കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന്റെ പേരില്‍ ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ തലശ്ശേരി പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി.
റദ്ദാക്കാതിരിക്കാനുളള കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കണമെന്ന് മുഹമ്മദ് ശിഹ്ഷാദിന് നോട്ടീസ് നല്‍കി. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ എ.സി. ഷീബയാണ് പ്രതിക്കെതിരായ നടപടിക്ക് നിര്‍ദേശം നല്‍കിയത്.
കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ ശിഹ്ഷാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിക്കെതിരെ മുഹമ്മദ് ശിഹ്ഷാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം, ക്രൂരമായി മര്‍ദ്ദനമേറ്റ ആറ് വയസുകാരനായ ബാലന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് സ്‌കാനിങ് പരിശോധന നടത്തിയത്.
ഇടത് ഭാഗത്തെ വാരിയെല്ലിന് ചതവുണ്ടെന്നാണ് എക്‌സ് റേ പരിശോധനയില്‍ കണ്ടെത്തി. ഇളകാതിരിക്കാന്‍ കയ്യില്‍ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തന്റെ കാറില്‍ ചാരിയെന്ന കാരണത്താല്‍ രാജസ്ഥാന്‍ സ്വദേശികളുടെ ആറ് വയസുകാരനായ കുട്ടിയെയാണ് പൊന്ന്യംപാലം സ്വദേശിയായ ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചത്.
കുട്ടിയെ ചവിട്ടിയത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിച്ചുവെന്ന ന്യായമാണ് ഉന്നയിച്ചത്. പിന്നാലെ നാട്ടുകാര്‍ തന്നെ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.