തലശ്ശേരി കലാപത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ പള്ളി തകര്‍ത്തെന്ന് ആരോപണം; വസ്തുതയെന്ത്
Focus on Politics
തലശ്ശേരി കലാപത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ പള്ളി തകര്‍ത്തെന്ന് ആരോപണം; വസ്തുതയെന്ത്
അലി ഹൈദര്‍
Thursday, 15th November 2018, 6:05 pm

1971 ഡിസംബര്‍ 28 മുതല്‍ 1972 ജനുവരി 2 വരെ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി അരങ്ങേറിയ വര്‍ഗീയ കലാപത്തില്‍ 15ഓളം പള്ളികള്‍ തകര്‍ത്തതിനു പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന പോപ്പുലര്‍ ഫ്രണ്ട് അനുഭാവമുള്ള സംഘടനയായ ഇമാം കൗണ്‍സില്‍ പ്രസിഡന്റ് അഫ്സല്‍ ഖാസിമിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് ദൃക്‌സാക്ഷികളും രേഖകളും. തലശ്ശേരി കലാപത്തിന്റെ ദൃക്‌സാക്ഷികളായ, ഇന്നും ജീവിച്ചിരിക്കുന്ന രാഷ്ട്രീയ സാമൂഹിക, സാമുദായിക രംഗത്തെയാളുകളുമായി സംസാരിച്ചതില്‍ നിന്നും കലാപത്തെക്കുറിച്ച് അന്വേഷിച്ച വിതായത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത് ഖാസിമിയുടെ പ്രസ്താവന തീര്‍ത്തും അടിസ്ഥാന രഹിതമായ ഒന്നാണെന്നാണ്.

“മുപ്പത്തിമൂന്ന് പള്ളികള്‍ തലശ്ശേരി കലാപത്തില്‍ തകര്‍ക്കപ്പെട്ടു, ഇപ്പോഴും മാര്‍ക്ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പറയുന്നത് പള്ളിതകര്‍ത്തത് സംഘപരിവാറും ആര്‍.എസ്.എസും എന്നാണ്. എന്നാല്‍ നാം അറിയണം 33 പള്ളികള്‍ അന്ന് തകര്‍ക്കപ്പെട്ടപ്പോള്‍ അതില്‍ 15 പള്ളികള്‍ നിലനിന്നിരുന്ന സ്ഥലത്ത് അന്ന് പേരിന് പോലും ഒരു ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ല. പിന്നെ ഏത് ആര്‍.എസ്.എസുകാരനാണ് ഈ പള്ളികള്‍ തകര്‍ത്തത്. അതൊക്കെ മാര്‍ക്ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു.” എന്നാണ് മാര്‍ക്‌സിസം വര്‍ഗീയത ഇസ്‌ലാം എന്ന വിഷയത്തില്‍ ഓള്‍ ഇന്ത്യ ഇമാംമ്‌സ് കൗണ്‍സില്‍ തിരൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഖാസിമി പറഞ്ഞത്.

തലശ്ശേരി കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ നിയോഗിച്ച വിതായത്തില്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു പള്ളികളും തകര്‍ക്കപ്പെട്ടതായി പറയുന്നില്ല. കലാപത്തിനിടെ 64 പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിതായത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ് അന്നത്തെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക സബ് എഡിറ്ററുമായിരുന്ന വി.കെ കുഞ്ഞിമൂസയുടെ വാക്കുകളും. “അന്ന് കുറെ പള്ളി തകര്‍ത്തെന്നും അത് കമ്മ്യൂണിസ്റ്റുകാരാണെന്നും പറഞ്ഞ് ഇപ്പോള്‍ എത്തിയിട്ടുണ്ട്. സമുദായത്തിനകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ വേണ്ടി തോന്നിവാസം പറയുകയാണ്. ധര്‍മ്മടത്തെ മീത്തല്‍ പള്ളിയോ പാറപ്പുറം പള്ളിയോ മൊയ്തു പാലത്തെ പള്ളിയൊ ഒന്നും ആക്രമിക്കപ്പെട്ടിട്ടില്ല. കുറച്ച് പള്ളിക്ക് കേടുപാടുകള്‍ പറ്റിയെന്നല്ലാതെ ഇപ്പറയും പോലെ 33 പള്ളിയൊക്കെ തകര്‍ക്കപ്പെട്ടിരുന്നെങ്കില്‍ കലാപം അവിടെ നില്‍ക്കുമായിരുന്നോ, അന്ന് കലാപത്തിനെതിരെ നിന്ന കമ്യൂണിസ്റ്റുകാരെ പള്ളി തകര്‍ത്തവരാക്കുന്നതിനോട് യോജിപ്പില്ല. ഞങ്ങളൊക്കെ അന്ന് ഒരുമിച്ച് നിന്ന് കൊണ്ടായിരുന്നു സമാധാനം കൊണ്ട് വരാന്‍ ശ്രമിച്ചത്. ” എന്നാണ് അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

കലാപത്തിന് ദൃക്‌സാക്ഷിയായ ഇംഗ്ലീഷ് പ്രഫസര്‍ എ.പി സുബൈറിനും ഇതു തന്നെയാണ് പറയാനുള്ളത്. “ഒരു പള്ളിയും തകര്‍ക്കപ്പെട്ടിട്ടില്ല, ആക്രമിക്കുകയാണുണ്ടായത്. വിതായത്തുല്‍ കമ്മീഷന്‍ പൂര്‍ണ്ണമായും വായിക്കാതെ ചിലത് മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. അത് ശരിയാണെന്ന് തോന്നുന്നില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് 65 ഓളം പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു എന്നാണ്. അതില്‍ ഭൂരിപക്ഷവും സ്രാമ്പി പള്ളികളായിരുന്നു. ഉമ്മന്‍ചിറ പള്ളിയൊഴികെ മറ്റെല്ലാ പള്ളിക്കു നേരെയും കല്ലെറിയുക മാത്രമാണുണ്ടായത്. ചെറിയ രൂപത്തിലാണ് കേടുപാട് സംഭവിച്ചത്. അന്ന് സംഭവിച്ച കാര്യം നേരിട്ട് കണ്ടയാളാണ് ഞാന്‍. ഇപ്പോള്‍ ചിലര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നു എന്നറിയില്ല.”

“വേണമെങ്കില്‍ മാര്‍ക്‌സിസ്റ്റുകാരില്‍ ചിലര്‍ക്ക് വര്‍ഗീയതയുണ്ടെന്ന് ഇന്ന് ആരോപിക്കാം. പക്ഷെ അന്ന് മാര്‍ക്‌സിസ്റ്റുകാര്‍ അതായത് സി.പി.ഐ.എം മുസ്‌ലിംകള്‍ക്കൊപ്പമായിരുന്നു കലാപകാരികളെ തള്ളിപ്പറഞ്ഞവരായിരുന്നു. മുസ്‌ലിം ലീഗ് നേതാവ് ബാഫഖി തങ്ങള്‍ പോലും അന്ന് ആരോപിക്കാത്ത കാര്യം ഇന്ന് ഇവര്‍ ആരോപിക്കുന്നുണ്ടെങ്കില്‍ അതില്‍ ദുരൂഹതയുണ്ട്” സുബൈര്‍ പറയുന്നു.

“അന്ന് പള്ളിയൊന്നുമങ്ങനെ തകര്‍ക്കപ്പെട്ടിട്ടില്ലപ്പാ, കൊള്ളയായിരുന്നു അവരുടെ ലക്ഷ്യം” എന്നാണ് കലാപകാലത്ത് ആക്രമിക്കപ്പെട്ട മുസ്‌ലിം കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയ തലശേരിയിലെ മാളിയേക്കല്‍ തറവാട്ടിലെ 93 കാരിയായ മറിയുമ്മ പറയുന്നത്.

പള്ളികള്‍ തകര്‍ക്കപ്പെട്ട പ്രദേശങ്ങള്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്നെന്നും അവിടെ ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ് ആക്രമണത്തിന്റെ ഉത്തരവാദിത്തം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കുമേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്ന ഖാസിമിയുടെ വാദത്തേയും ദൃക്‌സാക്ഷികള്‍ തിരുത്തുന്നുണ്ട്. തലശേരി കലാപത്തില്‍ ഏറ്റവും കൂടുതലായി ആക്രമിക്കപ്പെട്ടത് ഉമ്മന്‍ചിറ പള്ളിയാണ്. ആസിഡ് ബോംബെറിഞ്ഞ് പള്ളി ആക്രമിക്കുകയാണുണ്ടായത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പുറത്തുവന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നാണ് ഉമ്മന്‍ചിറ പള്ളിക്ക് സമീപമുള്ള 73കാരനായ അബൂട്ടി ഹാജി പറയുന്നത്. ഇപ്പോള്‍ പള്ളിക്കു സമീപം പലചരക്കു കട നടത്തുകയാണ് അബൂട്ടി ഹാജി.

“ളുഹറ് (ഉച്ച) സമയത്തായിരുന്നു ഉമ്മന്‍ചിറ പള്ളിയിലേക്ക് ആസിഡ് ബോംബ് എറിഞ്ഞത്. മൊത്തം കലാപത്തില്‍ പള്ളിക്കു നേരെയുണ്ടായ ആക്രമത്തില്‍ ഒരു പക്ഷേ ഏറ്റവും വലുത് ഇതായിരിക്കും. പുറത്തു നിന്നാണ് അക്രമിക്കാന്‍ ആളുകളെത്തിയത്. പരിസരത്ത് 50 ഓളം മുസ്ലിം വീടുകളുണ്ടായിരുന്നു. എനിക്ക് 22 വയസായിരുന്നു. വീട്ടീന്ന് പുറത്ത് ഇറങ്ങാന്‍ പറ്റാതെ പേടിച്ച് വാതിലും പൂട്ടി അകത്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ഹിന്ദുക്കള്‍ വളരെ കുറവായിരുന്നു. ഞങ്ങളെ വീടിന് ഒന്നും സംഭവിച്ചില്ലെങ്കിലും പരിസരത്തെ ഏകദേശം വീടികള്‍ക്ക് നേരെയും കല്ലേറുണ്ടായിട്ടുണ്ട്. കലാപത്തിന്റെ രണ്ടാം മാസം മുതല്‍ പള്ളിക്ക് സമീപം പലചരക്ക് കട നടത്തുന്നു.” അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

നിലവിലെ ഉമ്മുന്‍ ചിറ പള്ളി

പിണറായിക്കു സമീപമുള്ള മമ്പറം പള്ളിക്ക് കലാപത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് മമ്പറം പള്ളി മുന്‍ ട്രഷറര്‍ അഹമ്മദ് ഹാജി കെ. ഡൂള്‍ന്യൂസിനോടു പറഞ്ഞത്. “ഇപ്പള്ളിക്കൊന്നും കാര്യായിട്ട് പറ്റീല്ല. അന്ന് ഓടുമേഞ്ഞ സ്രാമ്പി പള്ളിയായിരുന്നു അത്. ഒരു കല്ലെറിഞ്ഞാല്‍ നാല് ഓട് വീഴാന്‍ പാകത്തിലുള്ളത്. പള്ളി തകര്‍ക്കപ്പെടുന്നത്ര കലുഷിതമായിരുന്നില്ല ഈ പ്രദേശം. കലാപസമയത്ത് വികാരതള്ളിച്ചയില്‍ ആളുകള്‍ക്കിടയില്‍ ഒരു വിഭജനം ഉണ്ടായിരുന്നു. എന്നല്ലാതെ കലാപത്തിനു മുമ്പും പിമ്പും ഇവിടുത്തുകാര്‍ നല്ല സൗഹൃദത്തിലാണ് കഴിയുന്നത്. ”

ഇത്തരം പ്രചരണങ്ങളെല്ലാം എന്‍.ഡി.എഫിന്റെ ജല്‍പനകള്‍ മാത്രമാണെന്നാണ് പ്രദേശത്തെ സി.പി.ഐ.എം നേതൃത്വം പറയുന്നത്. “എന്‍.ഡി.എഫുകാരുടെ അത്തരം ജല്‍പ്പനങ്ങളെ ഞങ്ങള്‍ പുച്ഛിച്ചു തള്ളുന്നു. അന്നും ഇന്നും പാറപ്പുറത്തെ പള്ളിയുമായി നല്ല രീതിയിലാണ് പാര്‍ട്ടി പോകുന്നത്. ഖാസിമി പറഞ്ഞതു പ്രകാരമെങ്ങാനും അവിടെ പള്ളി തകര്‍ത്തിരുന്നെങ്കില്‍ ഇന്നും ഇവിടെ പാര്‍ട്ടിക്ക് ഇത്ര വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുമായിരുന്നോ? അന്ന് കലാപകാരികളെ ശക്തമായി എതിര്‍ത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം കൊടുത്ത പാര്‍ട്ടിയാണിതെന്ന് ഇവിടുത്തെ മുസ്‌ലീങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. അതിന് പ്രത്യേകിച്ച് ഒരു പത്രക്കുറിപ്പിറക്കേണ്ട ആവശ്യമില്ല.” സി.പി.ഐ.എം പിണറായി ഏരിയാ സെക്രട്ടറി കെ. ശശിധരന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

പല പള്ളികളുടെയും നിലത്തെ തറയോടുകളും പൊട്ടുകയും സമീപത്തുള്ള മദ്രസകള്‍ക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിതായത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂര്‍ണമായി ഒരു പള്ളിയും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. കൂടാതെ തലശേരി കലാപവുമായി ബന്ധപ്പെട്ട് 569 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അന്ന് വിതായത്തില്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയവരില്‍ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക പ്രതിനിധികളായി ആരും ഉണ്ടായിരുന്നില്ലെന്ന് കമ്മീഷന്‍ തന്നെ റിപ്പോര്‍ട്ടില്‍ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആര്‍.എസ്.എസ്- ജനസംഘ് അജണ്ടയില്‍ പിറന്ന കലാപമെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ അന്നത്തെ നിലപാട്. വിതായത്തില്‍ കമ്മീഷന് മുമ്പില്‍ ഹാജരാകേണ്ടതില്ല എന്ന തീരുമാനമായിരുന്നു അന്ന് പാര്‍ട്ടി സ്വീകരിച്ചത്. പാര്‍ട്ടി അനുഭാവികളായി ചിലര്‍ കമ്മീഷന് മൊഴി നല്‍കുക മാത്രമാണ് ചെയ്തത്.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍