കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കും; ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
Kerala News
കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കും; ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th July 2021, 12:42 pm

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി. സി.ബി.ഐ. പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കോടതിയെ സമീപിച്ചിരുന്നത്.

ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന കുപ്പി സുബീഷ് ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. താനടക്കം നാല് പേരടങ്ങുന്ന ആര്‍.എസ്.എസ്. സംഘമാണ് ഫസലിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സുബീഷ് പറഞ്ഞത്.

സി.പി.ഐ.എം. നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട കേസാണ് ഫസല്‍ വധക്കേസ്. 2006 ഒക്ടോബറിലാണ് സി.പി.ഐ.എം. വിട്ട് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന ഫസല്‍ കൊല്ലപ്പെടുന്നത്. വര്‍ഷങ്ങളായി സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു ഫസല്‍ വധം.

കേസില്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെ 2012ല്‍ സി.പി.ഐ.എം തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാടി ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്.

എട്ട് പ്രതികളെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. എന്നാല്‍ സി.പി.ഐ.എമ്മിന് കേസില്‍ ബന്ധമില്ലെന്നും താനടക്കം നാല് ആര്‍.എസ്. പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ഇപ്പോള്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: High Court orders further probe into  Thalassery  Fasal murder case