| Tuesday, 22nd February 2022, 8:25 am

തലശേരി കൊലപാതകം: ബി.ജെ.പി കൗണ്‍സിലറടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തലശേരിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഗൂഢാലോചന കുറ്റം ചുമത്തിയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയത് ലിജേഷ് ആണെന്ന് പൊലീസ് പറഞ്ഞു.

എട്ടാം തീയതി ക്ഷേത്രത്തില്‍ നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയില്‍ ആയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ സൂചിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇരുപതില്‍ അധികം തവണ ഹരിദാസന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരേ വെട്ടില്‍ തന്നെ വീണ്ടും വെട്ടിയിട്ടുണ്ട്. ഇടതുകാല്‍ മുട്ടിന് താഴെ വെട്ടിമാറ്റിയിരുന്നു. വലതുകാല്‍ മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകള്‍ അധികവുമുള്ളത്.

ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞിരുന്നു. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്നുമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

ഹരിദാസിന്റെ ഒരു കാല്‍ അവര്‍ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്‌തൊരു കൊലപാതകമാണ് ഇത്. രണ്ട് പേരെ വകവരുത്തുമെന്ന് അവിടെ ഒരു ബി.ജെ.പി നേതാവ് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി നടന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചയാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസന്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.

ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിനടുത്ത് വെച്ചാണ് വെട്ടേറ്റത്.

ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്.


Content Highlights: Thalassery murder: Four people, including a BJP councilor, have been arrested

We use cookies to give you the best possible experience. Learn more