കണ്ണൂർ: തെറ്റായ വാർത്ത നൽകിയതിന് പിന്നാലെ മനോരമയ്‌ക്ക് സമൻസയച്ച് തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. സി.പി.ഐ.എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി എം. സുകുമാരൻ നൽകിയ മാനനഷ്ടക്കേസിലാണ് മനോരമക്കെതിരെ നടപടി. മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു എന്നിവർക്കെതിരെ തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചു. ജൂലൈ 11ന് കോടതിയിൽ ഹാജരാകാനാണ് നിർദേശം.
2021ൽ സി.പി.ഐ.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയംഗമായിരുന്ന എം. സുകുമാരനെപ്പറ്റി അവാസ്തവപരമായ വാർത്ത നൽകിയതിനായിരുന്നു മനോരമക്കെതിരെ കേസ്. 2021 ജൂലൈ 14ന് മനോരമയുടെ കണ്ണൂർ എഡിഷൻ്റെ പ്രാദേശിക പേജിൽ പ്രസിദ്ധീകരിച്ച വാർത്ത എം. സുകുമാരനെ അപകീർത്തിപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി. സി.പി.ഐ.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറിയെ മാറ്റി എന്ന തലക്കെട്ടോടെ നൽകിയ വാർത്തയാണ് മാനനഷ്ടക്കേസിന് ആധാരം.
സുകുമാരനെ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയെന്ന് വാർത്തയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്ത വസ്തുതാവിരുദ്ധമെന്ന് പ്രതികരിച്ച എം. സുകുമാരൻ വാർത്തക്കെതിരെ തലശേരിയിലെ അഭിഭാഷകൻ ഒ.ജി പ്രേമരാജൻ മുഖേന മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. പരാതിക്കാരന്റെ ഭാഗം പരിഗണിച്ച കോടതി പ്രഥമദൃഷ്ട്യാ കേസുള്ളതായി കണ്ടെത്തി.
കഴിഞ്ഞ ദിവസം വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ ആധികാരികമെന്ന മട്ടിൽ മനോരമ അവതരിപ്പിച്ചെന്നാരോപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ് മനോരമക്കെതിരെ ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചിരുന്നു.
‘മുപ്പോ, മികവോ?’ എന്ന തലക്കെട്ടിൽ മനോരമ ബുധനാഴ്‌ച പ്രസിദ്ധീകരിച്ച വാർത്തയിൽ സ്വരാജ് 2018ലാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായതെന്ന് മനോരമ പറയുന്നു.
സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തെപ്പറ്റി ചാനൽ മനോരമയും മനോരമ പത്രവും പരസ്പര വിരുദ്ധമായ കള്ളം പറഞ്ഞതിനെപ്പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നെന്നും മനോരമ ഇതിന് പകരം വീട്ടിയതാണെന്നും സ്വരാജ് പറഞ്ഞു. സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശങ്ങൾ ഉണ്ടെന്ന് കാട്ടിയായിരുന്നു മനോരമയുടെ വ്യാജവാർത്താ പ്രചരണം എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Thalassery Judicial First Class Magistrate Court summons Manorama for spreading false news