഞുവന്നു വീണു. തൊട്ടു പിന്നാലെ “നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്നും നമുക്കുനേരെ ചെരിപ്പെറിഞ്ഞിരിക്കുന്നു” എന്ന ആക്രോശവും.

ഹിന്ദുക്കളുടെ ഘോഷയാത്രയ്ക്ക് നേരെ മുസ്‌ലിങ്ങള്‍ അക്രമം അഴിച്ചു വിട്ടു എന്ന തരത്തില്‍ ആളുകള്‍ ബഹളം വച്ചു. പിറ്റേദിവസം സുര്യന്‍ ഉദിച്ചപ്പോഴേക്കും ഈ വാര്‍ത്ത പ്രദേശത്താകമാനം പ്രചരിക്കപ്പെട്ടിരുന്നു. പലയിടങ്ങളിലും ആളുകള്‍ക്കിടയില്‍ വാക്കേറ്റവും സംഘര്‍ഷങ്ങളും ഉടലെടുത്തു. തലശ്ശേരി ടൗണില്‍ ഹിന്ദുയുവതികളെ മുസ്‌ലിംകള്‍ നഗ്‌നരാക്കി ടൗണിലൂടെ നടത്തിച്ചെന്നും ബലാത്സംഗം ചെയ്തുവെന്നുമുള്ള വ്യാജവാര്‍ത്തകളും ഇതിനു പിന്നാലെ പ്രചരിക്കപ്പെടുകയുണ്ടായി. ഇത് കാട്ടുതീ പോലെ ഗ്രാമ ഗ്രാമങ്ങളില്‍ പടര്‍ന്നു. ഒരു മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും അനേകം വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിനും കാരണമായ തലശ്ശേരി കലാപം അരങ്ങേറിയത് ഈ വിധത്തിലായിരുന്നു.

കണ്ണൂരിനെ വാര്‍ത്തെടുത്ത തലശ്ശേരി

ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ പോലും കണ്ണൂര്‍ എന്ന പ്രദേശം അടയാളപ്പെടുത്തപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലാണ്. സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ നിരവധി സവിശേഷതകളോടുകൂടി, കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം പിടിച്ച കണ്ണൂരിന്റെ ഭൂമിക രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മണ്ണായി മാറിയതിന്റെ വസ്തുതകള്‍ അന്വേഷിച്ചാല്‍ അതിന്റെ വേരുകള്‍ ചെന്നെത്തുന്നത് തലശ്ശേരി കലാപത്തിലാണ്. മുസ്‌ലിം വിഭാഗത്തിന് നേരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഏകപക്ഷീയ അക്രമപരമ്പരകളാണ് കണ്ണൂരിന്റെ മണ്ണിനെ ആദ്യമായി കലുഷിതമാക്കിയത്. അവിടെ നിന്നാണ് കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നാടായി മാറുന്നത്.

സംഘപരിവാറിന്റെ കലാപരാഷ്ട്രീയവും വ്യാജപ്രചരണങ്ങളും

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ വേരുറപ്പിച്ചയിടങ്ങളിലെല്ലാം അവര്‍ ആദ്യമായി രംഗപ്രവേശനം ചെയ്തത് വ്യാജപ്രചരണങ്ങളാല്‍ നിര്‍മ്മിച്ചെടുത്ത കലാപങ്ങളിലൂടെയാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഗോധ്ര മുതല്‍ മുസ്സാഫര്‍ നഗര്‍ വരെ സംഘപരിവാര്‍ അവരുടെ രാഷ്ട്രീയാധികാരത്തിന് വേണ്ടി നിര്‍മ്മിച്ചെടുത്ത നൂറുകണക്കിന് കലാപങ്ങളില്‍ വ്യാജപ്രചരണങ്ങളുടെ ഒരു വലിയ നിര തന്നെ കാണാവുന്നതാണ്.

വ്യാജമായിരുന്നുവെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞ, തീവണ്ടി പുറത്തുനിന്ന് കത്തിച്ചുവെന്ന ഗോധ്ര സംഭവത്തിന് കാരണമായ പ്രചരണവും മുസാഫര്‍ നഗറിലെ പ്രശ്നങ്ങള്‍ക്ക് കാരണാമയ ലവ് ജിഹാദ് ആരോപണവും ഇതിന്റെ വലിയ ഉദാഹരണങ്ങളാണ്. വൈകാരിക വിഷയങ്ങളില്‍ അതിരുകടന്ന അക്രമാസക്തിയോടെ കുതിച്ചുചാടുന്ന ആള്‍ക്കൂട്ടത്തിന്റെ സാധ്യതകളെ സാമുദായിക ധ്രുവീകരണങ്ങള്‍ക്കായി വിനിയോഗിക്കുന്നത് വഴി സാധിച്ചെടുക്കുന്ന ഭൂരിപക്ഷ ഏകോപനത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്ന സംഘപരിവാര്‍ കുതന്ത്രമാണ് രാജ്യമെമ്പാടും പ്രാവര്‍ത്തികമായത്. കേരളത്തില്‍ നുണപ്രചരണങ്ങള്‍ കൊണ്ട് കലാപാന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ നിരവധി തവണ സംഘപരിവാറിന് സാധിച്ചിട്ടുണ്ടെങ്കിലും അതിനെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍, ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും, വിശ്വാസത്തോടുള്ള അവരുടെ അഭിനിവേശത്തെ ചൂഷണം ചെയതുകൊണ്ടും ബി.ജെ.പി എന്ന രാഷ്ട്രീയ സംഘടന കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ്. അതുവഴി രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തുകയാണ്. ഈയവസരത്തില്‍ അവരുടെ പൂര്‍വികരായ ജനസംഘം വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടത്തിയ കലാപാസൂത്രണത്തെ, അഥവാ സംഘപരിവാറിന്റെ കേരളത്തിലെ ആദ്യ രാഷ്ട്രീയ പരീക്ഷണങ്ങളിലൊന്നായ തലശ്ശേരി കലാപത്തെ ഈ രീതിയില്‍ പുനപരിശോധിക്കേണ്ടതുണ്ട്.

Image may contain: 3 people, people standing

തന്ത്രങ്ങളിലൂടെ നിര്‍മ്മിച്ചെടുത്ത കലാപം

1971 ഡിസംബര്‍ 28ന് തലശേരിയില്‍ നടന്ന കലശഘോഷയാത്രയെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും പ്രതികരണങ്ങളുമാണ് തലശേരി കലാപം എന്ന രീതിയില്‍ അറിയപ്പെടുന്നത്. മുന്‍ കൂട്ടി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഒന്നായിരുന്നു ഇതെന്നാണ് തലശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച “ജസ്റ്റിസ് വിതായത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടി”ല്‍ പറയുന്നത്. കലശഘോഷയാത്ര ഒരു മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലായ നൂര്‍ജഹാന്‍ ഹോട്ടലിനു സമീപത്തെത്തിയപ്പോള്‍ ഹോട്ടലിനടുത്തുണ്ടായിരുന്ന ആരോ ഘോഷയാത്രയ്ക്കുനേരെ ചെരുപ്പെറിഞ്ഞുവെന്ന ആരോപണവും തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കങ്ങളുമാണ് തലശ്ശേരിയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച കലാപത്തിനു വഴിവെച്ചത്.

വയലടം, കതിരൂര്‍, എരിഞ്ഞോളി തുടങ്ങിയ ഗ്രാമങ്ങളില്‍ കാര്‍ഷിക വിളയുമായി പോയ ഹിന്ദു കര്‍ഷക സ്ത്രീകളുടെ മുലയരിഞ്ഞുവെന്നും സംഘപരിവാറുകാര്‍ പ്രചരിപ്പിച്ചിരുന്നു. മുസ്‌ലിങ്ങള്‍ വിളകളുമായെത്തിയ സ്ത്രീകളെ ബലാംല്‍സംഗം ചെയ്തെന്നായിരുന്നു മറ്റൊരു പ്രചരണം. തലശ്ശരിയിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നായ ജഗനാഥ ക്ഷേത്രത്തിന് മുസ്‌ലിങ്ങള്‍ തീയിട്ടുവെന്ന വ്യാജവാര്‍ത്തയായിരുന്നു കൂടുതല്‍ ഹിന്ദുക്കളെ കലാപത്തിലേക്കെത്തിച്ചത്. രാവിലെ ആറുമണിക്ക് ടൈപ്പ് റൈറ്റിങ്ങിനു പോയ ഹിന്ദു പെണ്‍കുട്ടിയെ തലശ്ശേരി നഗരത്തിലൂടെ നഗ്നയായി നടത്തിച്ചുവെന്ന നുണപ്രചരണം കലാപത്തിന്റെ പലഘട്ടങ്ങളിലും അവര്‍ പ്രചരിപ്പിച്ചു. ഇവയെല്ലാം കലാപകാരികള്‍ക്കൊപ്പം കൂടുതലാളുകളെ കൂട്ടാന്‍ കാരണമായി.

അന്ന് ഹിന്ദു സംരക്ഷണ സമിതി എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിരുന്നു. സമിതിയുടെ സെക്രട്ടറി പി.വി പ്രഭാകരന്‍ എന്നൊരാളായിരുന്നു. സംഘടന ആദ്യം ചെയ്തത്. മുസ്‌ലീകള്‍ ആക്രമിച്ചെന്ന് പറയുന്ന ഷോപ്പുകളുടെയും വീടുകളുടെയും ക്ഷേത്രത്തിന്റെയും ലിസ്റ്റ് പുറത്ത് വിട്ടു കൊണ്ടാണ് ഹിന്ദു വികാരം ആളിക്കത്തിച്ചത്. അതില്‍ 65 ഷോപ്പുകള്‍, 5 വീടുകള്‍, 16 ക്ഷേത്രവും നിരവധി പേര്‍ക്ക് പരിക്ക് പറ്റി. എന്നുമായിരുന്നു ലിസ്റ്റ്. 6 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചു എന്നും പ്രചരിപ്പിച്ചു. കൂടാതെ ഹിന്ദു ആരാധനാലയങ്ങളെ ആക്രമിക്കാന്‍ മുസ്ലീങ്ങള്‍ പ്രകടനം നടത്തുന്നുണ്ടെന്നും പ്രചരിച്ചെന്നും  അത് കുറെ പേര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും വിതായത്തില്‍  കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കലശ ഘോഷയാത്രയ്ക്കുനേരെ നൂര്‍ജഹാന്‍ ഹോട്ടലിനു മുമ്പില്‍ നിന്നും മുസ്‌ലിങ്ങളുടെ ഭാഗത്തുനിന്ന് ചെരുപ്പേറുണ്ടായിയെന്നത് വ്യാജപ്രചരണമാണെന്നാണ് വിതായത്തില്‍ കമ്മീഷനു മുമ്പില്‍ സംഭവത്തിന്റെ ദൃക്സാക്ഷികള്‍ മൊഴി നല്‍കിയത്. ജാഥയുടെ പിറകില്‍ നിന്നുതന്നെയാണ് ചെരുപ്പേറുണ്ടായതെന്നും ജാഥ കടന്നുപോയ സമയത്ത് നൂര്‍ജഹാന്‍ ഹോട്ടലിനു മുമ്പിലായി ആരുമുണ്ടായിരുന്നില്ലെന്നുമാണ് വിതായത്തില്‍ കമ്മീഷന് പിന്നീട് കണ്ടെത്താന്‍ സാധിച്ചു. അന്നത്തെ കലശഘോഷയാത്ര തന്നെ അക്രമണം ലക്ഷ്യമിട്ടു സംഘടിപ്പിച്ചതാണെന്നാണ് സാക്ഷികള്‍ പറഞ്ഞത്. ഘോഷയാത്ര സ്ഥിരമായി നടത്തിയിരുന്ന വഴിയില്‍ മാറ്റം വരുത്തിയതും മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തുകൂടി തന്നെ യാത്ര നടത്താന്‍ തീരുമാനിച്ചതും ഏറെ തന്ത്രപരമായാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തലശ്ശേരി നഗരത്തിലെ നാരങ്ങാപുരത്ത് മേലൂട്ട് മഠം അല്ലെങ്കില്‍ മുത്തപ്പന്‍ കാവ് എന്നറിയപ്പെടുന്ന ഒരു കാവുണ്ട്. എല്ലാവര്‍ഷവും മുത്തപ്പന്‍ കാവില്‍ കലശം നടക്കാറുണ്ട്. 1971 ഡിസംബര്‍ 28ന് രാത്രി എരഞ്ഞോളി പാലത്തിന് സമീപത്തുവെച്ച് ഇത്തരമൊരു കലശം ഘോഷയാത്ര നടന്നു. കാവിലേക്കു പോകുന്ന വഴി മുസ്‌ലീങ്ങളുമായി ഏറ്റുമുട്ടല്‍ നടത്താമെന്ന പദ്ധതിയിലായിരുന്നു കലശം യാത്രയുടെ സംഘാടകര്‍ നീങ്ങിയതെന്നാണ് സി.പി.ഐ ടൗണ്‍ സെക്രട്ടറിയായിരുന്ന കെ.പി ശ്രീധരന്‍ വിതായത്തില്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ സാക്ഷി മൊഴിയില്‍ പറഞ്ഞത്.

മുമ്പ് നടത്തിയവരായിരുന്നില്ല ഇത്തവണ കലശം ഘോഷയാത്ര നടത്തിയത്. ഘോഷയാത്ര ബോധപൂര്‍വ്വം വൈകിപ്പിച്ചു. അന്ന് മാര്‍ക്സ്റ്റ് അനുകൂലിയും പിന്നീട് ജനസംഘ് പ്രവര്‍ത്തകനായും മാറിയ മത്തങ്ങോട്ട് രഘുനാഥ്. ജനസംഘ് പ്രവര്‍ത്തകരായി അറിയപ്പെടുന്നവരായിരുന്നു ഇത്തവണ കലശം ഘോഷയാത്ര നേതൃത്വം നല്‍കിയത്. ഘോഷയാത്ര തുടങ്ങുന്നതിനു മുമ്പ് ഒരു ചെറു പ്രസംഗം നടത്തിയിരുന്ന ഗംഗാധരന്‍. സംഭവം സൂചിപ്പിച്ച അദ്ദേഹം യാത്രയെ ആര് എതിര്‍ത്താലും അവരെ ആ രീതിയില്‍ നേരിടുമെന്ന് തീരുമാനിച്ചുകൊണ്ടാണ് നമ്മള്‍ മുന്നോട്ടുപോകുന്നതെന്നും എന്തിനും തയ്യാറാള്ളവര്‍ യാത്രയില്‍ പങ്കെടുത്താല്‍ മതിയെന്നും പ്രഖ്യാപിച്ചു. ഇക്കാര്യ മനസിലാക്കിയ താന്‍ രാത്രി എഴുമണിയോടെ തന്നെ പൊലീസിനെ  അറിയിച്ചിരുന്നു. രാത്രി പത്തരയോടെ  70 പേരാണ് യാത്രയില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. സാധാരണയായി സ്ത്രീകളും കുട്ടികളും ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ അവരാരും ഉണ്ടായിരുന്നില്ലെന്നും ശ്രീധരന്‍ പറയുന്നു.

പുഞ്ചയില്‍ നാണു

മുതിര്‍ന്ന സി.പി.ഐ.എം നേതാവും കലാപകാലത്ത് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി മെമ്പറുമായിരുന്ന പുഞ്ചയില്‍ നാണുവിന്റെ വാക്കുകളും ഇതിനെ ശരിവെക്കുന്നു.

“ഞാനന്ന് പാര്‍ട്ടി മെമ്പറായിരുന്നു. കാലാപത്തെക്കുറിച്ചറിഞ്ഞ ഉടന്‍ പാര്‍ട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഞങ്ങള്‍ തലശ്ശേരിയിലേക്ക് ഓടിയെത്തി. സെക്രട്ടറി സി.എച്ച് കണാരന്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനായി ആഹ്വാനം ചെയ്തു. അപ്പോഴേക്കും അഴീക്കോടനും ഇ.എം.എസും എല്ലാം സ്ഥലത്തെത്തിയിരുന്നു. കലാപകാരികളില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു, കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളും ഞങ്ങളുടെ പാര്‍ട്ടി അനുഭാവികളും എല്ലാം. അവരെ ഹിന്ദു എന്ന ഒറ്റ വികാരമാണ് നയിച്ചത്. തീവ്രമായ വ്യാജ പ്രചരണങ്ങളില്‍ പലരും പെട്ടുപോവുകയായിരുന്നു. സാധാരണ വിശ്വാസികളുടെ ഉള്ളിലുള്ള ഹിന്ദു വികാരത്തെ ആളിക്കത്തിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു. അത്രമേല്‍ സംഘടിതവും ആസൂത്രിതവുമായിരുന്നു ആര്‍.എസ്.എസിന്റെ കലാപം.” പുഞ്ചയില്‍ നാണു പറയുന്നു.

“വ്യാജ പ്രചരണങ്ങള്‍ കൊണ്ട് സംഘപരിവാറിന് എളുപ്പത്തില്‍ ഒരു കലാപം നടത്താം എന്ന് കേരളത്തില്‍ ആദ്യം കാണിച്ചു തന്നതായിരുന്നു തലശ്ശേരി കലാപം. ഇന്ന് ശബരിമലയുമായി ബന്ധപ്പെടുത്തി അവര്‍ എന്തൊക്കെ പ്രചരണങ്ങളാണ് നടത്തുന്നത്. ഒട്ടും അത്ഭുതം തോന്നുന്നില്ല. അത് നടത്തി പരിചയമുള്ളവരും വിജയിച്ചവരുമാണ് അവര്‍. അന്ന് ചിലര്‍ ആര്‍.എസ്.എസുകാരുടെ വര്‍ഗീയ വികാരത്തിന് അടിമപ്പെട്ട് ഒപ്പം കൂടിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കലാപത്തിനെതിരായിരുന്നു”. കലാപ കാലത്ത് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റും മുന്‍ ചന്ദ്രിക എഡിറ്ററുമായിരുന്ന വി.കെ കുഞ്ഞിമൂസ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

                  വി.കെ കുഞ്ഞിമൂസ

ഏതാനും പ്രമാണിമാരായ ആര്‍.എസ്.എസുകാരുടെ ഗൂഢാലോചനയായിരുന്നു കലാപമെന്നാണ് കലാപത്തിന് ദൃക്‌സാക്ഷിയായ വാഴയില്‍ വാസു പറയുന്നത്. “എഴുപതുകള്‍ വരെ യാതൊരു വിധത്തിലുമുള്ള സാമുദായിക സംഘര്‍ഷങ്ങളും ഉണ്ടാവാതിരുന്ന പ്രദേശമായിരുന്നു ഇത്. വലിയ രീതിയിലുള്ള ഐക്യവും നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതില്‍ ഭിന്നിപ്പുകളുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള ഏതാനും പ്രമാണിമാരുടെ തന്ത്രത്തില്‍ നിന്നാണ് കലാപം ഉണ്ടായത്. അതില്‍ കുറെ ഹിന്ദുക്കള്‍ വീണുപോയി. കോണ്‍ഗ്രസുകാരും മാര്‍ക്സിസ്റ്റുകാരുമുണ്ടായിരുന്നു അതില്‍. നൂര്‍ജഹാന്‍ ഹോട്ടലിന്റെ സമീപത്ത് വെച്ച് ചെരുപ്പെറിഞ്ഞത് മുസ്ലീങ്ങളായിരുന്നില്ല. ധര്‍മ്മസ്വരന്‍ എന്ന ഹൈന്ദവ ബാലന്‍ ആയിരുന്നു ചെരുപ്പെറഞ്ഞത്. പിന്നീട് 1980 കളില്‍ അയാള്‍ സി.പി.ഐ.എം – ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്.” വാഴയില്‍ വാസു പറയുന്നു.

കലാപത്തിന് തൊട്ട് പിന്നാലെ അതിന് നേതൃത്വം കൊടുത്തവരൊക്കെ ലക്ഷപ്രഭുക്കളായി മാറിയിട്ടുണ്ട്. ആര്‍.എസ്.എസ് – ജനസംഘ് പ്രവര്‍ത്തകരായ രഘു, രവി, ഖണ്ഡീവന്‍ രവി, ശ്രീധരന്‍ തുടങ്ങിയ നിരവധി പേര്‍ സമ്പന്നരായി മാറിയത് കലാപത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : തലശ്ശേരി കലാപത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പള്ളികള്‍ തകര്‍ത്തെന്ന് അഫ്‌സല്‍ ഖാസിമി; അല്ലെന്ന് ദൃക്‌സാക്ഷികളും തെളിവുകളും

വ്യാജപ്രചരണങ്ങളില്‍ കുറേ ഹിന്ദുക്കള്‍ വീണുപോയിട്ടുണ്ട് എന്നാണ് കലാപത്തിന്റെ ദൃക്‌സാക്ഷികളിലൊരാളായ പ്രഫസര്‍ എ.പി സുബൈര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്. “വര്‍ഗീയതയ്ക്കപ്പുറം കൊള്ളയായിരുന്നു അവരുടെ പ്രധാന അജണ്ട എന്ന് തോന്നിപ്പോകും. ക്ലോക്ക് വരെ കൊണ്ട് പോയിട്ടുണ്ട്. ഏറ്റവും ദരിദ്രരായ മുസ്‌ലിം കുടുംബത്തില്‍ പോലും ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങള്‍ കൊള്ളചെയ്യപ്പെട്ടിട്ടുണ്ട്. കല്യാണത്തിനായി സൂക്ഷിച്ചുവെച്ച ചില്ലറ സ്വര്‍ണങ്ങളടക്കം പല സമ്പാദ്യങ്ങളും ഇങ്ങനെ നിരവധി വീടുകളില്‍ നിന്നായി അവര്‍ കൊണ്ടുപോയിട്ടുണ്ട്. വലിയ കലാപം തന്നെയായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നത്. പൂര്‍ണ്ണമായും ഒരു ധ്രൂവീകരണം അപ്പോഴും അവര്‍ക്ക് സാധിച്ചിട്ടില്ല. പലയിടങ്ങളിലും കലാപാന്തരീക്ഷത്തിന് വിപരീതമായി ആളുകള്‍ പരസ്പരം സഹായിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ശക്തികേന്ദ്രമായ മട്ടാമ്പ്രം പോലുള്ള പ്രദേശത്ത് പോലും മുസ്‌ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ പരസ്പ്പരം സഹായിച്ചിട്ടുണ്ട്” അദ്ദേഹം പറയുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ മുസ്‌ലീങ്ങള്‍ അനുഭവിച്ച പ്രയാസങ്ങളെയും വേദനകളെയും, കലാപത്തിന് ഇരയായ വലിയൊരു കൂട്ടം മുസ്‌ലീങ്ങള്‍ക്ക് അഭയം നല്‍കിയ മാളിയേക്കല്‍ തറവാട്ടിലെ 93 വയസ്സുള്ള മറിയുമ്മ ഇന്നും ഓര്‍ക്കുന്നുണ്ട്. “വീട് നഷ്ടപ്പെട്ട കുറേ കുടുംബങ്ങള്‍ അന്ന് താമസിച്ചത് ഇവിടെയായിരുന്നു. അന്ന് ഇവിടെത്തെ ആണ്‍കുട്ട്യോളും പരിസരത്തുള്ളോരും വീടിന് കാവലിരുന്നു. ഉമ്മയാണ് ചോറുണ്ടാക്കിക്കൊടുത്തത്. ഇവിടുത്തെ മുറ്റത്ത് സമാധാനയോഗങ്ങളൊക്കെ നടന്നിരുന്നു. ഇം.എം.എസ് ഒക്കെ അതില്‍ പങ്കെടുക്കാന്‍ വേണ്ടി ഇവിടെ വന്നിരുന്നു.”

“ടൗണിലൂടെ ഒരു സമാധാന സന്ദേശ യാത്ര പോയിരുന്നു അന്ന്. വാനില്‍ ഇരുന്നോണ്ട് ആളുകള്‍ പാട്ടുകളൊക്കെ പാടിയാണ് യാത്ര പോയത്. ഓ.വി അബ്ദുല്ലയുടെ വരികളായിരുന്നു അത്. “മനുഷ്യരീ മതത്തിന്റെ മറവില്‍ കല്ലെറിയല്ലേ..”വര്‍ഗീയത്താല്‍ സോദരെ നിങ്ങള്‍ നാടുമുടിക്കല്ലേ” ഇങ്ങനെയായിരുന്നു ആ വരികള്‍. ഇടതു പാര്‍ട്ടിയാണ് യാത്രയ്ക്കുള്ള മുഴുവന്‍ സജ്ജീകരണവും ഒരുക്കിയത്. അന്ന് എനിക്ക് പതിനാല് വയസ്സായിരുന്നു.” തറവാട്ടിലെ മറ്റൊരഗമായ ആമിന ഓര്‍ത്തെടുത്തു.

                 മാളിയേക്കല്‍ കുടുംബം

“വീട് ആക്രമിച്ചതിന്റെ പ്രതികരാമായി ഒരു രാത്രി ഇവിടത്തെ സദാനന്തപൈയുടെ പെട്രോള്‍ പമ്പ് കത്തിക്കാന്‍ മുസ്‌ലീങ്ങള്‍ ഒരുങ്ങിയതായിരുന്നു. ഹമീദ് പി.വി എന്ന ബിപ്പു കുട്ടുവാണ് അവരെ തടഞ്ഞു നിര്‍ത്തിയത്.” ആമിന കൂട്ടിച്ചേര്‍ത്തു.

എനിക്കന്ന് 26 വയസ്സുണ്ട്, നോക്കണേ എന്തിനും പോന്ന പ്രായാണ്. പക്ഷെ എങ്കില്‍ എനിക്കന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. പേടിയായിരുന്നു. പുറത്ത് ഇടയ്ക്കിടയ്ക്ക് ബഹളം കേള്‍ക്കും. എവിടന്നൊക്കെ ആളുകള്‍ വരുന്നുണ്ടെന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നു. പള്ളി ആക്രമിച്ചെന്നും മുസ്‌ലിം വീടുകള്‍ കൊള്ളയടിക്കുന്നെന്നും ആക്രമിക്കുന്നെന്നും. പെണ്ണുങ്ങളും കുട്ടികളും പേടിച്ച് വിറച്ചു പോയിരുന്നു. ഉമ്മുന്‍ചിറ പള്ളിക്ക് സമീപം പലചരക്ക് കടനടത്തുന്ന അബൂട്ടി ഓര്‍ത്തെടുത്തു.

                  തലശ്ശേരി മെരുവമ്പായി ജുമാ മസ്ജിദ്

തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് 569 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതില്‍ 334 എണ്ണം തലശ്ശേരി പൊലീസ് സ്റ്റേഷനിലും 47 എണ്ണം ചൊക്കി പൊലീസ് സ്റ്റേഷനിലും 51 സംഭവങ്ങള്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലും 62 സംഭവങ്ങള്‍ പാനൂര്‍ പൊലീസ് സ്റ്റേഷനിലും 12 സംഭവങ്ങള്‍ എടക്കാട് പൊലീസ് സ്റ്റേഷനില്‍ പരിധിയിലും 59 അക്രമങ്ങള്‍ ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലും മൂന്നെണ്ണം മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് നടന്നത്.

ഇതില്‍ 89 സംഭവങ്ങളില്‍ അക്രമത്തിന് ഇരയായത് ഹിന്ദുക്കളും 430 സംഭവങ്ങളില്‍ ഇരകള്‍ മുസ്‌ലീങ്ങളുമാണെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള 72 കടകളും നാല് വീടുകളും മൂന്ന് ആരാധനാലയങ്ങളും ചെറിയ രീതിയില്‍ കേടുസംഭവിച്ചെന്നും കണ്ടെത്തുന്ന കമ്മീഷന്‍ 247 മുസ്‌ലിം വീടുകളും 147 ഷോപ്പുകളും 63 പള്ളികളും കലാപത്തില്‍ കേടുവരുത്തിയിട്ടുണ്ടെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more